അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തുടരന്വേഷണം. മൂന്നു പേരുടെയും കോൾ ലിസ്റ്റ് പരിശോധിക്കും. കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. മൂവരുടേയും ഫോണുകൾ കോടതിയിൽ ഹാജരാക്കും. ഇവ പരിശോധിച്ചാലോ സംശയങ്ങൾക്കെല്ലാം വ്യക്തത വരൂ. ഇറ്റാനഗറിലെ ഒരു ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗുവാഹട്ടിയിലേക്ക് ഇവർ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടിൽ നിന്നിറങ്ങിയത്. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിൽ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.മുൻപ് ഇതേ സ്കൂളിൽ ദേവി ജർമൻ പഠിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഇറ്റാനഗർ പൊലീസാണ് വട്ടിയൂർക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയിൽ കണ്ടെന്ന വിവരമറിയിച്ചത്.
Story Highlights : Mystery surrounds over the death of Malayali couple, friend in Arunachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here