Advertisement

ബുദ്ധമതം വേറിട്ട മതം: ഹിന്ദുക്കൾ മതം മാറാൻ അനുമതി തേടണമെന്ന് ഗുജറാത്ത് സർക്കാരിൻ്റെ സർക്കുലർ

April 12, 2024
Google News 2 minutes Read

ബുദ്ധ മതത്തെ പ്രത്യേക മത വിഭാഗമായി കണക്കാക്കി ഗുജറാത്ത് സർക്കാർ ഉത്തരവിട്ടു. ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്കോ ജൈന വിശ്വാസത്തിലേക്കോ, സിഖ് വിശ്വാസത്തിലേക്കോ പരിവർത്തനം ചെയ്യാൻ ഇനി മുതൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ മുൻകൂർ അനുമതി തേടണം. ഗുജറാത്ത് മത സ്വാതന്ത്ര്യ നിയമം 2003 അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം.

ബുദ്ധ മതത്തിലേക്കുള്ള പരിവർത്തനം മജിസ്ട്രേറ്റിൻ്റെ അനുമതിയോടെയല്ല നടക്കുന്നതെന്ന് കണ്ടാണ് ആഭ്യന്തര വകുപ്പ് നയം മാറ്റം നടത്തിയത്. ദസ്സറ പോലുള്ള ആഘോഷ സമയത്ത് ഗുജറാത്തിൽ ബുദ്ധ മതത്തിലേക്ക് കൂട്ട പരിവർത്തനം നടക്കാറുണ്ട്. പതിവായി ദളിതരാണ് ഇത്തരത്തിൽ പരിവർത്തനം നടത്തുന്നതിൽ അധികവും.

Read Also: ‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്കുള്ള പരിവർത്തനത്തിന് മുൻകൂർ അനുമതി തേടേണ്ടതില്ലെന്ന പൊതുധാരണയാണ് സംസ്ഥാനത്തുള്ളതെന്നാണ് പുതിയ ഉത്തരവിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ചില സാഹചര്യങ്ങളിൽ അപേക്ഷകരും സ്വയംഭരണ സംഘങ്ങളും ഈ അനുമതി ആവശ്യമില്ലെന്ന് എഴുതി നൽകാറുമുണ്ട്. എന്നാൽ മതംമാറ്റ അനുമതി തേടുന്ന സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ പോലും ഭരണഘടനയുടെ 25(2) അനുച്ഛേദം പ്രകാരം സിഖ്, ജൈന, ബുദ്ധ വിശ്വാസങ്ങൾ ഹിന്ദുവിശ്വാസത്തിൻ്റെ ഭാഗമാണെന്നും അതിനാൽ മതപരിവർത്തനത്തിന് അനുമതി വേണ്ടെന്നും വ്യക്തമാക്കി അപേക്ഷകരെ മടക്കാറുണ്ടെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ ജില്ലാ മജിസ്ട്രേറ്റുമാർ മത പരിവർത്തന അപേക്ഷകൾ ലഭിക്കുമ്പോൾ വിശദമായി പഠിച്ച ശേഷം സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ കൂടി വിലയിരുത്തിയ ശേഷം മാത്രമേ അനുമതി നൽകാവൂ എന്ന് ഉത്തരവ് ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് ജില്ലാ മജിസ്ട്രേറ്റുമാർക്ക് പോലും ഇക്കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാലാണ് ഉത്തരവിറക്കിയതെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്തിൽ ബുദ്ധമതത്തിലേക്കുള്ള പരിവർത്തനം കൂടുതലും ദളിതരിലാണ് കണ്ടുവരുന്നത്. ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബുദ്ധമത പരിവർത്തനം നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്ന്. ഇവർ സർക്കാർ ഉത്തരവ് സ്വാഗതം ചെയ്തിട്ടുണ്ട്.

ബുദ്ധിസം പ്രത്യേക മതവിഭാഗമാണെന്നത് സർക്കുലറിലൂടെ വ്യക്തമായെന്ന് ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമി സെക്രട്ടറി രമേഷ് ബങ്കർ പറഞ്ഞു. ഭരണതലത്തിൽ ചട്ടങ്ങൾ വ്യാഖ്യാനിച്ചപ്പോൾ മുൻപ് ഉദ്യോഗസ്ഥർക്ക് വന്ന പിഴവാണ് ഇരു മതങ്ങളെയും ഒന്നായി കാണാനുള്ള കാരണം. ഈ സംശയം ദുരീകരിക്കണമെന്നത് തങ്ങളുടെ ആവശ്യമായിരുന്നു. തങ്ങൾ എന്നും നിയമപ്രകാരം ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയാണ് മതപരിവർത്തനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ബുദ്ധമതത്തിലേക്ക് ധർമ്മഗുരുവിൻ്റെ നേതൃത്വത്തിൽ മതപരിവർത്തനം നടക്കുന്നതിന് ഒരു മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് അനുമതി നേടണം. അപേക്ഷയിൽ പേര്, വിലാസം, ജാതി, മതം, വിവാഹം കഴിഞ്ഞോ, ജോലി, മാസ വരുമാനം, പുതിയ മതത്തിന്റെ ഭാഗമായി ജീവിക്കാനുള്ള തീരുമാനം എടുത്ത ശേഷമുള്ള കാലയളവ്, മതപരിവർത്തനത്തിന്റെ കാരണങ്ങൾ, മതപരിവർത്തനനം നടക്കുന്ന സ്ഥലവും തീയതിയും എന്നിവയടക്കം വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തണം.

Read Also: ആർഎസ്എസ് നിർദേശമനുസരിച്ചാണ് കോൺ​ഗ്രസിൽ പോയത്; തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് ബിജെപി നേതാവ്

സംസ്ഥാനത്ത് 2023 ൽ മാത്രം 2000 പേരെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. 2011 ലെ സെൻസസ് രേഖ പ്രകാരം ഗുജറാത്തിൽ 30483 പേരാണ് ബുദ്ധർ. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ അരശതമാനം മാത്രമാണിത്. സെൻസസ് ഉദ്യോഗസ്ഥർ ബുദ്ധ മതവിശ്വാസികളെ ഹിന്ദുക്കളായി രേഖപ്പെടുത്തിയത് കൊണ്ടാണ് കണക്കിൽ ഇത്ര കുറവുണ്ടായതെന്നാണ് ബുദ്ധ മത സംഘടനകളുടെ വാദം.

കഴിഞ്ഞ വർഷം ഒക്ടോബർ 25 ന് അഹമ്മദാബാദിൽ 400 പേർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. 2022 ഒക്ടോബറിൽ 900 പേരും മതപരിവർത്തനം നടത്തി. ഇതിൽ തന്നെ ദളിതരാണ് ഏറെയും. 2016 ൽ ഗോ സംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട വിചാരണക്കിരയായ വാസ്രം സർവയ, രമേഷ് സർവയ എന്നിവരുടെ കുടുംബങ്ങളടക്കം ഹിന്ദു മതം വിട്ട് ബുദ്ധരായി.

സംസ്ഥാനത്ത് പരപ്രേരണയില്ലാതെയാണ് മതപരിവർത്തനങ്ങൾ നടക്കുന്നതെന്ന് ഉറപ്പാക്കാനാണ് ഗുജറാത്ത് മത സ്വാതന്ത്ര്യ നിയമം കൊണ്ടുവന്നത്. വിവാഹത്തിന് വേണ്ടി മതം മാറുന്നത് 2021 ൽ ഇതേ നിയമം ഭേദഗതി ചെയ്ത് സംസ്ഥാനത്ത് തടഞ്ഞിരുന്നു. ഇത്തരത്തിൽ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്ന് തെളിഞ്ഞാൽ 10 വർഷം വരെ തടവും അഞ്ച് ലക്ഷം പിഴയുമാണ് ശിക്ഷ ലഭിക്കുക. ഇത്തരം കേസുകൾ ഡിഎസ്‌പിമാരാണ് അന്വേഷിക്കുക. ആരോപിക്കപ്പെട്ടാൽ പിന്നെ തെളിവുകൾ നിരത്ത് താൻ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയുടേതാകും. അതിനാൽ തന്നെ നിയമഭേദഗതിക്കെതിരെ പരാതികൾ ഉയർന്നു. നിയമഭേദഗതിക്കെതിരായ ഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പുതിയ നീക്കം ആർഎസ്എസ് നയത്തിനെതിര്

2014ൽ ഭോപാലിൽ നടന്ന ആർഎസ്എസ് സമ്മേളനത്തിൽ ജൈന, സിഖ്, ബുദ്ധ വിഭാഗങ്ങളെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നും അത്തരത്തിലുള്ള നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അഭിപ്രായമുയർന്നിരുന്നു.
ജൈന, സിഖ്, ബുദ്ധ മതവിഭാഗങ്ങൾ ഹിന്ദുക്കളിൽ നിന്നും വ്യത്യസ്തരായല്ല മറിച്ച് ഹിന്ദുക്കളായി തന്നെയാണ് പരിഗണിക്കുന്നതെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത് വ്യക്തമാക്കിയിരുന്നു. ഹിന്ദുയിസം ഒരു മതമല്ല, മറിച്ച് ഒരു ജീവിതരീതിയാണെന്നും ഹിന്ദു രാഷ്ട്രം, ദേശീയത എന്ന ആശയങ്ങൾ നമ്മുടെ പുരാതന സംസ്കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നുമാണ് വരുന്നതെന്നും അദ്ദേഹം വാദിച്ചു.എന്നിരുന്നാലും, ഹിന്ദുമതം എല്ലായ്‌പ്പോഴും മറ്റ് സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വ്യത്യസ്ത പാരമ്പര്യങ്ങളെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ആർഎസ്എസ് നയങ്ങൾക്ക് ഘടകവിരുദ്ധമായ തീരുമാനങ്ങളാണ് ഇപ്പോൾ ഗുജറാത്തിൽ നടപ്പിൽ വരുത്തുന്നത്. സർക്കുലറുമായി ബന്ധപ്പെട്ട് ആർഎസ്എസിൻ്റെ പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

Story Highlights : Conversions from Hinduism to Buddhism require prior approval

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here