അബ്ദുറഹീമിന്റെ മോചനം കാത്ത് കേരളം; തുടര്‍നടപടികളിലേക്ക് കടന്ന് സൗദിയിലെ ഇന്ത്യന്‍ എംബസിയും

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ, തുടര്‍നടപടികളിലേക്ക് സൗദിയിലെ ഇന്ത്യന്‍ എംബസി കടന്നു. അടുത്ത ദിവസം വാദിവിഭാഗം വക്കീലുമായി എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മാ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. റഹീമിന്‍റെ മോചനത്തിലേക്ക് എത്താനുള്ള കടമ്പകള്‍ പൂർത്തിയാകാനുള്ള കാത്തിരിപ്പിലാണ്ഇ കുടുംബവും നാട്ടുകാരും.(Indian Embassy in Saudi taken further steps for Abdul Raheem’s release)
അബുറഹീമിന്‍റെ മോചനത്തിനാവശ്യമായ തുക മുഴുവന്‍, റിക്കോര്‍ഡ് സമയത്തിനുള്ളില്‍ സ്വരൂപിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചു. എന്നാല്‍ ഈ തുക സൗദിയില്‍ മരിച്ചയാളുടെ കുടുംബത്തെ ഏല്‍പ്പിച്ച് അബ്ദുറഹീമിനെ മോചിപ്പിക്കുക എന്നതാണ് ഇനിയുള്ള ദൗത്യം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പണം സൗദിയിലെത്തിക്കാനുള്ള വഴികള്‍ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. മോചനദ്രവ്യമായ 15 മില്യണ്‍ റിയാല്‍ റെഡിയാണെന്ന് വാദിവിഭാഗം വക്കീലിനെ എംബസി അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മ പ്രതിനിധികളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ബോധ്യപ്പെടുത്തും.
തുടര്‍ന്ന് വാദിഭാഗം വക്കീലും, പ്രതിഭാഗം വക്കീലും, കൊല്ലപ്പെട്ട സൗദിയുടെ കുടുംബവുമെല്ലാം ഒരുമിച്ച് വിധി പ്രസ്താവിച്ച കോടതിയെ സമീപിക്കും. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണെന്ന് ഇവര്‍ കോടതിയെ അറിയിക്കും. ഇത് സ്വീകരിക്കുന്ന കോടതി അപ്പീലുകള്‍ക്കായി ഒരു മാസത്തെ സമയം അനുവദിക്കും. ഈ സമയപരിധി പൂര്‍ത്തിയായ ശേഷം കോടതി ഇക്കാര്യം മേല്‍ക്കോടതിയെ അറിയിച്ച് അനുമതി വാങ്ങും.
മേല്‍ക്കോടതിയുടെ അനുമതി ലഭിച്ച ശേഷം 15 മില്യണ്‍ റിയാല്‍ കൊല്ലപ്പെട്ട സൗദി പൗരന്‍റെ കുടുംബത്തെ ഏല്‍പ്പിക്കും. ഇതോടെ റഹീമിന്‍റെ പേരിലുള്ള വധശിക്ഷ കോടതി റദ്ദാക്കുകയും ജയില്‍ മോചിതനാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകാന്‍ 2 മാസത്തില്‍ കൂടുതല്‍ സമയമെടുക്കും എന്നാണ് സൂചന.. യൂസുഫ് കാക്കഞ്ചേരിയാണ് എംബസിയുടെ ഭാഗത്ത് നിന്നും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്.
Story Highlights : Indian Embassy in Saudi taken further steps for Abdul Raheem’s release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here