പാനൂർ സ്ഫോടനത്തിൽ മുഖ്യപ്രതി ഷിജാലിനും പരുക്കേറ്റു; ബോംബ് നിർമാണത്തിൽ പങ്കുള്ള മുഴുവൻ പേരും പിടിയിലായെന്ന് പൊലീസ്

പാനൂർ സ്ഫോടനത്തിൽ മുഖ്യപ്രതി ഷിജാലിനും പരുക്കേറ്റു. ഒളിവിലായിരിക്കെ ഷിജാൽ ഉദുമൽപേട്ടയിൽ ചികിത്സ തേടി.കൊളവല്ലൂർ സ്വദേശി അക്ഷയും സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്നു. പിടിയിലായ ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബോംബ് നിർമാണത്തിൽ പങ്കുള്ള മുഴുവൻ പേരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി.
ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലും അക്ഷയുമാണ് ഇന്നലെ പിടിയിലായത്. ഉദുമൽപേട്ടയിൽ ഒളിവിലായിരുന്നു ഇരുവരും. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെ, പിടിയിലായ എല്ലാവർക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്.
ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്‍റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷം ഉണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചു.
Story Highlights : Panoor Bomb Attack shijal arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here