Advertisement

ഇളയരാജ എല്ലാവരെക്കാള്‍ മുകളില്‍, ദൈവത്തിന് തൊട്ട് താഴെ, 4500 ഗാനങ്ങളുടെ കോപ്പിറൈറ്റ് വാദം കോടതിയില്‍

April 11, 2024
Google News 1 minute Read

താൻ എല്ലാവരേക്കാളും മുകളിലാണെന്ന് ഹൈക്കോടതിയിൽ സംഗീതസംവിധായകൻ ഇളയരാജ. എക്കൊ റെക്കോർഡിങ് കമ്പനിയുടെ അപ്പീലിനെതിരെയാണ് ഇളയരാജയുടെ വക്കീൽ സതീഷ് പ്രസാരൺ ഇത്തരമൊരു പരാമർശം നടത്തിയത്. കോപ്പിറൈറ്റ് ആക്ട് 1957 സെക്ഷൻ 57 പ്രകാരം 2019ൽ 1000 സിനിമകളിലായി ഇളയരാജ ചിട്ടപ്പെടുത്തിയ 4500 ഗാനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി ഏകാംഗ ബെഞ്ച് അദ്ദേഹത്തിന് പ്രത്യേക ധാർമ്മിക അവകാശങ്ങൾ അനുവദിച്ചു നൽകിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് എക്കൊ റെക്കോഡിങ് കമ്പനി അപ്പീൽ നൽകിയത്. “ഞാൻ അഹങ്കാരിയാണെന്ന് നിങ്ങൾക്ക് തോന്നാം… ഞാൻ തീർച്ചയായും ദൈവത്തിന് മുകളിലല്ല, അവനു താഴെയാണ്, ഞാൻ എല്ലാവരിലും മുകളിലാണ്” എന്നാണ് വക്കീൽ കോടതിയിൽ പറഞ്ഞത്.

1957ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിൽ ജസ്റ്റിസ് അനിത സുമന്തിൻ്റെ സിംഗിൾ ബെഞ്ചിന് 2019ൽ പിഴവ് സംഭവിച്ചുവെന്ന് എക്കൊ കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് നാരായൺ പറഞ്ഞു. ജസ്റ്റിസുമാരായ ആർ. മഹാദേവൻ, മുഹമ്മദ് ഷഫീഖ് എന്നിവർക്ക് മുമ്പാകെയാണ് അപ്പീൽ ലിസ്റ്റ് ചെയ്തത്. സിനിമാ നിർമ്മാതാവിൽ നിന്ന് പണം വാങ്ങിക്കഴിഞ്ഞാൽ മ്യൂസിക് കമ്പോസറിന് പിന്നെ ആ പാട്ടിന് മേൽ അവകാശമുണ്ടായിരിക്കില്ല. എന്നാൽ റോയൽറ്റിക്ക് അവകാശം മ്യൂസിക് കമ്പോസറിനുണ്ടാവും. ഇളയരാജയുടെ 4500 പാട്ടുകളുടെ അവകാശം അതാത് സിനിമകളുടെ നിർമ്മാതാക്കളിൽ നിന്നാണ് എക്കോ കമ്പനി വാങ്ങിയത്. എന്നാൽ ഇതിനെതിരെ 2014ൽ കോടതിയെ സമീപിച്ച ഇളയരാജയ്ക്ക് അനുകൂലമായി 2019ൽ കോടതി വിധി വന്നു. ഇതേ വിധിയിൽ മാറ്റങ്ങൾ വരുത്താതെ 4500 ഗാനങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. വിധിയിലെ ഈ പ്രസക്ത ഭാഗത്തിനെതിരെ വീണ്ടും കോടതിയിൽ പോയ ഇളയരാജ 2022 ഫെബ്രുവരിയിൽ ജസ്റ്റിസുമാരായ എം.ദുരൈസ്വാമിയുടെയും ടി.വി.തമിഴ്സെൽവിയുടെയും ഡിവിഷൻ ബെഞ്ചിൽ നിന്ന് ഇടക്കാല സ്റ്റേയും നേടി.

Read Also: ‘മോദിയുടെ സിനിമയെടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്’; വ്യവസായിക്ക് ഒരു കോടി നഷ്ടമായി

കോടതി വിധിയുടെ പശ്ചാത്തലത്തിൽ 4500 പാട്ടുകൾക്കു മേൽ പ്രത്യേക ധാർമ്മിക അവകാശങ്ങൾ സ്വന്തമാക്കിയ ഇളയരാജ ഈ പാട്ടുകൾ ഉപയോഗിക്കാൻ മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈയ്ക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ഇതോടെ 4500 പാട്ടുകൾക്ക് എക്കൊ റെക്കോർഡിങ്സും, സ്പോട്ടിഫൈയും ഇളയരാജയ്ക്ക് റോയൽറ്റി നൽകുന്നുണ്ട്. കേസുകൾക്ക് പിറകേ പോകാൻ താൽപര്യമില്ലാത്തതിനാൽ ആപ്പിൾ മ്യൂസിക്കും ആമസോൺ മ്യൂസിക്കും മാറി നിൽക്കുകയാണെന്നും അഡ്വക്കേറ്റ് വിജയ് നാരായൺ കോടതിയിൽ പറഞ്ഞു.

ഈ അപ്പീൽ തീർപ്പാക്കുന്നതുവരെ ഇളയരാജയ്ക്ക് സ്‌പോട്ടിഫൈയിൽ നിന്ന് ലഭിച്ച വരുമാനം ഒരു പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ ഈ വരുമാനത്തിൻ്റെ കണക്കുകൾ കോടതിയിൽ സമർപ്പിക്കാനോ നിർദ്ദേശിക്കുന്ന ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വക്കേറ്റ് വിജയ് നാരായണൻ ആവശ്യപ്പെട്ടു. എന്നാൽ അഡ്വക്കേറ്റ് സതീഷ് പ്രസാരൺ ഇതിനെ എതിർത്തു. ഏപ്രിൽ 16ന് വീണ്ടും കോടതി വാദം കേൾക്കും.

Story Highlights: Ilaiyaraja 4500 songs copyright issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here