Advertisement

വില നാല് മുതല്‍ അഞ്ച് ലക്ഷം വരെ; കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്ന നവജാത ശിശുക്കള്‍

April 6, 2024
Google News 2 minutes Read
CBI raid Delhi's Child-Trafficking Racket

കുട്ടികളെ വില്‍പ്പന നടത്തുന്ന സംഭവത്തില്‍ ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ റെയ്ഡുമായി സിബിഐ. പരിശോധനയില്‍ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ സിബിഐ സംഘം രക്ഷപെടുത്തി. നവജാത ശിശുക്കളെ കുട്ടിക്കടത്തുകാര്‍ കരിഞ്ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടികളെ വില്‍പ്പന നടത്തിയ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെ എല്ലാവരെയും സിബിഐ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവരില്‍ ഒരു ആശുപത്രി വാര്‍ഡ് ബോയിയും നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.(CBI raid Delhi’s Child-Trafficking Racket)

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം പത്ത് കുട്ടികളെയാണ് ഇക്കൂട്ടര്‍ വില്‍പ്പന നടത്തിയത്. ഡല്‍ഹിക്ക് പുറത്തും സിബിഐ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. നവജാത ശിശുക്കളെ നാല് മുതല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വരെയാണ് വില്‍പ്പന നടത്തുന്നത്.

നവജാത ശിശു വില്‍പ്പന കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എട്ട് പേരെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 മുതല്‍ 15 ദിവസം വരെ പ്രായമായ കുഞ്ഞുങ്ങളെയാണ് ഇവരില്‍ നിന്ന് രക്ഷപെടുത്തിയത്. ഇവര്‍ ഡല്‍ഹി, പഞ്ചാബ് സ്വദേശികളാണ്. ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ആള്‍ത്താമസം കുറഞ്ഞ സ്ഥലങ്ങളിലെ വീടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും പൊലീസിന് വെല്ലുവിളിയാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന അന്തര്‍ സംസ്ഥാന മനുഷ്യക്കടത്ത് സംഘമാണിതെന്നാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായത്.

ഫെബ്രുവരിയില്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചാബില്‍നിന്ന് 50000 രൂപയ്ക്ക് പെണ്‍കുഞ്ഞിനെ വാങ്ങിയതായി തെളിഞ്ഞിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഡല്‍ഹിയില്‍ അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ മുമ്പ് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കീഴില്‍ മനുഷ്യക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരുന്നു.

Read Also: ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് കുട്ടികളെ വാങ്ങി മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 10 മുതല്‍ 15 ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. പഞ്ചാബിലെ ഫാസില്‍ക പോലുള്ള ദരിദ്ര ജില്ലകളില്‍ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ശൃംഖല സ്ഥാപിച്ച ശേഷമാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്. ഒന്നിലധികം പെണ്‍മക്കളുള്ള കുടുംബങ്ങള്‍, അനാവശ്യ ഗര്‍ഭധാരണം നടത്തിയ സ്ത്രീകള്‍, കുട്ടിയെ വളര്‍ത്താന്‍ കഴിയാത്തത്ര ദരിദ്രരായ കുടുംബങ്ങള്‍ എന്നിവരെയാണ് റാക്കറ്റ് ലക്ഷ്യമിടുന്നത്. ആണ്‍കുട്ടിയാണെങ്കിലോ വെളുത്ത നിറം കൂടുതലാണെങ്കിലോ കൂടുതല്‍ വില ലഭിക്കും.

Story Highlights : CBI raid Delhi’s Child-Trafficking Racket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here