Advertisement

ലഡാക്കിന് സംസ്ഥാന പദവി വേണം; കഠിനമായ തണുപ്പ് അവഗണിച്ച് സോനം വാങ്‌ചുക്കിന്റെ നിരാഹരം

April 6, 2024
Google News 3 minutes Read

’21 ദിവസത്തെ നിരാഹാര സമരം തുടങ്ങി, ഇത് വേണമെങ്കിൽ മരണം വരെ നീളാം’. എൻജിനീയറും വിദ്യാഭ്യാസപരിഷ്കർത്താവും സാമൂഹ്യ പ്രവർത്തകനുമെല്ലാമായ, സോനം വാങ്‌ചുക്ക് മാർച്ച് 6 നു അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞ വാക്കുകളാണിത്.

ലഡാക്കിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാറുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ലഡാക്കിൽ വിവിധ സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു സോനം വാങ്‌ചുക്കും തന്റെ നിരാഹാര സമരം ആരംഭിച്ചത്. എന്നാൽ ഇതിപ്പോൾ വാങ്‌ചുക്കിന്റെ നിരാഹാരത്തിന്റെ 13 ആം ദിവസമാണ്. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ 3 ഇഡിയറ്റ്‌സിലെ ശാസ്ത്രജ്ഞൻ ഫുൻസുഖ് ‘റാഞ്ചോ’ വാങ്‌ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് വാങ്‌ചുക്കിന്റെ ജീവിതമായിരുന്നു എന്ന് പറയുന്നു, എന്നാൽ അദ്ദേഹമിപ്പോൾ, തൻ്റെ പ്രിയപ്പെട്ട ലഡാക്കിൻ്റെ ഭാവിക്ക് വേണ്ടി പൂജ്യത്തിന് താഴെ താപനിലയിൽ തുറസായ സ്ഥലത്ത് ഭക്ഷണമില്ലാതെ ജീവൻ പണയം വച്ച് ഹിമാലയം വിൽക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തിന് വേണ്ടി പോരാടുകയാണ്.

“തങ്ങളുടെ പവിത്രമായ ഹിമാലയം കോർപ്പറേറ്റുകൾക്കും വ്യവസായങ്ങൾക്കും വിൽക്കുന്നതിൽ നിന്ന് സർക്കാരിനെ തടയാനും മുന്നോട്ട് വരാനും രാജ്യമെമ്പാടുമുള്ള പൗരന്മാരോട് വാങ്ചുക്ക് തൻ്റെ ഒരു പോസ്റ്റിൽ അഭ്യർത്ഥിച്ചിരുന്നു. സർക്കാരുകൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കും, കോർപ്പറേറ്റുകൾ ലാഭമുണ്ടാക്കും, പക്ഷേ ദുരന്തം വരുമ്പോൾ, അതിൽ ഞങ്ങളെപ്പോലുള്ള പ്രദേശവാസികളായിരിക്കും കഷ്ടപ്പെടുക, പിന്നെ നികുതിദായകരുടെ പണം നാശനഷ്ടങ്ങൾ പരിഹരിക്കാൻ മാത്രം ഉപകരിക്കും.

ലഡാക്കിന് പൂർണ സംസ്ഥാന പദവി അനുവദിക്കുക, ഗോത്രപദവി നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക, തദ്ദേശവാസികൾക്ക് തൊഴിൽ സംവരണം, പി.എസ്.സി സ്ഥാപിച്ച് സുരക്ഷിത തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, കാർഗിൽ ജില്ലകൾക്ക് പാർലമെന്ററി സീറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വാങ് ചുക്കിന്റെ ഈ പോരാട്ടം.

ലഡാക്കി എൻജിനീയറും പരിഷ്കർത്താവുമാണു സോനം വാങ്ചുക്ക്, 1987ൽ ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ശേഷം, ഫ്രാൻസിലെ ഗ്രെനോബിളിലെ ക്രേറ്റർ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ രണ്ട് വർഷം എർത്ത് ആർക്കിടെക്ചറും പഠിച്ചു. ബിരുദപഠനത്തിനു ശേഷം, 1988ൽ വാങ്ചുക്കും സഹോദരനും മറ്റ് അഞ്ച് പേരും ചേർന്ന് സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് ആരംഭിച്ചു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതാണ് ഈ കാമ്പസ്.

അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഐസ് തൂപ. കൊടുംതണുപപ്പായ ലഡാക്കിൽ ശൈത്യകാലം കഴിയുമ്പോൾ മഞ്ഞുരുകും. പിന്നെ പേരിന് മാത്രം മഴ പെയ്താലായി, ഇക്കാരണം കൊണ്ട് ലഡാക്കിൽ കൃഷി പലപ്പോഴും അപ്രാപ്രമാകുന്നു. എന്നാൽ ഇതിനൊരു പരിഹാരാമായണ് സോനം വാങ്ചുക്ക് ഐസ് സ്തൂപങ്ങൾ ഉണ്ടാക്കിയത്. ശീതകാലത്ത് ജലം സംഭരിക്കുന്ന കോണാകൃതിയിലുള്ള ഈ ഐസ് പർവതങ്ങൾ, വേനൽക്കാലത്ത് ക്രമേണ ഉരുകി കാർഷിക ആവശ്യങ്ങൾക്കു വെള്ളം വിതരണം ചെയ്യുന്നു. 2009ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘3 ഇഡിയറ്റ്‌സിൽ’ ആമിർ ഖാൻ അവതരിപ്പിച്ച കഥാപാത്രവും ഇതേ പ്രവർത്തി ചെയുന്നുണ്ട്. ലഡാക്കി യുവാക്കളുടെ ജീവിത അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിലും പഠന സമ്പ്രദായങ്ങളിലെ അദ്ദേഹത്തിന്റെ അതുല്യമായ പരിഷ്കരണവും പ്രാദേശിക സമൂഹത്തിലെ ക്രിയാത്മക ഇടപെടലും… മുൻനിർത്തി 2018ൽ വാങ്ചുക്കിന് രമൺ മഗ്‌സസെ അവാർഡ് ലഭിച്ചു.

എന്നാൽ, ജീവൻ പണയം വച്ച് അദ്ദേഹം ഇതിന് മുന്പും നടത്തിയിട്ടുള്ളതും ഇപ്പോൾ നടത്തുന്നതുമായ നിരാഹാര പോരാട്ടത്തെ കുറിച്ച് നിരവധി ആശങ്കകൾ ഉയരുന്നുണ്ട്. കാരണം, ഈ കൊടും തണുപ്പിൽ ഭക്ഷണമുപേക്ഷിച് 13 ആം ദിവസമാണ് വാങ്‌ച്ക്ക് ഇപ്പോൾ പിന്നിടുന്നത്.ഗംഗാ നദിയുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നിരാഹാരം നടത്തുകയും ഒടുവിൽ മരണം വരിക്കുകയും ചെയ്ത ഗുരുദാസ് അഗർവാളിൻ്റെ ജീവിതവും പലരും ഇതോടൊപ്പം പരാമർശിക്കുന്നു. ഗംഗാ നദിയിലെ അനധികൃത പദ്ധതികൾ തടയുന്നതിനായി നടത്തിയ നിരവധി നിരാഹാരങ്ങളുടെ പേരിൽ ശ്രദ്ധേയമായ അദ്ദേഹത്തിൻ്റെ ഉപവാസം 2009 ൽ നദിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതിലേക്ക് നയിചിരുന്നു. എന്നിരുന്നാലും, ഗംഗയെ ശുദ്ധീകരിക്കാനും സംരക്ഷിക്കാനുമുള്ള സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 22 മുതൽ നിരാഹാരം കിടന്ന ശേഷം 2018 ഒക്ടോബർ 11 നാണ് അഗർവാൾ മരിക്കുന്നത്.

അതേസമയം, വിവിധ സാമൂഹിക, മത, ഗോത്ര, വിദ്യാഭ്യാസ സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക്ക് അലയൻസ് തുടങ്ങിയ സംഘടനകൾ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഉപസമിതി എന്നിവരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമര പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്.
ചർച്ചയിൽ ലഡാക്കിന്റെ ആറാം ഷെഡ്യൂൾ എന്ന ആവശ്യത്തിന്റെ ചില ഭാഗങ്ങൾ പരോക്ഷമായി അംഗീകരിച്ച അഭ്യന്തരമന്ത്രി പൂർണ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞതോടെ കാര്യങ്ങൾ വഷളായി.

ഇതോടെ, വാങ്ചുക് നിരാഹാര സമരം ആരംഭിചു. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ നിരാഹാരമാണ് താൻ 21 ദിവസം നടത്താൻ പോകുന്നതെന്നും കേന്ദ്രം വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സമരം മരണം വരെ തുടരുമെന്നും വാങ്ചുക് പറഞ്ഞിരുന്നു. 2019 ആഗസ്റ്റിലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. തുടർന്ന് ലഡാക്ക് ജമ്മു കശ്മീരിൽ നിന്ന് വിഭജിക്കപെട്ട് കേന്ദ്ര ഭരണ പ്രദേശമായി.

എന്നാൽ, 2019-ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും പിന്നീട് മലയോര കൗൺസിൽ തെരഞ്ഞെടുപ്പിലും തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ സർക്കാർ ഉറപ്പുനൽകുക മാത്രമല്ല, ആ ഉറപ്പ് നിലനിർത്തുകയും ചെയ്തിരുന്നുവെന്ന് വാങ്‌ചുക്ക് പറയുന്നു. പക്ഷെ, തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ മാസങ്ങളോളം കാതടപ്പിക്കുന്ന നിശബ്ദതയായിരുന്നു, പിന്നീട് അവരെ വാഗ്ദാനങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് ഒരു കുറ്റമായി മാറി, ഒടുവിൽ നാല് വർഷത്തിന് ശേഷം 2024 മാർച്ച് 4 ന് അവരുടെ കാലാവധി അവസാനിച്ചപ്പോൾ, അവർ വാഗ്ദാനങ്ങൾ പാലിക്കാൻ വിസമ്മതിച്ചുവെന്ന് വാങ്‌ചുക്ക് ചൂണ്ടിക്കാട്ടി.

“ലഡാക്ക് ടിബറ്റൻ പീഠഭൂമിയിലാണെന്നും ഹിമാലയം മുഴുവൻ സെൻസിറ്റീവ് സോണിൽ ആണെന്നും നമ്മൾ മനസ്സിലാക്കണം. ദക്ഷിണ ധ്രുവത്തിനും ഉത്തരധ്രുവത്തിനും ശേഷം, ഇതിനെ മൂന്നാം ധ്രുവം എന്നാണ് വിളിക്കുന്നത്, കൂടാതെ ഏകദേശം 2 ബില്യൺ ആളുകൾ ആശ്രയിക്കുന്ന ഏറ്റവും വലിയ ശുദ്ധജല സംഭരണിയുണ്ട് ഇവിടെ, ഇത് ഭൂമിയിലെ ജനസംഖ്യയുടെ 25% വരും. തങ്ങളുടെ കോർപ്പറേറ്റ് സുഹൃത്തുക്കളുടെ ലാഭത്തിൽ മാത്രം സർക്കാർ ശ്രദ്ധിക്കുന്നത് സങ്കടകരമാണ്. ഭാവി തലമുറയെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല,” വാങ്ചുക്ക് പറയുന്നു.

Story Highlights : This struggle of Wangchuck has raised the demands of granting full statehood to Ladakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here