മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദിയില്ല?; റിപ്പോർട്ടുകൾ തള്ളി സംഘാടകർ
ഈ വർഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സംഘാടകർ. മിസ് യൂണിവേഴ്സിൽ പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളൊന്നും സൗദി അറേബ്യ നടത്തിയിട്ടില്ലെന്നും അത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും റിപ്പോർട്ടുകൾ നിഷേധിച്ച് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.(Miss universe denies reports claiming saudi arabia’s participation)
മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദിയെ പ്രതിനിധീകരിക്കുമെന്ന് സൗദി മോഡൽ റൂമി അൽഖഹ്താനി സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ വൈറലായത്. സൗദി പതാക പിടിച്ച് നിൽക്കുന്ന അൽഖഹ്താനിയുടെ പോസ്റ്റ് ലോകമെങ്ങും ഏറ്റെടുത്തിരുന്നു. ഇതോടെ കിരീടത്തിനായി മത്സരിക്കുന്ന ആദ്യ സൗദി വനിതയാകും റൂമി എന്നും റിപ്പോർട്ടുകൾ വന്നു.
മിസ് യൂണിവേഴ്സ് മത്സരത്തിനായി മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത് അതി കഠിനമായ പ്രക്രിയയാണെന്നും ഓരോ രാജ്യത്തിന്റെയും തെരഞ്ഞെടുപ്പ്, ചട്ടങ്ങൾക്കും മാനദണ്ഡങ്ങൾക്കും അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. ഈ വർഷം മെക്സിക്കോയിൽ നടക്കുന്ന മത്സരത്തിൽ നൂറിലധികം രാജ്യങ്ങൾ പങ്കെടുക്കും, എന്നാൽ സൗദി അറേബ്യ ഇതുവരെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഘാടകർ പറഞ്ഞു.
Read Also: ഭരണകൂടങ്ങൾക്കെതിരെ നിശിതമായ വിമർശനം; സൗദിയിൽ തടവിലായിരുന്ന ഈജിപ്ഷ്യൻ മാധ്യമപ്രവർത്തക ജയിൽ മോചിതയായി
ഈ വർഷം സെപ്തംബറിൽ മെക്സിക്കോയിൽ വച്ചാണ് 73ാം മിസ് യൂണിവേഴ്സ് മത്സരം നടക്കുക. നൂറിലധികം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അതേസമയം സംഘാടകരുടെ പ്രസ്താവനയോട് മോഡൽ റൂമി അൽ ഖഹ്താനി ഇതുവരെ പ്രതികരിച്ചിട്ടില്ല. മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ മത്സരങ്ങളിൽ അൽഖഹ്താനി ഇതിനകം സൗദി അറേബ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. റിയാദ് സ്വദേശിയായ റൂമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം പേരാണ് റൂമിയെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിലാണ് റൂമി താൻ സൗദിയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കടുക്കുമെന്ന് പ്രഖ്യാപിച്ചത്. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറഞ്ഞിരുന്നു.
Story Highlights : Miss universe denies reports claiming saudi arabia’s participation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here