Advertisement

‘എന്റെ ആരോഗ്യം, എന്റെ അവകാശം’ ; ഇന്ന് ലോക ആരോഗ്യദിനം

April 7, 2024
Google News 2 minutes Read

ഇന്ന് ലോക ആരോഗ്യദിനമാണ്. 1948 ഏപ്രിൽ ഏഴിന് ലോകാരോഗ്യസംഘടനയുടെ ഭരണഘടന നിലവിൽ വന്ന ദിവസമാണ് ലോകാരോഗ്യദിനമായി ആചരിക്കുന്നത്. ‘എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നതാണ് ഈ വർഷത്തെ ദിനത്തിന്റെ പ്രമേയം. (World Health Day 2024)

രോഗങ്ങളിലും ദുരന്തങ്ങളിലും യുദ്ധങ്ങളിലുമെല്ലാംപെട്ട് ലോക ജനത ദുരിതങ്ങൾ അനുഭവിക്കുന്ന ആസുരകാലമാണിത്. മരണത്തിനും വിശപ്പിനും കൊടിയ വേദനയ്ക്കും മാനസികസംഘർഷങ്ങൾക്കുമിടയിൽപ്പെട്ട് നട്ടംതിരിയുന്നവർ. വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ. ഓരോ അഞ്ചു നിമിഷങ്ങളിലും വായു മലിനീകരണം മൂലം ലോകത്ത് ഒരാൾ മരണപ്പെടുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ലോകത്തെ 90 ശതമാനം പേരും ശ്വസിക്കുന്നത് മലിനമായ വായുവാണ്.

ലോകത്തെ 140-ഓളം രാജ്യങ്ങൾ ജനതയുടെ ആരോഗ്യത്തെ അവരുടെ അവകാശമായി തങ്ങളുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. എന്നിരുന്നാലും ഈ രാജ്യങ്ങൾ പോലും ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ലോകത്തെ 450 കോടി ജനങ്ങൾക്ക് മതിയായ അവശ്യ ആരോഗ്യസേവനങ്ങൾ ലഭ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിക്ക് മേലെയാണതെന്ന് മറക്കരുത്.

‘എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിനത്തിന്റെ സന്ദേശം. മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ, സുരക്ഷിതമായ കുടിവെള്ളം, ശുദ്ധവായു, വിദ്യാഭ്യാസം, പോഷകാഹാരം, മെച്ചപ്പെട്ട ഭവനങ്ങൾ, മാന്യമായ തൊഴിലും പാരിസ്ഥിതിക സാഹചര്യവും, വിവേചനങ്ങളിൽ നിന്നുള്ള മോചനം എന്നിവയൊക്കെ തന്നെയും എല്ലാവരുടേയും അവകാശമാണെന്ന സന്ദേശമാണ് ഈ വർഷത്തെ ലോകാരോഗ്യദിനം നൽകുന്നത്.

കൊവിഡ് മഹാമാരിയുടെ തുടക്കകാലത്ത് കോവിഡിനെപ്പറ്റിയുള്ള തെറ്റായ വിവരങ്ങൾക്കെതിരെ പോരാടാനായി ലോകാരോഗ്യസംഘടന ആരംഭിച്ച സാറ എന്ന ജനറേറ്റീവ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഹെൽത്ത് പ്രെമോട്ടർക്ക് പുതിയ ചില ദൗത്യങ്ങളും ഡബ്ല്യു എച്ച് ഒ ഈ ലോകാരോഗ്യദിനത്തിൽ നൽകിയിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, പ്രമേഹം, മാനസികാരോഗ്യം തുടങ്ങിയ ആരോഗ്യവിഷയങ്ങളെപ്പറ്റിയുള്ള സംശയങ്ങൾക്ക് സാറ എട്ടു ഭാഷകളിലൂടെ മറുപടി നൽകാൻ ആരംഭിച്ചു കഴിഞ്ഞു.

Story Highlights : World Health Day 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here