Advertisement

സിഎസ്‌ഡിഎസ്-ലോക്‌നീതി പ്രീ പോൾ സര്‍വേ: തെരഞ്ഞടുപ്പിൽ ബിജെപിക്ക് മുൻതൂക്കം; അതൃപ്തരുടെ എണ്ണത്തിൽ വർദ്ധനവ്

April 15, 2024
Google News 3 minutes Read

എൻഡിഎ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനത്തിൽ കടുത്ത അതൃപ്തിയുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ്. സര്‍ക്കാരിനെതിരെ കടുത്ത അതൃപ്തിയുള്ളവരുടെ എണ്ണം മുൻപ് 30% ആയിരുന്നത് ഇപ്പോൾ 39% ആണ്. തൃപ്തിയുള്ളവ‍ര്‍ക്ക് ഇപ്പോഴും മേൽക്കൈ ഉണ്ടെങ്കിലും 2019 നെ അപേക്ഷിച്ച് ഇവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. 2019 ൽ 65% പേര്‍ എൻഡിഎ ഭരണത്തിൽ പൂര്‍ണ തൃപ്തിയും ഏറെക്കുറെ തൃപ്തിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിഭാഗം ഇപ്പോൾ 57% ആണ്. അതൃപ്തി രേഖപ്പെടുത്തിയവ‍രിൽ കൂടുതൽ ദക്ഷിണേന്ത്യക്കാരാണ്. രാജ്യത്ത് തന്നെ രാഷ്ട്രീയ പ്രവചനം നടത്തി സത്പേര് നേടിയ സിഎസ്‌ഡിഎസ്-ലോക്‌നീതി പ്രീ പോൾ സര്‍വേ ഫലമാണ് ഭരണമുന്നണിയായ എൻഡിഎയ്ക്ക് 12% പോയിൻ്റ് ഭൂരിപക്ഷം തെരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ടെന്ന് പ്രവചിക്കുന്നത്.

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന റിപ്പോര്‍ട്ട്, വൻ മുന്നേറ്റം പ്രതീക്ഷിക്കുന്ന എൻഡിഎ ക്യാംപിന് ആശ്വാസകരമാണ്. മോദി ഫാക്ടറാണ് എൻഡിഎയുടെ മുന്നേറ്റം പ്രവചിക്കുന്നതിൻ്റെ പ്രധാന കാരണം. എന്നാൽ വെല്ലുവിളികളും എൻഡിഎയ്ക്ക് മുന്നിലുണ്ട്. ജീവൽപ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ഘടകമാണെന്നും വോട്ട് ആര്‍ക്ക് വീഴുമെന്നതിനെ ഇത് സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണ് താഴേത്തട്ടിൽ പ്രധാന ചര്‍ച്ചയാകുന്നത്.

Read Also: ‘സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷം കൂടി’; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം എന്നിവയാണ് മോദി സര്‍ക്കാരിനെതിരായ വികാരത്തിന്റെ മൂന്ന് പ്രധാന ഘടകങ്ങൾ. വിവിധ കേന്ദ്ര പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്താത്തതാണ് ഇതിന് കാരണമായി പറയുന്നത്. പ്രതിപക്ഷത്തെ പിന്തുണക്കുന്നവരിൽ പകുതി പേരും ഈ ഘടകങ്ങളാണ് സര്‍ക്കാരിനെ വിമര്‍ശിക്കാൻ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം അയോധ്യ രാമക്ഷേത്രം നിര്‍മ്മാണം കേന്ദ്രസര്‍ക്കാരിന്റെ വലിയ നേട്ടമായാണ് രാജ്യമാകെയുള്ള വോട്ടര്‍മാരിൽ ഭൂരിപക്ഷവും കാണുന്നത്. അതിൽ എൻഡിഎ അനുകൂലികളിൽ മൂന്നിലൊന്ന് പേരും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായാണ് കാണുന്നത്.

കേന്ദ്രസര്‍ക്കാരിന് ഇനിയൊരു അവസരം നൽകാതിരിക്കാൻ, സര്‍വേയിൽ പ്രതികരിച്ചവര്‍ കാരണമായി പറഞ്ഞതും വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം എന്നീ ഘടകങ്ങളാണ്. മോദി മഹാനായ നേതാവ്, മോദി സര്‍ക്കാരിൻ്റെ ക്ഷേമ പദ്ധതികൾ, സര്‍ക്കാരിൻ്റെ മികച്ച പ്രവര്‍ത്തനം എന്നിവയാണ് മറുവശത്ത് എൻഡിഎ സര്‍ക്കാരിനെ തുടര്‍ഭരണം കിട്ടുന്നതിന് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. സര്‍വേയുടെ ആകെത്തുക, രാജ്യത്ത് മികച്ച ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നതാണ്.

സര്‍വേയിൽ പങ്കെടുത്ത 48% പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെയാണ് അനുകൂലിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം 27% മാത്രമാണ്. 56% പേര്‍ മോദിയുടെ ഗ്യാരന്റികളിൽ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. എന്നാൽ 49% പേര്‍ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങളിലും വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. സമ്പന്ന വിഭാഗം മോദിയുടെ ഗ്യാരണ്ടികളിൽ വലിയ തോതിൽ വിശ്വാസം അര്‍പ്പിക്കുമ്പോൾ ഇടത്തരം കുടുംബങ്ങൾ ഇരു നേതാക്കളുടെയും വാഗ്ദാനങ്ങളിൽ ഒരേപോലെ വിശ്വാസമര്‍പ്പിക്കുന്നവരാണ് എന്നും സര്‍വേ ഫലത്തിൽ പറയുന്നു.

Story Highlights : The majority of people continue to be pleased with the NDA government; however, the figures have dropped down compared to the 2019 pre-poll survey.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here