Advertisement

ടിടിഇ വിനോദ് സിനിമയിലും സജീവം; എപ്പോഴും സൗമ്യമായ പെരുമാറ്റം; വേര്‍പാടില്‍ ഞെട്ടി സഹപ്രവര്‍ത്തകരും

April 2, 2024
Google News 2 minutes Read
TTE Vinod also an actor in malayalam cinema

തൃശൂരില്‍ അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ വിനോദിനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കെല്ലാം നല്ല അഭിപ്രായമായിരുന്നു. പൊതുവെ ട്രെയിനുകളില്‍ പലരും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സംഭവങ്ങളുണ്ട്. ഈ സമയത്തെല്ലാം ടിടിഇമാര്‍ പലപ്പോഴും വഴക്ക് പറയുകയും മറ്റും ചെയ്യാറുമുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും മറ്റുള്ളവരോട് കയര്‍ത്ത് സംസാരിക്കുകയോ ട്രെയിനില്‍ നിന്നിറക്കിവിടുകയോ വിനോദ് ചെയ്തിട്ടില്ല. ഈ അടുത്താണ് വിനോദ് എറണാകുളം മഞ്ഞുമ്മലില്‍ പുതിയ വീട് പണിതത്. അതിന്റെ സന്തോഷവും സഹപ്രവര്‍ത്തകരോട് പങ്കുവച്ചിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവം.(TTE Vinod also an actor in malayalam cinema)

വിനോദ് റെയില്‍വേ ജോലിയില്‍ മാത്രമല്ല കലാരംഗത്തും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം പുലിമുരുകനിലും വിനോദ് വേഷമിട്ടു. നാന സിനിമ വാരികയില്‍ ഉള്‍പ്പെടെ വിനോദിനെ കുറിച്ച് കുറിപ്പുകള്‍ വന്നിട്ടുണ്ട്. ചെറുപ്പംമുതലേ അഭിനയത്തില്‍ അതീവ തത്പരനായിരുന്നു വിനോദ്. നാടകമായിരുന്നു ഇഷ്ട ഇനം. പിന്നെ മിമിക്രി. രണ്ടിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. റെയില്‍വേയില്‍ ടിടിഇ ആയി ജോലി ആരംഭിച്ചപ്പോഴും സിനിമാ മോഹം ഉള്ളില്‍ക്കൊണ്ടുനടക്കുകയായിരുന്നു വിനോദ്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച സംവിധായകന്‍ ആഷിഖ് അബു വഴിയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഗ്യാങ്സ്റ്റര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി വേഷമിട്ടു. പിന്നെ തുടരെ ചിത്രങ്ങള്‍. വില്ലാളിവീരന്‍, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍യു, അച്ഛാ ദിന്‍, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, ലൗ 24*7, പുലിമുരുകന്‍, രാജമ്മ@യാഹു, വിക്രമാദിത്യന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍. ഒപ്പം സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഡിവൈഎസ്പിയായിട്ടാണ്. ധന്യ ആണ് ഭാര്യ.

ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് ദാരുണമായ സംഭവം. ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സംഭവത്തില്‍ നിര്‍ണായക സാക്ഷിയായ റെയില്‍വേ കച്ചവടക്കാരന്റെ മൊഴി രേഖപ്പെടുത്തുകയാണെന്നും റെയില്‍വേ എസ്പി ട്വന്റിഫോറിനോട് പറഞ്ഞു. ഇയാള്‍ കൊലപാതകം കണ്ടെന്നാണ് വിവരം. പ്രതി രജനീകാന്ത് (42)ഒഡിഷ ഖഞ്ജം സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തൃശൂര്‍ മാള സ്വദേശിയാണ് കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്. മാല സ്വദേശിയായ വിനോദ് മൂന്നാഴ്ച മുന്‍പ് പണിത എറണാകുളം മഞ്ഞുമ്മലിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

എസ് 11 കമ്പാര്‍ട്ട്‌മെന്റിലാണ് പ്രതി യാത്ര ചെയ്തത്. ടിക്കറ്റ് എടുക്കാതെ കയറിയ പ്രതിയോട് ടിക്കറ്റ് എടുക്കണമെന്നും അല്ലെങ്കില്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറണമെന്നും ടിടിഇ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന രജനീകാന്ത് വാതിലിനരികില്‍ നിന്നിരുന്ന വിനോദിനെ തള്ളിയിട്ടു. ഈ സമയം മറ്റൊരു വനിതാ ടിടിഇ കൂടെയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ ഒന്നും ചെയ്യാനായില്ല. രണ്ട് വനിതാ ടിടിഇമാര്‍ ഉള്‍പ്പെടെ ട്രെയിനില്‍ ആകെ ആറ് ടിടിഇമാരുണ്ടായിരുന്നു.

Read Also: റെയിൽവേ ട്രാക്കിൽ വീണ വിനോദിന്റെ ദേഹത്തുകൂടി മറ്റൊരു ട്രെയിൻ കയറിയെന്ന് സംശയം; അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച് റെയിൽവേ ഉദ്യോ​ഗസ്ഥരും

റെയില്‍വേ ട്രാക്കില്‍ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിന്‍ കയറിയെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ട്രാക്കിലേക്ക് വീണ വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ പലയിടങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. കാല്‍ അടക്കം വേര്‍പെട്ടുപോയിരുന്നു. തൃശൂരില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. പാലക്കാട് നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ആര്‍പിഎഫിന് കൈമാറി.

Story Highlights : TTE Vinod also an actor in malayalam cinema

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here