CAA; പാകിസ്താനി ഹിന്ദുക്കള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആര്‍എസ്എസ് പോഷക സംഘടന

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് രാജസ്ഥാനിലെ ആര്‍എസ്എസ് പോഷക സംഘടന. സീമാജന്‍ കല്യാണ്‍ സമിതിയുടെ ജോധ്പൂര്‍ യൂണിറ്റാണ് പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദു കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ പോഷക സംഘടനയാണ് സീമാജന്‍ കല്യാണ്‍ സമിതി. പൗരത്വത്തിനായി അപേക്ഷിക്കാന്‍ പാകിസ്താനില്‍ നിന്നുമുള്ള ഹിന്ദു വിഭാഗത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഈ സംഘടനയാണ്. പാകിസ്താന്‍ ബോര്‍ഡറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടന, ഇതിനോടകം ജയ്‌സാല്‍മീര്‍, ബാര്‍മെര്‍, ജോധ്പൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള 330 പേര്‍ക്ക് ആഭ്യന്തര മന്ത്രാലയം നല്‍കിയ വെബ്‌സൈറ്റിലൂടെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സഹായം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.(RSS feeder organization distributing merit certificates to Pakistani Hindus)
രജിസ്റ്റര്‍ ചെയ്ത സംഘടനയായതിനാല്‍ സമിതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അര്‍ഹതയുണ്ടെന്നും സമിതിയിലെ ഉദ്യോഗസ്ഥനായ ത്രിഭുവന്‍ സിംഗ് ആണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടുന്നതെന്നും അഭിഭാഷകനും സംഘാംഗവുമായ വിക്രം സിംഗ് രാജ്പുരോഹിത് എഎന്‍ഐയോട് പറഞ്ഞു. പൗരത്വം തേടുന്നവര്‍ ഏത് മതത്തില്‍പ്പെട്ടയാളാണെന്ന് തെളിയിക്കാന്‍ പ്രാദേശിക മതപുരോഹിതനും സര്‍ട്ടിഫിക്കറ്റ് നല്‍കാം. ജയ്‌സാല്‍മീറില്‍ പൗരത്വ അപേക്ഷയ്ക്കായി സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്ന വിവരം സമിതിയുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാമ്പ് നടത്തുന്ന മുറിയില്‍ ആര്‍എസ്എസ് മുന്‍ ചീഫ് കെ ബി ഹെഗ്‌ഡേവാറിന്റെയും ഗോള്‍വാക്കറിന്റെയും ചിത്രങ്ങളുമുണ്ട്.
‘2010ന് മുന്‍പ് ഇന്ത്യയില്‍ വന്ന, പൗരത്വമില്ലാത്ത നൂറുകണക്കിന് പേര്‍ രാജ്യത്തുണ്ട്. 1998ല്‍ ഇവിടെ വന്ന ഒരു സ്ത്രീയെ എനിക്കറിയാം, അവര്‍ക്കിപ്പോഴും പൗരത്വം ലഭിച്ചിട്ടില്ല. ജോധ്പൂരില്‍ മാത്രം 5000ത്തിനും 6000നും ഇടയില്‍ പൗരത്വം കിട്ടാത്ത ആളുകളുണ്ട്. ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ബികാനെര്‍, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പാകിസ്താനില്‍ നിന്നുള്ള നാനൂറോളം ഹിന്ദു അഭയാര്‍ത്ഥികളുണ്ട്. പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ ഇന്ത്യയിലെത്തിയത് തീര്‍ത്ഥാടന വിസയിലോ ടൂറിസ്റ്റ് വിസയിലോ ആണ്. 1955ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് സെക്ഷന്‍ 5,6 പ്രകാരം ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് സമിതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാദം.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് പൗരത്വം ലഭ്യമാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് നിയമഭേദഗതിയ്‌ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, സിഖ്, ബുദ്ധ, പാഴ്‌സി മുതലായ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ ഈ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുക.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴാണ് കേന്ദ്രം സിഎഎ കൊണ്ടുവന്നതെന്നും ശ്രദ്ധേയമാണ്. അതേസമയം നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
സിഎഎ പ്രകാരം പൗരത്വം നേടുന്നതിനുള്ള നടപടിക്രമം പൂര്‍ണമായും ഓണ്‍ലൈനിലാണ്. അതേസമയം നിശ്ചിത ദിവസം മാത്രം, അപേക്ഷകര്‍ ഡോക്യുമെന്റ് വെരിഫിക്കേഷനായി ഒരു കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും.
Story Highlights : RSS feeder organization distributing merit certificates to Pakistani Hindus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here