‘ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റെന്ന് ഭീഷണി’വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ നോട്ടീസ്; ബിജെപിയുടെ അനുബന്ധ സംഘടനയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് അതിഷി

ആംആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയ്ക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസയച്ചു. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് തന്നെയും മറ്റ് മൂന്ന് ആംആദ്മി നേതാക്കളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിഷി ആരോപിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകൾ നടത്തി എന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിൻമേലാണ് അതിഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചത്.ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി സമർപ്പിക്കണം.
സ്ഥിരീകരിക്കാനാകാത്തതും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെ മാർച്ച് ഒന്നിന് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞടുപ്പ് കമ്മീഷന് അതിഷിക്കെതിരെ നടപടിയെടുക്കാൻ സാധിക്കും. ദേശീയ പാർട്ടി നേതാവും മന്ത്രിയുമായ അതിഷിയുടെ വാക്കുകളെ ജനം വിശ്വസിക്കുമെന്നും അത് പ്രചാരണത്തെ ബാധിക്കുമെന്നും കമ്മീഷൻ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ആരോപണമുന്നയിക്കുമ്പോൾ സാധൂകരിക്കാൻ കഴിയുന്ന തെളിവുകളും ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിഷിക്ക് അയച്ച നോട്ടീസിൽ പറയുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിഷയം ഗൗരവപരമായി പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിഷി രംഗത്തെത്തി. ബിജെപിയുടെ ആക്ഷേപകരമായ പ്രചാരണ പോസ്റ്ററുകളിൽ പരാതി ഉന്നയിച്ച് നിരവധിതവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കാരണംകാണിക്കൽ നോട്ടീസ് തനിക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ ബിജെപി മാധ്യമങ്ങൾക്ക് ചോർത്തിയതായും അതിഷി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് കേന്ദ്ര ഏജൻസികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതും കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും. അപ്പോൾ എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയക്കാതിരുന്നതെന്ന് അതിഷി ചോദിച്ചു. ബിജെപിയുടെ അനുബന്ധ സംഘടനയായിട്ടാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അതിഷി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിന് മറുപടി നൽകുമെന്ന് പറഞ്ഞ അതിഷി ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയും കക്ഷിപക്ഷപാതമില്ലായ്മയെയും തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർമ്മപ്പെടുത്തുമെന്നും അതിഷി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയും മന്ത്രി സൗരഭരദ്വാജ്, ദുർഗേഷ് പതക്, രാഘവ് ചദ്ധ എന്നിവരെയും ജയിലിൽ അടയ്ക്കാനാണ് ബിജെപിയുടെ പദ്ധതി എന്നായിരുന്നു അതിഷി ആരോപിച്ചത്. എന്നാൽ അതിഷിയുടെ ആരോപണങ്ങൾ നിഷേധിച്ച ബിജെപി അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നൽകി. പിന്നാലെയാണ് ഇപ്പോൾ അതിഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസയച്ചത്.
Story Highlights : Atishi questions EC’s neutrality over showcase notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here