Advertisement

‘നീതിന്യായ വ്യവസ്ഥ തന്നെ ഒരു അതിജീവിതയെ തോല്‍പിക്കരുത്’: ഡബ്ല്യു.സി.സി.

April 13, 2024
Google News 1 minute Read

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ അട്ടിമറിയിൽ കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ച അതിജീവിതയെ പിന്തുണച്ച് ഡബ്ല്യു.സി.സി. ശക്തമായ നിയമലംഘനമാണ് നടന്നത്.
സ്വകാര്യത മൗലിക അവകാശമാണ്. അത് സംരക്ഷിക്കേണ്ട നീതിന്യായവ്യവസ്ഥ തന്നെ ഇങ്ങനെ ചെയ്യാൻ പാടുണ്ടോയെന്നും ഡബ്ല്യു.സി.സി ചോദിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

2017 നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൽ നിന്നും അതിപ്രധാന വിവരങ്ങൾ ചോർന്നു എന്ന സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുമുള്ള വെളിപ്പെടുത്തൽ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നു. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോൽപ്പിക്കാൻ പാടുണ്ടോ? കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകൾ കാണാൻ ആരേയും അനുവദിക്കില്ല’ എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം.

കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പല തവണ മാറിയിരിക്കുന്നു എന്ന അന്വേഷണ റിപ്പോർട്ടിന്റെ കണ്ടെത്തൽ അവളെ മാത്രമല്ല സമാന സാഹചര്യത്തിൽ നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും മുറിവേൽപ്പിച്ചിരിക്കുന്നു. അവൾ എഴുതിയതു പോലെ “ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ.” സന്ധിയില്ലാതെ അവൾ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം കണ്ടില്ലെന്ന് നടിക്കില്ല എന്നു തന്നെ ഞങ്ങൾ കരുതുന്നു. ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കർക്കശമായ ശിക്ഷണനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഏറെ നിസ്സഹായതയോടെ എന്നാൽ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവർത്തകയ്ക്ക് ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു.

Story Highlights : WCC Support Survivor In Actress Attack Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here