ബോംബ് നിര്‍മാണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ; പാനൂര്‍ കേസില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

പാനൂര്‍ സ്‌ഫോടനത്തില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒരാളുടെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബോംബ് നിര്‍മാണമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. (accused were making bombs for Loksabha election says remand report in Panoor case)
കേസിലെ ആറും ഏഴും പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിപിഐഎം വാദങ്ങളെ പൊളിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളുള്ളത്. ഒരാള്‍ മരിക്കാനിടയാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ തെളിവ് നശിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ നേതാവ് അമല്‍ ബാബു ശ്രമിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രാദേശിക തര്‍ക്കങ്ങളാകാം ബോംബ് നിര്‍മാണത്തിലേക്ക് നയിച്ചതെന്നും ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നുമായിരുന്നു സംഭവത്തില്‍ സിപിഐഎമ്മിന്റെ വാദം.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
അമല്‍ ബാബു അറസ്റ്റിലായപ്പോള്‍ ഡിവൈഎഫ്‌ഐ ഭാരവാഹിയായ അയാള്‍ രക്ഷാപ്രവര്‍ത്തനം മാത്രമാണ് നടത്തിയതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. അമല്‍ ബാബു സംഭവസ്ഥലത്തെത്തുകയും അവിടെ നിര്‍മിച്ചുവച്ച ഏഴ് ബോംബുകള്‍ ഒളിത്താവളത്തിലേക്ക് മാറ്റുകയും ചെയ്‌തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നീട് ഇയാള്‍ വീണ്ടും സംഭവസ്ഥലത്തേക്ക് എത്തി ബോംബ് നിര്‍മിച്ചയിടം മണ്ണുകൊണ്ട് മറച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
Story Highlights : accused were making bombs for Loksabha election says remand report in Panoor case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here