ബാറ്റെടുത്തവരെല്ലാം അടിയോടടി; ഡൽഹിക്കെതിരെ കൊൽക്കത്തയ്ക്ക് റെക്കോർഡ് സ്കോർ
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് റെക്കോർഡ് സ്കോർ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 272 റൺസ് നേടി. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോർ ആണിത്. ഇതേ ഐപിഎലിൽ തന്നെ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയ 277/3 ആണ് പട്ടികയിൽ ഒന്നാമത്. 39 പന്തിൽ 85 റൺസ് നേടിയ സുനിൽ നരേൻ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ഡൽഹിക്കായി ആൻറിച് നോർക്കിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. (kkr record score delhi)
ഖലീൽ അഹ്മദിൻ്റെയും ഇഷാന്ത് ശർമയുടെയും ആദ്യ ഓവറിൽ അല്പം വിഷമിച്ച ഓപ്പണർമാർ പിന്നീട് ബൗണ്ടറികൾ വർഷിക്കാൻ തുടങ്ങി. ഫിൽ സാൾട്ടിനെ നോക്കുകുത്തിയാക്കി സുനിൽ നരേൻ കത്തിക്കയറിയപ്പോൾ സ്കോർ കുതിച്ചുയർന്നു. പന്തെറിഞ്ഞവരെല്ലാം തല്ലുവാങ്ങിയപ്പോൾ ആദ്യ വിക്കറ്റിൽ 60 റൺസ് പിറന്നു. 12 പന്തിൽ 18 റൺസ് നേടിയ സാൾട്ടിനെ പുറത്താക്കി ആൻറിച് നോർക്കിയ ആണ് ഡൽഹിയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്.
Read Also: സൂര്യകുമാർ യാദവ് മാച്ച് ഫിറ്റ്; ഞായറാഴ്ച കളത്തിലിറങ്ങുമെന്ന് റിപ്പോർട്ട്
മൂന്നാം നമ്പറിലെത്തിയ അണ്ടർ 19 താരം അങ്ക്ക്രിഷ് രഘുവൻശിയും ആക്രമണ മോഡിലായിരുന്നു. ആദ്യ പവർപ്ലേയിൽ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലെത്തി. 21 പന്തിൽ നരേൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും ആക്രമണം തുടർന്ന നരേൻ ഒടുവിൽ മിച്ചൽ മാർഷിനു മുന്നിൽ വീണു. 39 പന്തിൽ ഏഴ് വീതം ബൗണ്ടറിയും സിക്സറും സഹിതം 85 റൺസ് നേടിയ ശേഷമാണ് നരേൻ മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രഘുവൻശിക്കൊപ്പം 104 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി.
നാലാം നമ്പറിലെത്തിയ ആന്ദ്രേ റസലും ആക്രമണം തുടർന്നു. ഇതിനിടെ തൻ്റെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ രഘുവൻശി ഫിഫ്റ്റിയടിച്ചു. 25 പന്തിലായിരുന്നു താരത്തിൻ്റെ അർദ്ധസെഞ്ചുറി. 27 പന്തിൽ 54 റൺസ് നേടിയ രഘുവൻശിയെയും 8 പന്തിൽ 26 റൺസ് നേടിയ റിങ്കു സിംഗിനെയും നോർക്കിയ വീഴ്ത്തിയതോടെ റൺ റേറ്റ് കുറഞ്ഞു. ശ്രേയാസ് അയ്യർ (11 പന്തിൽ 18) ഖലീൽ അഹ്മദിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന ഓവറിലെ ആദ്യ പന്തിൽ 19 പന്തിൽ 41 റൺസ് നേടിയ ആന്ദ്രേ റസലിനെ ഇശാന്ത് ശർമ പുറത്താക്കിയതോടെ റെക്കോർഡ് സ്കോർ എന്ന സ്വപ്നം കൊൽക്കത്ത ഉപേക്ഷിച്ചു.
Story Highlights: kkr record score vs delhi ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here