Advertisement

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് 24 സര്‍വെ ഫലം; ആലപ്പുഴയില്‍ ഇത്തവണ പ്രതിഫലിക്കുന്ന വിഷയങ്ങള്‍ ഇവ

April 7, 2024
Google News 2 minutes Read
24 election survey Alappuzha constituency politics explained

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ട്വന്റിഫോര്‍ ന്യൂസും കോര്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് കണ്ടെത്തല്‍. സര്‍വെയില്‍ പങ്കെടുത്ത ആലപ്പുഴ മണ്ഡലത്തിലെ 41.2 ശതമാനം പേര്‍ കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് പറയുമ്പോള്‍ ആലപ്പുഴയുടെ സിറ്റിംഗ് എം പികൂടിയായ എ എം ആരിഫ് ജയിക്കുമെന്ന് 39.7 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന് അഭിപ്രായപ്പെടുന്നത് 18 ശതമാനം പേരാണ്. (24 election survey Alappuzha constituency politics explained)

കരുത്തരായ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ആലപ്പുഴ മണ്ഡലത്തില്‍ ആലപ്പുഴയില്‍ മാത്രം പ്രതിഫലിക്കുന്ന ശക്തമായ വിഷയങ്ങളില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം, കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം, അഴിമതി വിവാദങ്ങള്‍, പൗരത്വ ഭേദഗതി വിഷയങ്ങള്‍ എന്നിവയെല്ലാം തന്നെ പ്രധാന ചര്‍ച്ചയാകും. ആലപ്പുഴയിലെ കൂടുതല്‍ പേരും കേരളത്തിലെ ജനകീയ നേതാവായി കാണുന്നത് പിണറായി വിജയനെയാണ്. 51.4 ശതമാനം പേര്‍ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോള്‍ വി ഡി സതീശന്റെ പേര് 18.4 ശതമാനം പേരും രമേശ് ചെന്നിത്തലയുടെ പേര് 24.8 ശതമാനം പേരും തെരഞ്ഞെടുത്തു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

കേന്ദ്ര ഭരണം വളരെ മികച്ചതാണെന്നാണ് ആലപ്പുഴയിലെ 4.5 ശതമാനം പേരുടെ അഭിപ്രായം. മികച്ചതെന്ന് 5.8 ശതമാനം പേരും ശരാശരിയെന്ന് 34.5 ശതമാനം പേരും മോശമെന്ന് 28.7 ശതമാനം പേരും വളരെ മോശമെന്ന് 26.5 ശതമാനം പേരും അടയാളപ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്ന് 36.3 ശതമാനം പേര്‍ പറയുമ്പോള്‍ ഇല്ല എന്നാണ് 63.7 ശതമാനം പേരുടേയും അഭിപ്രായം. തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമോ എന്ന ചോദ്യത്തിന് ഇല്ലയെന്ന് 28.1 ശതമാനം പേരും വിലയിരുത്തുമെന്ന് 71.9 ശതമാനം പേരും പറയുന്നു.

ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് സമുദായപിന്തുണയുണ്ടാകുമെന്നും എന്‍എസ്എസിന്റെ പിന്തുണ കെ സിയ്ക്കുണ്ടാകുമെന്ന് ചില നിരീക്ഷണങ്ങളുണ്ടെന്ന് സര്‍വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 24 പാനല്‍ അഭിപ്രായപ്പെടുന്നു. ഒരു വലിയ ദേശീയ നേതാവ് മത്സരിക്കുന്നു എന്ന വസ്തുതയ്ക്ക് ആലപ്പുഴയിലെ ജനങ്ങളില്‍ വളരെ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് കെ സി വേണുഗോപാലും ആരിഫും തമ്മിലുള്ള ഇഞ്ചോടിഞ്ചുകളുടെ മാത്രം വ്യത്യാസം സൂചിപ്പിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപി ആലപ്പുഴയില്‍ മുന്‍ തവണത്തേക്കാള്‍ വോട്ടുയര്‍ത്തുമെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്. ബിജെപി വോട്ടുകൂട്ടി കടന്നുകയറുക ഏതേ മുന്നണിയുടെ വോട്ടുബാങ്കുകളിലേക്കാണെന്നത് തന്നെയാണ് ആലപ്പുഴയില്‍ നിര്‍ണായകമാകുക.

ആലപ്പുഴയില്‍ മത-സാമുദായിക സമവാക്യങ്ങളെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഏതുവിധത്തിലാകും സ്വാധീനിക്കുകയെന്നതാണ് പ്രധാന ചോദ്യം. പരമ്പരാഗത ഈഴവ വോട്ടുകളില്‍ ശോഭാ സുരേന്ദ്രന് വിള്ളല്‍ വീഴ്ത്താനായേക്കുമെന്നാണ് 24 പാനലിന്റെ വിലയിരുത്തല്‍. 2019ലെ തെരഞ്ഞെടുപ്പില്‍ എ എം ആരിഫിനെ തുണച്ച മണ്ഡലങ്ങള്‍ ചേര്‍ത്തലയും കായംകുളവുമായിരുന്നു. കെ സിയുടെ സ്ഥാനാര്‍ത്ഥിത്വം ഇത് മാറ്റിമറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ആലപ്പുഴയില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം തന്നെയായിരിക്കുമെന്നാണ് 24 സര്‍വെ ഫലം തെളിയിക്കുന്നത്. കേരളത്തിലെമ്പാടും 20000 സാമ്പിളുകള്‍ ശേഖരിച്ചാണ് സിറ്റിസണ്‍സ് ഒപ്പിനിയന്‍ റിസേര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍(കോര്‍) തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയത്.

Story Highlights : 24 election survey Alappuzha constituency politics explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here