Advertisement

ഇന്ത്യ എന്ന പേരിൽ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാൻ കഴിയാതെ വരുമോ?

April 13, 2024
Google News 2 minutes Read

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ രൂപവൽക്കരിക്കുന്നതിനു മുമ്പും ഇന്ത്യൻ താരങ്ങൾ ഒളിംപിക്സിൽ പങ്കെടുത്തിട്ടുണ്ട്. അതിനു കാരണമായി പറയുന്നത് സ്വന്തം ചെലവിൽ ഏതാനും ഇന്ത്യൻ താരങ്ങളെ (1920ൽ അത്ലലറ്റുകളും ഗുസ്തി താരങ്ങളും) ഒളിംപിക്സിന് അയച്ച സർ ദൊറാബ്ജി ജംഷഡ്ജി ടാറ്റയുടെ വ്യക്തിപ്രഭാവത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി മാനിച്ചതുകൊണ്ടാണ് എന്നാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ അംഗീകാരം രാജ്യാന്തര ഒളിംപിക് കമ്മിറ്റി റദ്ദാക്കുമോ എന്ന ആശങ്കയിലാണു രാജ്യം. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ എന്ന പേരിൽ മത്സരിക്കാൻ കഴിയാതെ വരും. അതും ഒരു ഒളിംപ്യൻ പ്രസിഡൻറും ഒളിംപിക് മെഡൽ ജേതാക്കൾ ഭരണ സമിതി അംഗങ്ങളും ആയിരിക്കെ.

പാരിസ് ഒളിംപിക്സ് മൂന്നു മാസം മാത്രം അകലെ നിൽക്കെ ഇന്ത്യൻ ഒളിംപിക് അ സോസിയേഷനിലെ പ്രതിസന്ധിക്കു പരിഹാരമായിട്ടില്ല. മാത്രമല്ല, അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.ഉഷയും ഭരണ സമിതിയായ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും രണ്ടു ചേരിയിൽ തുടരുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്ര സർക്കാർ കാഴ്ചക്കാരായി മാറി.

പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കാൻ (ചെഫ് ഡി മിഷൻ) നിയോഗിക്കപ്പെട്ട മേരി കോം കഴിഞ്ഞ ദിവസം തൽസ്ഥാനം വേണ്ടെന്നു പറഞ്ഞ് ഉഷയ്ക്കു കത്തു കൊടുത്തു.വ്യക്തിപരമായ കാരണങ്ങൾ എന്നാണു വിശദീകരണം. മാർച്ച് 21നാണ് സംഘത്തെ നയിക്കാൻ മേരി കോമിനെ നിയമിച്ചത്.ഒരു ഒളിംപിക് മെഡൽ വിജയി, അതിനൊപ്പം ആറു തവണ ലോക ചാംപ്യനായ താരം ഇന്ത്യൻ സംഘത്തെ നയിക്കുന്നത് എത്ര അഭിമാനകരമായിരിന്നു. എന്നാൽ പാരിസിൽ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക പിടിക്കാൻ ടേബിൾ ടെന്നിസ് താരം ശരത് കമലിനെ തിരഞ്ഞെടുത്തത് വൻ വിവാദമായി. അഞ്ജു ബോബി ജോർജ് ആണ് പ്രതിഷേധവുമായി ആദ്യം രംഗത്തു വന്നത്.നീരജ് ചോപ്രയ്ക്കാണ് ആ ബഹുമതി നൽകേണ്ടതെന്നാണ് അഞ്ജുവിൻ്റെ വാദം. മേരി കോമും ശരത് കമലുമാണ് പല തീരുമാനങ്ങളിലും ഉഷയ്ക്കൊപ്പം നിന്നത് .

ഇന്ത്യൻ സംഘത്തിൻ്റെ ഉപ മേധാവിയായി നിയമിച്ചിരിക്കുന്നത് ശിവകേശവനെയാണ്. ശീതകാല ഒളിംപിക്സിൽ ആറു തവണ മത്സരിച്ച ശിവകേശവന് ഗ്രീഷ്മകാല ഒളിംപിക്സിൽ എന്തുകാര്യമെന്ന് ,ഭാഗ്യത്തിന് ആരും ചോദിച്ചില്ല.

2022 ഡിസംബർ 10 ന് പി.ടി.ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയൻ്റെ നേതൃത്വത്തിൽ വന്നപ്പോൾ വലിയ പ്രതീക്ഷയാണ് ഉയർന്നത്.സംസ്ഥാന ഒളിംപിക് അസോസിയഷനുകളുടെ വോട്ടവകാശം റദ്ദാക്കുകയും അത്ലറ്റ്സ് കമ്മിഷൻ നാമനിർദേശം ചെയ്യുന്ന എട്ടു പ്രമുഖ താരങ്ങൾക്ക് വോട്ടവകാശം നൽകുകയും (അതിൽ ഒരാളാണ് ഉഷ) പ്രമുഖ താരങ്ങൾ ഭരണ സമിതിയിൽ എത്തുകയുമൊക്കെ ചെയ്തപ്പോൾ വലിയ മാറ്റം പ്രതീക്ഷിച്ചു.സെക്രട്ടറി ജനറലിനു പകരം വോട്ടവകാശമില്ലാത്ത സി.ഇ.ഒയെ നിയമിക്കാനുള്ള ഭരണഘടനാ ഭേദഗതി അസോസിയഷനിലെ രണ്ട് അധികാര കേന്ദ്രങ്ങൾ ഒഴിവാക്കപ്പെടും എന്ന പ്രതീതിയും ജനിപ്പിച്ചു. പക്ഷേ, സി.ഇ.ഒ നിയമനത്തോടെ ഉഷ ഒരു വശത്തും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ മറുവശത്തുമായി. സി.ഇ.ഒ ആയി രഘുറാം അയ്യരെ കഴിഞ്ഞ ജനുവരി ആറിനാണ നിയമിച്ചത്.

ഐ.പി.ൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ മുൻ മേധാവിയാണ് അയ്യർ.ഇതിനെതിരെ എക്സിക്യൂട്ടീവ് കൗൺസിലിലെ 15 അംഗങ്ങളിൽ 12 പേരും പരസ്യമായി രംഗത്തുവന്നു. ഇപ്പോൾ ഇതാ, രഘുറാം അയ്യരെ മാത്രമല്ല, കഴിഞ്ഞ വർഷം ജൂൺ ഏഴിന് ,ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് ആയി നിയമിക്കപ്പെട്ട ക്യാപ്റ്റൻ അജയ് നരങ്ങിനെയും പുറത്താക്കിക്കൊണ്ട് ഭരണ സമിതി അംഗങ്ങൾ രംഗത്തു വന്നിരിക്കുകയാണ്. അനധികൃതമായി ആരും ഒളിംപിക് ഭവനിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് കൗൺസിലിലെ ഒൻപത് അംഗങ്ങൾ ഏപ്രിൽ അഞ്ചിന് നോട്ടിസ് പതിച്ചു.ഇതിനെതിരെ രംഗത്തു വന്ന പി.ടി.ഉഷ, നോട്ടിസ് നീക്കാനും താനും തൻ്റെ ഓഫിസും നിർദേശിക്കുന്നതു മാത്രം അനുസരിച്ചാൽ മതിയെന്നും ജീവനക്കാർക്ക് നിർദേശം നൽകിയെന്ന് കേൾക്കുന്നു.
നിയമനവും പിരിച്ചുവിടലും എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ പണിയല്ലെന്നും തൻ്റെ അധികാരമാണെന്നും പി.ടി.ഉഷ കഴിഞ്ഞ എട്ടിന് വ്യക്തമാക്കിയിരുന്നു.
പക്ഷേ, പുതിയ ഭരണഘടന പറയുന്നത് സി.ഇ.ഒ യെ പ്രസിഡൻറും രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗവും അത്ലറ്റ്സ് കമ്മിഷൻ അധ്യക്ഷയും ചേർന്ന് നാമനിർദ്ദേശം ചെയ്യണമെന്നാണ്. ഈ നാമനിർദേശം ഭരണ സമിതി അംഗീകരിക്കണം. ശരിയായി ചർച്ച ചെയ്യാതെ നിർബന്ധിച്ച് തങ്ങളെക്കൊണ്ട് അംഗീകരിപ്പിച്ചെന്നാണ് ഭരണസമിതി അംഗങ്ങൾ ആരോപിച്ചത്.

ഇതിനിടെ ഐ.ഒ.എ. മുൻ പ്രസിഡൻ്റ് ന രീന്ദർ ബത്ര പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ഉഷയോട് നിർദേശിച്ചു രംഗത്തെത്തി. ബത്രയുടെ പ്രസ്താവനയിലെ വാക്കുകൾ പക്ഷേ. ഉഷയ്ക്ക് എതിരാണ്. സങ്കൽപ്പിക്കുന്ന അധികാരങ്ങൾ ഐ.ഒ.എ.പ്രസിഡൻ്റിന് ഇല്ലെന്നാണ് ബത്രയുടെ വാദം. “ഹയറിങ് ആൻഡ് ഫയറിങ് ” ( നിയമനവും പിരിച്ചുവിടലും) എന്ന ഉഷയുടെ പ്രയോഗം ബത്ര ഉഷയ്ക്കെതിരെ ഉപയോഗിക്കുന്നു.”നിയമിക്കാൻ അധികാരമുള്ളവർക്ക് പിരിച്ചുവിടുവാനും അധികാരമുണ്ട്” .എക്സിക്യൂട്ടീവ് കൗൺസിലിനെ ഉദ്ദേശിച്ച് ബത്ര പറയുന്നു. അതിലുപരി ഐ.ഒ.എ ഇപ്പോൾ ഒരു വ്യവസായ സ്ഥാപനത്തിൻ്റെ നിയന്ത്രണത്തിൽ ആണെന്നു കേൾക്കുന്നെന്നും ഇക്കാര്യത്തിൽ പി.ടി.ഉഷ വിശദീകരണം നൽകണമെന്നുമുള്ള നരീന്ദർ ബത്രയുടെ ആവശ്യം വരും ദിവസങ്ങളിൽ ചർച്ചയാകാം.

ഐ.ഒ.എയിലെ പ്രശ്നങ്ങൾ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ താരങ്ങളുടെ തയാറെടുപ്പിനെ ബാധിക്കില്ലായിരിക്കാം. പക്ഷേ, സർക്കാർ തലത്തിൽ ഒരു അനുരഞ്ജനം നടക്കണമെങ്കിൽ ജൂൺ നാലിന് തിരഞ്ഞെടുപ്പു ഫലം വന്നു കഴിയണം. അതിനു മുമ്പ് ഐ.ഒ.സി. കടുത്ത നടപടിയിലേക്കു നീങ്ങിയാൽ നാണക്കേടാകും.സി.ഇ.ഒ നിയമനം വൈകിയപ്പോൾ അംഗീകാരം റദ്ദാക്കുമെന്ന് ഐ.ഒ.സി. താക്കീത് നൽകിയിരുന്നു. യോജിച്ചു നീങ്ങിയില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ഉഷ തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പക്ഷേ, യോജിപ്പിന് മുൻകൈയെടുക്കേണ്ടത് പി.ടി.ഉഷയല്ലേ?

Story Highlights : Will India not be able to participate in the Paris Olympics?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here