മസാല ബോണ്ട് കേസ്; വെള്ളിയാഴ്ച വരെ നടപടി പാടില്ല; തോമസ് ഐസക്കിന് താത്കാലിക ആശ്വാസം
മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം. വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടിആര്‍ രവി നിര്‍ദേശിച്ചു. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി. ഈ മാസം രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എട്ടാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരുന്നത്.
ഇ.ഡി സമന്‍സ് ചോദ്യം ചെയ്ത് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സമന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇഡി നിലപാട്.
Story Highlights : KIIFB Masala bond case relief for Thomas Isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here