Advertisement

ബിഹാറില്‍ സിപിഐ വെട്ടി; ജെഎന്‍യു സമരസ്മരണകളുണർത്തി കനയ്യ ഡല്‍ഹിയില്‍

April 15, 2024
Google News 2 minutes Read

രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നിലനിൽക്കേണ്ടതുണ്ട് എന്നുപറഞ്ഞാണ് 2021ൽ ജെഎൻയു മുൻ വിദ്യാർഥി നേതാവും ബിഹാറിൽ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത്. കനയ്യ കുമാറിൻ്റെ സ്ഥാനാർഥിത്വം കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതാവട്ടെ പഴയതും പുതിയതുമായ കാവൽക്കാരുടെ വിജയക്കൂട്ടുകെട്ട് എന്ന് പറഞ്ഞുകൊണ്ടാണ്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസ്-ഇന്ത്യാ മുന്നണിക്കു വേണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധിയാണ് കനയ്യകുമാറിനെ തെരഞ്ഞെടുത്തത്. ജെഎൻയുവിൽ വിദ്യാർഥി നേതാവായിരുന്ന കാലത്ത് നടത്തിയ സമരങ്ങളിലൂടെ കനയ്യ ഡൽഹിക്കാർക്ക് സുപരിചിതനാണ്. കനയ്യ കുമാർ രണ്ടാം രണ്ടാം തവണയാണ് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സിപിഐ ടിക്കറ്റിൽ ബെഗുസരയിൽ നിന്ന് 2019ൽ പഞ്ചായത്തീരാജ് മന്ത്രി ഗിരാജ് സിങ്ങിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ബിജെപിയുടെ കരുത്തനും പൂർവാഞ്ചലി സെലിബ്രിറ്റിയും രണ്ട് വട്ടം എംപിയുമായ മനോജ് തിവാരിയാണ് കനയ്യയുടെ എതിരാളി. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ഭോജ്പുരി സംസാരിക്കുന്ന ആളുകളെയാണ് പൂർവാഞ്ചലി എന്ന് വിളിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം ഡൽഹിയിൽ സെറ്റിലായവരാണ്. ഈ വോട്ടുബാങ്കിനെ ലക്ഷ്യമിട്ടാണ് ബീഹാറിയായ കനയ്യകുമാറിനെ നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ പരിഗണിച്ചത്. പൂർവാഞ്ചലി ആയതുകൊണ്ട് മാത്രമല്ല കോൺഗ്രസ് ഉയിർത്തെഴുന്നേറ്റ് വരുമ്പോൾ തലസ്ഥാനത്ത് ഭാവിനേതാക്കളിൽ ഒരാളായി കനയ്യ അവിടെ വേണമെന്ന കണക്കുകൂട്ടലിൻ്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി കനയ്യയുടെ സ്ഥാനാർഥിത്വത്തിന് മുൻകൈയ്യെടുത്തെതെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. കനയ്യ കുമാർ ഇപ്പോൾ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പാർട്ടി വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ചുമതലക്കാരനാണ്.

Read Also: സിഎഎ നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും ബിജെപി പ്രകടന പത്രികയില്‍ എന്‍ആര്‍സി ഇല്ല

കനയ്യ കുമാറും സിപിഐ ബിഹാർ ഘടകവും തമ്മിൽ ഒട്ടേറെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിനായുള്ള ഓൺലൈൻ ക്രൗഡ് ഫണ്ടിങ്, നേതൃത്വമാറ്റം തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കനയ്യ മുന്നോട്ട് വെച്ചത്. എന്നാൽ പാർട്ടി ഈ ആവശ്യങ്ങളെല്ലാം തള്ളുകയാണുണ്ടായത്. സിപിഐയുടെ ഭാവി നേതാവായിട്ടായിരുന്നു കനയ്യ കുമാറിനെ കണ്ടിരുന്നത്.സംസ്ഥാന ഘടകവുമായി കലഹത്തിലായിരുന്നെങ്കിലും കനയ്യ കോൺഗ്രസിൽ ചേർന്നത് കുറച്ചുകാലം പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടി വിടുന്നവർക്ക് അടിസ്ഥാനവർഗ്ഗ ജനത്തിന് വേണ്ടി പോരാടാൻ താത്പര്യമില്ലെന്നാണ് അർത്ഥം. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ചതിയാണ് കനയ്യയുടെ കോൺഗ്രസ് പ്രവേശനം. സംഘപരിവാറിൻ്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായപ്പോൾ സംരക്ഷിച്ചത് പാർട്ടിയാണ്. എന്നിട്ടും കനയ്യ ചതിച്ചു എന്നായിരുന്നു സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്.

2019ൽ തെരഞ്ഞെടുപ്പ് സമയത്താണ് ആർജെഡിയും കനയ്യ കുമാറും തമ്മിൽ തെറ്റിയത്. മതേതര വോട്ടുകൾ ഭിന്നിക്കുമെന്നതിനാൽ ബെഗുസരയിൽ മത്സരിക്കരുതെന്ന് ആർജെഡി നേതൃത്വം കനയ്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കനയ്യ അതിന് ഒരുക്കമായിരുന്നില്ല. ആർജെഡി കണക്കുകൂട്ടിയപോലെ തന്നെ വോട്ടുകൾ ഭിന്നിക്കുകയും വിജയസാധ്യതയുണ്ടായിരുന്ന ആർജെഡി സ്ഥാനാർഥി തൻവീർ ഹസൻ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടുകയും ചെയ്തു. കനയ്യ കുമാറാകട്ടെ മൂന്നാം സ്ഥാനത്തായിരുന്നു. അന്നുമുതൽ കനയ്യയുമായി അകൽച്ചയിലാണ് ആർജെഡി. കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തെയും ആർജെഡി ശക്തമായി എതിർത്തിരുന്നു.

Read Also: സിഎസ്‌ഡിഎസ്-ലോക്‌നീതി പ്രീ പോൾ സര്‍വേ: തെരഞ്ഞടുപ്പിൽ ബിജെപിക്ക് മുൻതൂക്കം; അതൃപ്തരുടെ എണ്ണത്തിൽ വർദ്ധനവ്

ഇന്ത്യാ മുന്നണിയുടെ ഭാഗമായ ലാലു പ്രസാദിൻ്റെ ആർജെഡിക്കും, സിപിഐക്കും കനയ്യയെ ബിഹാറിൽ മത്സരിപ്പിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. കോൺഗ്രസ് ഈ മുന്നണികളുടെ അഭിപ്രായത്തെ മാനിച്ച് കനയ്യയെ ബിഹാറിൽ മത്സരിപ്പിക്കാതെ ഡൽഹിയിൽ സ്ഥാനാർഥിയാക്കുകയാണ് ചെയ്തതെന്നാണ് കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ആംആദ്മിയുടെ പിന്തുണയോടെ കനയ്യയ്ക്ക് വിജയിക്കാനാകും എന്നു തന്നെയാണ് കോൺഗ്രസിൻ്റെ കണക്കുകൂട്ടൽ.

Story Highlights : Kanhaiya Kumar is to contest from northeast Delhi and not from Begusarai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here