Advertisement

മന്‍മോഹന്‍ സിങ്ങിനും നരേന്ദ്ര മോദിക്കും ഇടയിലെ ഇന്ത്യയുടെ 20 വർഷങ്ങള്‍

April 13, 2024
Google News 4 minutes Read

ഇന്ത്യ വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോവുകയാണ്. മൂന്നാമതും രാജ്യം ഭരിക്കാൻ ബിജെപിയും 2004 ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് പ്രചാരണം നടത്തുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവ്വേ ഫലങ്ങളും വന്നു തുടങ്ങി. ബിജെപി തന്നെ അധികാരത്തിലേറുമെന്നാണ് സർവ്വേ ഫലങ്ങളെങ്കിലും കോൺഗ്രസ് ക്യാമ്പിലിപ്പോഴും വിജയ പ്രതീക്ഷയുണ്ട്.

അടൽ ബിഹാരി വാജ്പേയി സർക്കാർ വീണ്ടു അധികാരത്തിലേറുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി 2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സർവ്വേ ഫലങ്ങളെല്ലാം തന്നെ ബിജെപി നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലേറുമെന്ന് പ്രവചിച്ചു. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തോറ്റ് തുന്നംപാടി. എന്നാൽ കോൺഗ്രസ് നേടിയ അപ്രതീക്ഷിത വിജയം രണ്ടുകൂട്ടരെയും ഞെട്ടിച്ചു.

Read Also: ഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിൽ, സമ്പാദ്യം താഴേക്ക്, വരുമാനം വർധിക്കുന്നുമില്ല: പഠന റിപ്പോർട്ട്

വിജയത്തോടെ പുതുജീവൻ നേടിയ കോൺഗ്രസ് ഉയിർത്തെഴുന്നേറ്റു. പാർട്ടി പ്രസിഡൻ്റ് സോണിയാ ഗാന്ധി പ്രധാനമന്തരി സ്ഥാനം വേണ്ടെന്നു വെച്ചു. പകരം മൻമോഹൻ സിങ്ങിനെ പ്രാധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തു. ഹിന്ദുവല്ലാത്ത ആദ്യ പ്രധാനമന്ത്രിയായി മൻമോഹൻ സിങ്. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ 10 വർഷം മൻമോഹൻ സിങ് നയിച്ചു. 2009 ലും ബിജെപിയുടെ എൻഡിഎ സഖ്യത്തിനെ തോൽപ്പിച്ച് രണ്ടാം യുപിഎ സർക്കാർ നിലവിൽ വന്നു.

വിജയങ്ങൾ നൽകിയ അമിത ആത്മവിശ്വാസം

2003-ൻ്റെ അവസാനത്തിൽ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വിജയത്തിൽ ആവേശഭരിതരായ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ശ്രമം തുടങ്ങി. മൂന്ന് സംസ്ഥാനങ്ങളിൽ എൻഡിഎ നേടിയ വിജയവും വാജ്പേയി സർക്കാരിൻ്റെ കാലത്ത് രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും വിജയത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ വിശ്വാസം. പെട്ടെന്നുള്ള ഒരു തെരഞ്ഞെടുപ്പിന് വാജ്പേയി ഒരുക്കമല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ വലംകൈയ്യായിരുന്ന ശിവ് കുമാർ പരീഖ് വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ വാജ്പേയി തെരഞ്ഞെടുപ്പിന് സമ്മതം മൂളിയതായി അറിയിച്ചു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ തെരഞ്ഞെടുപ്പ് നടത്താമെന്ന പാർട്ടി തീരുമാനത്തെ വാജ്പേയി അംഗീകരിക്കുകയാണുണ്ടായത്. 2020 ആകുമ്പോഴേക്കും വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ ഏപ്രിലോടെ ഒരു പുതിയ സർക്കാർ അധികാരത്തിലേറും എന്നായിരുന്നു പരീഖ് പറഞ്ഞത്.

എൻഡിഎ മന്ത്രിസഭയുടെ കാലാവധി തീരാൻ എട്ട് മാസം ബാക്കിനിൽക്കെ റിപ്പബ്ലിക് ദിനത്തിൻ്റെ പിറ്റേദിവസം രാഷ്ട്രപതി എപിജെ അബ്ദുൾ കലാം 13ാം ലോക്‌സഭ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ഇലക്ഷൻ കമ്മീഷന് തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള സമയം പോലും അനുവദിക്കാതെ ഇത്തരത്തിലൊരു അകാല പിരിച്ചുവിടൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ (ഇസി) തടയുമെന്ന് ആശങ്ക ഉയർന്നു. എന്നാൽ ഈ എതിർപ്പുകളെയെല്ലാം എൻഡിഎ മറികടന്നു. എന്നാൽ ഏപ്രിൽ മാസം പുതിയ സർക്കാർ രൂപീകരിക്കാം എന്നുള്ള ബിജെപി സ്വപ്നം മാത്രം സാധിച്ചില്ല, കാരണം ഏപ്രിൽ 20 മുതൽ മെയ് 10 വരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പ്രചാരണവും സഖ്യങ്ങളും

“ഇന്ത്യ തിളങ്ങുന്നു” എന്നതായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. പ്രചാരണഘട്ടത്തിൽ കുതിച്ചുയരുന്ന സമ്പദ്‌ വ്യവസ്ഥയെയാണ് ബിജെപി ഉയർത്തിക്കാണിച്ചത്. വേഗതയും തുല്യതയുമുള്ള വികസനം, വാജ്പേയിയുടെ നേതൃത്വം, സ്വഭാവം, കഴിവ്, കാര്യക്ഷമത എന്നിവ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്. ഇസ്ലാമാബാദിൽ നടന്ന സാര്‍ക് സമ്മേളനത്തിൻ്റെ വിജയത്തിന് പിന്നാലെ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചത് ഉയര്‍ത്തിക്കാട്ടി ‘പാകിസ്താനുമായി സമാധാനം’ എന്ന മുദ്രാവാക്യവും വോട്ട‍ര്‍മാരെ ആകര്‍ഷിക്കാൻ ബിജെപി ഉയര്‍ത്തിക്കാട്ടി. അതിന് പുറമെ തമിഴ്നാട്ടിലെ പ്രബല കക്ഷി ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായും ആന്ധ്രപ്രദേശിൽ തെലുഗു ദേശം പാര്‍ട്ടിയുമായും ബിജെപി സഖ്യമുണ്ടാക്കി.

അതേസമയം കോൺഗ്രസ് തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമം മറുഭാഗത്ത് നടത്തിയിരുന്നു. കാര്‍ഷിക-അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ പരാജയം അവര്‍ ഉന്നയിച്ചു. സാധാരണക്കാരന് എന്ത് കിട്ടിയെന്നും കോൺഗ്രസിൻ്റെ കരം സാധാരണക്കാരനൊപ്പമെന്നുമുള്ള മുദ്രാവാക്യങ്ങൾ അവര്‍ ഉന്നയിച്ചു. സമൂഹത്തിലെ സമ്പന്നരുടെ മാത്രം സന്തോഷമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് ബിജെപി മുദ്രാവാക്യത്തെ അവര്‍ വിമര്‍ശിച്ചു. ബിജെപിയെ സമ്പന്നരുടെ താത്പര്യ സംരക്ഷരായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ കോൺഗ്രസ് വിജയിച്ചുവെന്നാണ് ഏഷ്യൻ സര്‍വേയിൽ പിന്നീട് രാഷ്ട്രീയ നിരീക്ഷകനായ ബൽദേവ് രാജ് നായര്‍ ഇതേപ്പറ്റി എഴുതിയത്.

Read Also: ദളിത് കർഷക കുടുംബത്തിൻ്റെ സ്ഥലം വിറ്റ പണവും ബിജെപിക്ക് ബോണ്ടായി; പറ്റിച്ച് കൈക്കലാക്കിയെന്ന് പരാതി

വാജ്പേയി സർക്കാർ അധികാരമേറ്റയുടൻ ഉയർന്ന ശവപ്പെട്ടി കുംഭകോണവും തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. കാർഗിൽ യുദ്ധത്തിൽ മരിച്ച ധീരജവാന്മാർക്ക് വേണ്ടി മരത്തിൻ്റെ ശവപ്പെട്ടികൾ മാറ്റി അലുമിനിയം ശവപ്പെട്ടികൾ വാങ്ങാനുള്ള തീരുമാനം രാജ്യത്തിന് വലിയ നഷ്ടവും നാണക്കേടുമായി മാറി. കരാറിൻ്റെ പേരിൽ വൻ അഴിമതി നടന്നതായി സിഎജി എഴുതിയ റിപ്പോർട്ട് ഉയർത്തിക്കാട്ടി വാജ്പേയി സർക്കാരിനെ അഴിമതി സർക്കാരായി വിമർശിക്കാനും പ്രതിപക്ഷത്തിന് സാധിച്ചു.

ബിജെപിക്ക് കോൺഗ്രസ് മാത്രമായിരുന്നില്ല എതിരാളികൾ. തമിഴ്നാട്ടിൽ ഡിഎംകെ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് നികുതിപ്പണം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചു. ഇന്ത്യ തിളങ്ങുകയല്ല, മറിച്ച് ദാരിദ്ര്യം മൂലം കരയുകയാണെന്നായിരുന്നു എംഡിഎംകെ നേതാവ് വൈകോയുടെ വിമര്‍ശനം. അതിന് കാരണമായതാകട്ടെ ലഖ്‌നൗവിൽ ബിജെപി നേതാവ് ലാൽജി ടണ്ടൻ്റെ സാരി വിതരണ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 20 സ്ത്രീകൾ കൊല്ലപ്പെട്ട സംഭവവും.

രാഷ്ട്രീയ വിശകലനങ്ങൾ ബിജെപി അധികാരത്തിൽ തുടരുമെന്നും എന്നാൽ താരതമ്യേന നേരിയ ഭൂരിപക്ഷം മാത്രമായിരിക്കുമെന്നും പ്രവചിച്ചു. 300 സീറ്റായിരുന്നു പലരും എൻഡിഎക്ക് ലഭിക്കുമെന്ന് പ്രവചിച്ചത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിയുടെ നേതൃത്വത്തിൽ പുതിയ സര്‍ക്കാര്‍ വരുമെന്ന് പറഞ്ഞു. എന്നാൽ സാഹചര്യങ്ങൾ മാറിയത് പ്രതിപക്ഷത്തെ കക്ഷികൾക്ക് നേട്ടമായി. അന്ന് പ്രധാനമന്ത്രി വാജ്പേയിക്ക് തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് ധാരണയുണ്ടായിരുന്നു. ലഖ്‌നൗവിൽ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൻ്റെ അനുയായികളോട് സര്‍ക്കാര്‍ പോയെന്നും നമ്മൾ പരാജയപ്പെടുകയാണെന്നും വാജ്പേയി പറഞ്ഞു.

ബിജെപി ക്യാംപിൽ ആത്മവിശ്വാസം താഴേക്ക് പോയതോടെ കോൺഗ്രസ് തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങി. പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്ത അവര്‍, മതേതരത്വ നിലപാട് ഉയര്‍ത്തിക്കാട്ടി എൻഡിഎയെ പ്രതിരോധത്തിലാക്കി. ബിഹാറിൽ ആര്‍ജെഡി, എൽജെപി, തമിഴ്‌നാട്ടിൽ പട്ടാളി മക്കൾ കക്ഷി, തെലങ്കാനയിൽ അന്നത്തെ ടിആര്‍എസ് എന്നിവരുമായും ജമ്മു കശ്മീരിൽ പിഡിപിയുമായും കോൺഗ്രസ് സഖ്യമുണ്ടാക്കി.

പരീക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ്

മാസങ്ങളോളം നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് ഒടുവിൽ ഏപ്രിൽ 20 നായിരുന്നു 2004 ലെ തെരഞ്ഞെടുപ്പ് തുടങ്ങിയത്. നാല് ഘട്ടമായി ഏപ്രിൽ 20 മുതൽ മെയ് 10 വരെയായിരുന്നു തെരഞ്ഞെടുപ്പ്. പുതുതായി രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളായ ഛത്തീസ്‌ഗഡിലും ഉത്തരാഖണ്ഡിലും ജാര്‍ഖണ്ഡിലും ആദ്യമായാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. അന്നാണ് ആദ്യമായി വോട്ടിങ് മെഷീൻ അവതരിപ്പിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും ആസ്തി വിവരങ്ങളും ക്രിമിനൽ കേസുകളും വെളിപ്പെടുത്തണമെന്ന നിബന്ധന വന്നതും ഈ തെരഞ്ഞെടുപ്പിലായിരുന്നു.

ആകെ 5435 സ്ഥാനാര്‍ത്ഥികളാണ് 543 ലോക്സഭാ സീറ്റുകളിലായി മത്സരിച്ചത്. 58.07% വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിൽ പങ്കാളികളായി. മെയ് 13 നായിരുന്നു വോട്ടെണ്ണൽ. അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെയാകെ തകിടം മറിച്ചതായിരുന്നു പിന്നീട് വന്ന തെരഞ്ഞെടുപ്പ് ഫലം.

ഇടതുപക്ഷം നിര്‍ണായക ശക്തിയാവുന്നു

ബിജെപിക്ക് 22.16% വോട്ടും 138 സീറ്റുകളും മാത്രമാണ് തെരഞ്ഞെടുപ്പിൽ നേടാനായത്. വലിയ നേട്ടമൊന്നും കോൺഗ്രസിന് പറയാനുണ്ടായിരുന്നില്ല. 26.53% വോട്ട് നേടിയ കോൺഗ്രസിന് ലഭിച്ചത് 145 സീറ്റ് മാത്രം. ഗുജറാത്തിലും ഡൽഹിയിലും വൻ നേട്ടമുണ്ടാക്കിയ കോൺഗ്രസിന് സഖ്യങ്ങളിലൂടെ ആന്ധ്രയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ബിഹാറിലും മുന്നേറ്റമുണ്ടായി. രാഹുൽ ഗാന്ധി ആദ്യമായി അമേഠിയിൽ മത്സരിച്ച് കന്നിവിജയം സ്വന്തമാക്കി. എന്നാൽ കേരളത്തിൽ ചരിത്രത്തിലാദ്യമായി കോൺഗ്രസ് ഒറ്റ സീറ്റ് പോലും ജയിക്കാതെ പരാജയപ്പെട്ടു.

Read Also: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയില്ലെന്ന അമിത് ഷായുടെ വാദത്തിനു പിന്നിലെ സത്യമെന്താണ്

ബിജെപിക്ക് ബിഹാറിലും ഡൽഹിയിലും ഗുജറാത്തിലും ജാര്‍ഖണ്ഡിലും ഹരിയാനയിലും യുപിയിലും തിരിച്ചടി നേരിട്ടു. അവരുടെ ഘടകക്ഷികളുടെ നിലയും പരിതാപകരമായിരുന്നു. അണ്ണാ ഡിഎംകെ തമിഴ്നാട്ടിലും തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിലും ഐക്യ ജനതാദൾ ബിഹാറിലും അമ്പേ പരാജയപ്പെട്ടു. ടിഡിപിയുടെ കാര്യവും മറിച്ചായിരുന്നില്ല.

ആ തെര‍ഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമായിരുന്നു, 60 സീറ്റ്. സാമ്പത്തികവും രാഷ്ട്രീയവും വൈദേശികവുമായ എല്ലാ നയരൂപീകരണങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താനുള്ള ശേഷി മൂന്നാം ബദലായി വളര്‍ന്ന ഇടതുപക്ഷത്തിനുണ്ടായി. പ്രാദേശിക പാര്‍ട്ടികൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 37 ശതമാനം സീറ്റ് നേടി. സമാജ്‌വാദി പാര്‍ട്ടി യുപിയിൽ 35 സീറ്റ് വിജയിച്ചപ്പോൾ ബിഎസ്‌പി ഇവിടെ 19 സീറ്റ് നേടി ശക്തി തെളിയിച്ചു. ചിലര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഭരണവിരുദ്ധ വികാരമായി അടയാളപ്പെടുത്തിയപ്പോൾ സാമ്പത്തിക നയങ്ങളുടെ പരാജയമെന്നാണ് മറ്റ് ചിലര്‍ വിശേഷിപ്പിച്ചത്. എല്ലാത്തിൻ്റെയും അവസാനം ബിജെപി തോറ്റെങ്കിലും കോൺഗ്രസിന് എടുത്തുപറയാവുന്ന വിജയം ലഭിച്ചതുമില്ല.

എന്തുകൊണ്ട് തോറ്റു?

ഇന്ത്യ തിളങ്ങുന്നുവെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു 2004 ലെ തെരഞ്ഞെടുപ്പ് ഫലം. അസംബ്ലി തെരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളിൽ വളര്‍ന്നുവരുന്ന അതൃപ്തിയും ഭരണവിരുദ്ധ വികാരവും വിലയിരുത്താതെ പ്രവർത്തിച്ചതും ബിജെപിയുടെ തോൽവിക്ക് കാരണമായി. ഇന്ത്യ തിളങ്ങുന്നുവെന്ന തങ്ങളുടെ മുദ്രാവാക്യം എന്തുകൊണ്ട് താഴേത്തട്ടിൽ പ്രതിഫലിച്ചില്ലെന്നതും അവര്‍ക്ക് വ്യക്തമായി. പോളിസി ഇൻസ്റ്റിറ്റ്യൂട്ടായ ചാതം ഹൗസ് തെരഞ്ഞെടുപ്പ് ഫലം പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം സര്‍ക്കാരിൻ്റെ നേട്ടങ്ങളായിരുന്നില്ല ജനങ്ങൾ പരിഗണിച്ചത്. മറിച്ച്, സേവനങ്ങൾ താഴേത്തട്ടിൽ എത്താതിരുന്നതും എംപിമാര്‍ക്കെതിരായ ഭരണവിരുദ്ധ വികാരവും എല്ലാ പാര്‍ട്ടികളെയും തിരിച്ചടിച്ചു.

ദ ഹിന്ദു ദിനപ്പത്രത്തിൻ്റെ വിശകലനത്തിൽ സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം, സഖ്യങ്ങൾ, ജാതി വിഭാഗങ്ങളുടെ നിലപാട് എന്നിവ യുപി, ഒറിസ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രെൻഡിനെ സ്വാധീനിച്ചുവെന്നാണ് പറഞ്ഞത്. ഗോദ്ര കലാപത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിഭജന രാഷ്ട്രീയ നിലപാടുകൾ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നതായിരുന്നു ഹിന്ദു ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം.

Read Also: 50 കോടി വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം; ഓപറേഷന്‍ താമരയെന്ന് സിദ്ധരാമയ്യ

തെരഞ്ഞെടുപ്പ് വാജ്പേയിയും സോണിയയും തമ്മിലുള്ള പോരാട്ടമായി മാറ്റാനുള്ള ബിജെപി തന്ത്രം പ്രാദേശിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തട്ടി തകരുകയായിരുന്നു. കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായി മാറുകയും 14 പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്തുകയും ചെയ്തു. അങ്ങനെ യുപിഎ എന്ന രാഷ്ട്രീയ സഖ്യത്തിന് രൂപം നൽകി. എന്നാൽ ഈ സഖ്യത്തിൽ വരാതെ മാറി നിന്ന ഇടതുപക്ഷം പൊതു മിനിമം പരിപാടി കോൺഗ്രസിനെ കൊണ്ട് സമ്മതിപ്പിക്കുകയും സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

എന്നാൽ കോൺഗ്രസിൽ നിന്ന് തന്നെ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് എതിരെ രോഷമുയര്‍ന്നു. വിവാദങ്ങൾക്കൊടുവിൽ ലോകമറിയുന്ന സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിന്നിലെ പ്രധാനിയുമായ മൻമോഹൻ സിങ് 2004 മെയ് 22 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയിലെ ആദ്യ സിഖ് പ്രധാനമന്ത്രിയെ ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമായി. അവിടെയാണ് യുപിഎ കാലത്തിന്റെ തുടക്കം.

ഭരണത്തിൽ മികവ്, യുപിഎ മുന്നോട്ട്

അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിന് മുന്നോട്ടുള്ള പോക്ക് അനായാസമായിരുന്നു. സുസ്ഥിരമായ ഭരണവും സാമ്പത്തിക മുന്നേറ്റവും കാഴ്‌ചവച്ച സര്‍ക്കാര്‍ ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പതിക്കുന്ന ഘട്ടത്തിലും പതറാതെ മുന്നോട്ട് പോയി. ജനക്ഷേമ കരമായ പല പദ്ധതികളും – വിവരാവകാശ നിയമം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – നടപ്പാക്കി. സുപ്രധാനമായ ഇന്തോ-യുഎസ് ആണവകരാര്‍ ആണവശക്തിയെന്ന നിലയിൽ ഇന്ത്യ ഒപ്പിട്ട സുപ്രധാന കരാറായിരുന്നു. ഇതിലൂടെ അമേരിക്ക ബന്ധം ശക്തമായെങ്കിലും യുപിഎക്ക് ഇടതുപക്ഷത്ത് നിന്ന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നു. ആണവകരാറിനെ ശക്തമായി എതിര്‍ത്ത ഇടത് പാര്‍ട്ടികൾ അമേരിക്കയ്ക്ക് ഇന്ത്യയുടെ ആണവായുധ പരിപാടിയിലും വിദേശ നയത്തിലും അമിതമായ സ്വാധീനം ചെലുത്താൻ കോൺഗ്രസ് സര്‍ക്കാര്‍ അവസരം നൽകിയെന്ന് വിമര്‍ശിച്ചു.

ഈ ഘട്ടത്തിലാണ് അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ സഖ്യങ്ങളിൽ മാറ്റം സംഭവിക്കുന്നത്. യുപിഎയിലും എൻഡിഎയിലും മാറ്റങ്ങളുണ്ടായി. 2009 ജനുവരിയിൽ കോൺഗ്രസ് ഒരു പ്രഖ്യാപനം നടത്തി. ദേശീയ തലത്തിൽ സഖ്യമുണ്ടാകില്ലെന്നും സംസ്ഥാന തലത്തിൽ കക്ഷികളുമായി സീറ്റ് ധാരണ തുടരുമെന്നുമായിരുന്നു അത്. മഹാരാഷ്ട്രയിലും ഗോവയിലും എൻസിപിയുമായും തമിഴ്‌നാട്ടിൽ ഡിഎംകെ, വിസികെ, എന്നിവരുമായും കേരളത്തിൽ മുസ്ലിം ലീഗുമായും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് പാര്‍ട്ടിയുമായും അവര്‍ സഖ്യത്തിലേക്ക് നീങ്ങി. കശ്മീരിൽ സഖ്യകക്ഷിയായിരുന്ന പിഡിപിയെ കോൺഗ്രസ് ഒഴിവാക്കി. ബിഹാറിലും ഉത്തര്‍പ്രദേശിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു.

ബിജെപിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ ജെഡിയുവുമായി സഖ്യമുണ്ടാക്കിയ അവര്‍ യുപിയിലും ജെഡിയുവിന് രണ്ട് സീറ്റിൽ മത്സരിക്കാൻ അവസരം നൽകി. യുപിയിൽ രാഷ്ട്രീയ ലോക്‌ ദളുമായും ചിലയിടത്ത് സഖ്യമുണ്ടാക്കി. അസമിൽ അസം ഗണ പരിഷത്ത്, മഹാരാഷ്ട്രയിൽ ശിവ സേന, ഹരിയാനയിൽ ഇന്ത്യൻ നാഷണൽ ലോക്‌ ദൾ, പഞ്ചാബിൽ ശിരോമണി അകാലി ദൾ എന്നിവരായിരുന്നു കൂട്ട്. എന്നാൽ 2004 ൽ നിന്ന് വിഭിന്നമായി ടിഡിപി, അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നീ കക്ഷികളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുകയും ചെയ്തു.

ഇടത് പാര്‍ട്ടികൾ മറുവശത്ത് മൂന്നാം ബദലിന് നേതൃത്വം നൽകി. സിപിഐഎം, സിപിഐ എന്നിവരായിരുന്നു ഇതിൻ്റെ മുൻനിരയിൽ. ആന്ധ്രപ്രദേശിൽ ടിആര്‍എസുമായും കര്‍ണാടകത്തിൽ ജനതാദൾ (എസ്) മായും അവര്‍ സഖ്യമുണ്ടാക്കി. അതേസമയം നാലാം മുന്നണിയെന്ന പ്രഖ്യാപനത്തോടെ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, ലോക്‌ ജന ശക്തി പാര്‍ട്ടി തുടങ്ങിയവര്‍ ഒരു ചേരിയായും തെരഞ്ഞെടുപ്പിനെ നേരിട്ടു.

കോൺഗ്രസിൻ്റെ പ്രകടന പത്രിക ഭരണത്തുടര്‍ച്ചയിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിയുമായുള്ള പോരാട്ടത്തെ, ഇന്ത്യൻ ദേശീയതയും ഇന്ത്യയുടെ ഭാവിയും എന്ന വിശാല കാൻവാസിലേക്ക് ഉയര്‍ത്തി രാഷ്ട്രീയ ചര്‍ച്ചയാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അഞ്ച് ഘട്ടമായാണ് 15ാം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. 2009 ഏപ്രിൽ 16 നും മെയ് 13 നും ഇടയിലായിരുന്നു ഇത്. അപ്പോഴേക്കും മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായിരുന്നു. 499 മണ്ഡലങ്ങളെ ഇതിലൂടെ പുനഃസംഘടിപ്പിച്ചു. അന്ന് 58.19% പേരാണ് പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.

Read Also: ഇന്ത്യ ബഹുമത രാജ്യമായി നിലകൊള്ളണമെന്ന് 79% പേർ, ഹിന്ദുരാജ്യമാണെന്ന് 11%

തങ്ങളുടെ സര്‍വശക്തിയുമെടുത്തായിരുന്നു കോൺഗ്രസും ബിജെപിയും മത്സരിച്ചത്. കോൺഗ്രസ് 343 കോടി രൂപയും ബിജെപി 448 കോടി രൂപയും തെരഞ്ഞെടുപ്പിൽ ചെലവാക്കിയെന്നാണ് പിന്നീട് പുറത്തുവന്ന വിവരാവകാശ രേഖ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ മടങ്ങിവരവിനാണ് സാക്ഷിയായത്.

കാൽനൂറ്റാണ്ടിൻ്റെ ചരിത്രം തിരുത്തി കോൺഗ്രസ്

രാജ്യമാകെ 206 സീറ്റായിരുന്നു അന്ന് കോൺഗ്രസ് വിജയിച്ചത്. 1991 ന് ശേഷമുള്ള ഏറ്റവും മികച്ച വിജയമായിരുന്നു കോൺഗ്രസിനിത്. ആന്ധ്രയിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസ് രാജസ്ഥാനിലും മുന്നേറി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും കേരളത്തിലും കോൺഗ്രസ് മടങ്ങിവന്നു. യുപിയിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയെങ്കിലും വലിയ കക്ഷി 23 സീറ്റ് നേടിയ സമാജ്‌വാദി പാര്‍ട്ടിയായിരുന്നു. മറുവശത്ത് ബിജെപിക്ക് 116 സീറ്റ് മാത്രമാണ് ലഭിച്ചത്. ഹിന്ദി ഭാഷാ മേഖലയിൽ രാജസ്ഥാനിലടക്കം കോൺഗ്രസാണ് നേട്ടമുണ്ടാക്കിയത്. യുപിയിലും മധ്യപ്രദേശിലും പോലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടായില്ല. എന്നാൽ ഗുജറാത്ത്, ഛത്തീസ്‌ഗഡ്, കര്‍ണാടകത്തിലും ബിജെപി മുന്നിലെത്തി. സഖ്യകക്ഷികളിൽ ബിഹാറിൽ ജെഡിയു ഒഴികെ മറ്റെല്ലാവരും തിരിച്ചടി നേരിട്ടു. ശിവസേനയെ പിളര്‍ത്തി രാജ് താക്കറെയുടെ നേതൃത്വത്തിൽ തുടങ്ങിയ മഹാരാഷ്ട്ര നവ നിര്‍മാൺ സേന ഇവിടെ ഫലം കോൺഗ്രസിന് അനുകൂലമായതിൽ നിര്‍ണായക പങ്ക് വഹിച്ചതായി പിന്നീട് ദ് ഹിന്ദു എഴുതി.

പ്രധാനമന്ത്രി പദത്തിൽ മൻമോഹൻ സിങ് തന്നെ തുടരുന്നതായിരുന്നു പിന്നീട് കണ്ടത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായി രണ്ട് ടേം മുഴുവൻ ഭരിച്ച പ്രധാനമന്ത്രിയായി അദ്ദേഹം മാറി. നെഹ്റുവിന് ശേഷം തുടര്‍ഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയും അദ്ദേഹമായി. 25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ രാജ്യത്ത് അന്ന് വീണ്ടും അധികാരത്തിലെത്തിയത്.

മൂന്നാം ബദലായി കുതിക്കാനാഞ്ഞ ഇടതുപക്ഷത്തിനെ ജനം കൈവിടുന്നതായിരുന്നു ആ തെരഞ്ഞെടുപ്പ് കണ്ടത്. പശ്ചിമ ബംഗാളിലും കേരളത്തിലും അവര്‍ക്ക് പരാജയമുണ്ടായി. മൂന്ന് ദശാബ്ദത്തിനിടയിൽ ആദ്യമായി രണ്ട് സംസ്ഥാനത്തും അവര്‍ക്ക് ഭൂരിപക്ഷം സീറ്റുകൾ നേടാനായില്ല. കൃത്യമായ സാമ്പത്തിക കാഴ്ചപ്പാടില്ലാത്തതും ഭരണത്തിലെ പരാജയവും ഇതിന് കാരണമായി വിലയിരുത്തപ്പെട്ടു.

എന്നാൽ വോട്ട് വിഹിതത്തിൽ അധികമൊന്നും തെരഞ്ഞെടുപ്പിൽ വിജയം നേടിയവർക്ക് നേട്ടമായി ഉയർത്തിക്കാട്ടാൻ ഉണ്ടായിരുന്നില്ല. 2004 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 സീറ്റുകൾ അധികം ജയിച്ച യുപിഎ മുന്നണിക്ക് 0.13% വോട്ട് മാത്രമാണ് മുൻപത്തെ തവണയെ അപേക്ഷിച്ച് കൂട്ടാനായത്. 2004 നെ അപേക്ഷിച്ച് 61 സീറ്റ് അധികം നേടിയ കോൺഗ്രസിന് 1991 ന് ശേഷം ആദ്യമായി 200 സീറ്റ് എന്ന നാഴികക്കല്ല് പിന്നിടാൻ സാധിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചു.

മൂന്ന് ഘടകങ്ങളാണ് യുപിഎ ക്യാംപിന് ഗുണമായി മാറിയത്. കോൺഗ്രസിൻ്റെ വോട്ട് നേരിയ തോതിൽ വർധിച്ചപ്പോൾ മറുഭാഗത്ത് ബിജെപിക്ക് വോട്ട് കുറയുകയായിരുന്നു. ബിജെപിയുടെ സഖ്യകക്ഷികൾ കനത്ത പരാജയം ഏറ്റുവാങ്ങിയതും യുപിഎയ്ക്ക് അനുകൂലമായി. മറ്റൊന്ന്, കോൺഗ്രസിന് വോട്ട് കൂടിയ ഇടത്തെല്ലാം ബിജെപിയും ഇടതുപക്ഷവും പിന്നിലായി എന്നതുമാണ്.

Read Also: ബുദ്ധമതം വേറിട്ട മതം: ഹിന്ദുക്കൾ മതം മാറാൻ അനുമതി തേടണമെന്ന് ഗുജറാത്ത് സർക്കാരിൻ്റെ സർക്കുലർ

അടിസ്ഥാന ജനവിഭാഗം 2009 ലെ തെരഞ്ഞെടുപ്പിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയെ പിന്തുണച്ചില്ലെന്നതാണ് മറ്റൊരു കാര്യം. എൻഡിഎ തോൽക്കുമെന്ന് ഉറപ്പിച്ച ഇടങ്ങളിലെല്ലാം അവർക്ക് വോട്ട് പ്രതീക്ഷിച്ചതിലും കുറഞ്ഞു. സാധാരണക്കാരും ഉയർന്ന ജാതിക്കാരും താഴ്ന്ന-ഇടത്തരം കുടുംബങ്ങളും വിദ്യാഭ്യാസമുള്ളവരും അടക്കം നഗരങ്ങളിലെ വോട്ടർമാരും എൻഡിഎയെ കൈവിടുന്ന സ്ഥിതിയുണ്ടായി.

രാജ്യത്തെ ഞെട്ടിച്ച രാഷ്ട്രീയ മാറ്റങ്ങൾ

ജനം മികച്ച പിന്തുണ നൽകി തുടർച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറിയ യുപിഎക്ക് പക്ഷെ മൂന്നാം തവണ അധികാരത്തിലേക്ക് എത്താനായില്ല. സാമ്പത്തിക വളർച്ചാ നിരക്ക് താഴ്ന്നത്, അഴിമതി ആരോപണങ്ങൾ എന്നിവ ജനത്തിന് സർക്കാരിനോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായി. 2012 നവംബറിൽ ഡൽഹി കൂട്ടബലാത്സംഗ കേസിന് അരികുപറ്റി അരവിന്ദ് കെജ്രിവാൾ തുടങ്ങിയ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റവും കോൺഗ്രസിന് തിരിച്ചടിയായി. ടുജി സ്പെക്ട്രം അഴിമതിയും കൽക്കരി കുംഭകോണവും കോൺഗ്രസിനെ പടുകുഴിയിലേക്ക് തള്ളിവിട്ടു.

മൂന്നാം വട്ടം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൻമോഹൻ സിങ് മത്സരിച്ചില്ല. പാർട്ടിയുടെ നേതൃത്വത്തിലേക്കും സർക്കാരിനെ നയിക്കാനുമായി രാഹുൽ ഗാന്ധി മുന്നോട്ട് വന്നതായിരുന്നു ഇതിന് കാരണം. ആ കാലത്ത് ദ ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ, നരേന്ദ്രമോദി അധികാരത്തിലേക്ക് വരുന്നതിൽ പരം നാശം രാജ്യത്തിന് സംഭവിക്കാനില്ലെന്ന് മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. എന്നാൽ ആ വാക്കുകളൊന്നും ജനം ചെവിക്കൊണ്ടില്ല. 2014 ൽ യുപിഎയെയും അതിന് നേതൃത്വം നൽകിയ കോൺഗ്രസിനെയും തകർത്തെറിഞ്ഞ് കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എൻഡിഎ സർക്കാർ അധികാരമേറ്റു. കോൺഗ്രസും യുപിഎയും അരങ്ങൊഴിഞ്ഞ അധികാരത്തിൻ്റെ ഇടനാഴിയിൽ നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ അതികായൻ്റെ പുതുപ്പിറവിയായിരുന്നു പിന്നീട് രാജ്യം കണ്ടത്.

വീണ്ടുമൊരു 2004 ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 400 സീറ്റെന്ന സ്വപ്നത്തിലേക്ക് ഓടിയെത്താനാണ് ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസിനാകട്ടെ ഇത് നിലനിൽപ്പിൻ്റെ പോരാട്ടവും. രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ ആരെ തുണയ്ക്കും ആരെ വീഴ്ത്തും എന്നത് 2024 ജൂൺ നാലിന് വ്യക്തമാകും.

Story Highlights : 20 years of India between Manmohan Singh and Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here