കംബോഡിയയിൽ സൈബർ അടിമയായി മലയാളിയും

എട്ടുനിലയുള്ള കെട്ടിടം. അതിനുള്ളിലേതോ കോണിൽ ഒരു ചെറിയ ക്യുബിക്കിൾ. ഈ കൂടിനുള്ളിലെ കമ്പ്യൂട്ടറിന് മുന്നിലായിരിക്കും ദിവസത്തിൻ്റെ പകുതിയിലധികവും. തരമനുസരിച്ച് ആണായും പെണ്ണായും ചാറ്റ്ബോക്സിൽ മോഹവല തീർക്കണം. ഇവിടെ ചെറിയ തെറ്റുകൾക്കു പോലും സ്ഥാനമില്ല. കാരണം, തെറ്റിന് ജീവൻ്റെ വിലയുണ്ട്. ചെറിയ തെറ്റുകൾക്കുപോലും ശമ്പളം വെട്ടിക്കുറയ്ക്കും. വലിയ കെട്ടിടത്തിനുള്ളിലെ മറ്റ് സ്ഥലത്തേക്ക് പ്രവേശനമില്ലാത്തതിനാൽ അവിടെ എന്താണ് നടക്കുന്നതെന്നതിനേക്കുറിച്ച് ഊഹിക്കാൻ പോലും സാധിക്കില്ല. കൂടെ ജോലി ചെയ്യുന്നവരെക്കുറിച്ച് അറിയില്ല, അവരോട് മിണ്ടാൻ അനുവാദമില്ല. ശബ്ദമായിരുന്നു അഭിലാഷിൻ്റെ ജീവിതമാർഗ്ഗം. ആ ശബ്ദം മറ്റൊരാളുടെ ജീവിതം തകർക്കുന്നതിന് കാരണമാകുന്നത് അംഗീകരിക്കാൻ അഭിലാഷിന് സാധിക്കുമായിരുന്നില്ല. റിക്രൂട്ടറുടെ ഇംഗിതമനുസരിച്ച് ജോലിചെയ്തില്ലെങ്കിലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് തുടക്കത്തിൽ അഭിലാഷിന് അറിയില്ലായിരുന്നു. എന്നാൽ എതിർപ്പ് പ്രകടിപ്പിക്കുന്തോറും അഭിലാഷിനെ മാനസികമായി അവർ തളർത്തിക്കൊണ്ടിരുന്നു. അടിമജീവിതത്തിനും മനസാക്ഷിക്കുമിടയിലുള്ള നൂൽപ്പാലത്തിലൂടെ അഭിലാഷ് നേരിട്ടത് സിനിമയെ വെല്ലുന്ന രീതിയിലുള്ള മാഫിയാ സംഘങ്ങളുടെ ക്രൂരതയെയാണ്. കംബോഡിയയിൽ ഉപജീവനമാർഗ്ഗം തേടിപ്പോയ ഈ യുവാവിനെ കാത്തിരുന്നത് ഭയം കാരണം ഉറക്കമില്ലാത്ത രാത്രികളായിരുന്നു.
മെച്ചപ്പെട്ട ജോലി, മികച്ച ശമ്പളം… മറ്റേതൊരു മലയാളി യുവാവും കാണുന്ന സ്വപ്നം മാത്രമേ അഭിലാഷിനും ഉണ്ടായിരുന്നുള്ളു. നൗക്കറി എന്ന ഓൺലൈൻ തൊഴിലന്വേഷണ ആപ്പിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് നല്ല ജോലിക്കായുള്ള അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു റിക്രൂട്ടർ നൗക്കറി വഴി ബന്ധപ്പെട്ടത്. നൗക്കറി വഴി ലഭിച്ച ജോലി ആയതുകൊണ്ടുതന്നെ പറ്റിക്കപ്പെടില്ലെന്ന് ഒരു വിശ്വാസവും അഭിലാഷിന് ഉണ്ടായിരുന്നു. ഓഫർ ലെറ്ററും കൃത്യമായി നൽകി. നാട്ടിൽ ആകെയുള്ള ബന്ധുവിനോട് യാത്ര പറഞ്ഞ് അഭിലാഷ് കംബോഡിയയിലേക്ക് പറന്നു. എന്നാൽ അവിടെ എത്തിയപ്പോൾ കഥയാകെ മാറി. റിക്രൂട്ടർ പറഞ്ഞതുപോലെയുള്ള ജോലിയല്ല തന്നെ കാത്തിരിക്കുന്നതെന്ന തിരിച്ചറിവ് അഭിലാഷിനെ മാനസികമായി തളർത്തി.
Read Also: മരുഭൂമി മുതല്‍ യുദ്ധഭൂമി വരെ
ആലപ്പുഴ സ്വദേശിയായ അഭിലാഷ് 2023 ജൂണിലാണ് ഓൺലൈൻ കാസിനോ ജോലിക്ക് കംബോഡിയയിലേക്ക് പോയത്. കംബോഡിയയിലെ ജീവിതത്തെക്കുറിച്ച് അഭിലാഷ് പറയുന്നതിങ്ങനെ “നാട്ടിൽ ഫ്രീലാൻസ് വോയ്സ് ആർട്ടിസ്റ്റായിട്ടായിരുന്നു ജോലി. എന്നാൽ അതുകൊണ്ടുമാത്രം ജീവിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് നൗക്കറി പോലുള്ള തൊഴിൽ സൈറ്റുകളിൽ റജിസറ്റർ ചെയ്തിരുന്നു. അങ്ങനെയാണ് കംബോഡിയയിലേക്കുള്ള ജോബ് ഓഫർ വന്നത്. ഓൺലൈൻ കസീനോയിലുള്ള ജോലി എന്നാണ് പറഞ്ഞിരുന്നത്. സെയിൽസ് കസ്റ്റമർ സർവ്വീസാണ് സെക്ഷൻ. ഫോൺ കാൾ വഴിയും വാട്സാപ്പിലൂടെയും കസ്റ്റമേഴ്സിൻ്റെ സംശയങ്ങൾക്ക് മറുപടി പറയുന്ന ബിപിഒ അല്ലെങ്കിൽ കാൾ സെൻ്ററിലെന്ന പോലെയുള്ള ജോലി. 60,000 രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. ഇവിടെ അങ്ങനെയൊരു ഓഫർ ബിപിഒ ജീവനക്കാരന് ലഭിക്കില്ലല്ലോ. ഓഫർ ലെറ്ററിലും ഇതേ വിവരങ്ങളാണ് പറഞ്ഞിരുന്നത്. ആറുപേരടങ്ങുന്ന ഒരു സംഘമായിട്ടാണ് ഞങ്ങൾ പോയത്. കേരളത്തിൽ നിന്ന് ഞാൻ മാത്രം. ബാക്കിയുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. അവർക്കൊന്നും വലിയ വിദ്യാഭ്യാസമില്ലായിരുന്നു. നൗക്കറി ഒക്കെ ഉത്തരവാദിത്വമുള്ള ആപ്പായിരിക്കും എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം. മാത്രവുമല്ല കമ്പനിയുടെ ഓഫർ ലെറ്റർ വളരെ കൺവിൻസിങ് ആയിരുന്നു. റിക്രൂട്ടറും നല്ല പെരുമാറ്റം. അങ്ങനെ 2023 ജൂണിൽ ഞാൻ കംബോഡിയയിലെത്തി. താമസമെല്ലാം അവർ തന്നെ തന്നിരുന്നു. ആദ്യത്തെ കുറച്ചു ദിവങ്ങൾ വലിയ പ്രയാസമില്ലാതെ പോയി എന്നാൽ പതിയെ അവരുടെ ഡിമാൻ്റുകൾ മാറിത്തുടങ്ങി. കൂടുതലാളുകളെ ഗെയിമിങ്ങിലേക്ക് ആകർഷിക്കണം. അതിന് ചിലപ്പോൾ സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മെസേജ് ചെയ്യേണ്ടി വരും. ആളുകളെ പറ്റിച്ച് പണമുണ്ടാക്കലാണ് എന്റെ ജോലിയെന്ന് തിരിച്ചറിവ് എന്നെ തളർത്തി. ഉള്ള ധൈര്യത്തിൽ അവരുടെ രീതിയിൽ ജോലി ചെയ്യാനാവില്ലെന്ന് പറഞ്ഞതോടെയാണ് പീഡനങ്ങളുടെ തുടക്കം. പിന്നീട് മാനസികമായി തളർത്താനുള്ള ശ്രമമായി. ശമ്പളം പകുതിയായി കുറച്ചു. ആദ്യത്തെ മാസം മാത്രം പകുതി ശമ്പളം നൽകി. അവിടെ തുടർന്നാൽ ജീവൻ പോലും ആപത്തിലായേക്കുമെന്ന ഭീതിയിലായി ഞാാൻ. എന്നാൽ ഞാനൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എനിക്കൊപ്പം ജോലിക്കെത്തിയ ആർക്കും അവർ പറയുന്ന പോലെ തൊഴിൽ ചെയ്യാൻ യാതൊരു മടിയും ഇല്ലായിരുന്നു”– അഭിലാഷ് പറഞ്ഞു.
കംബോഡിയയിൽ എത്തിയപ്പോൾ തന്നെ അഭിലാഷിൻ്റെയടക്കം പാസ്പോർട്ട് അവർ വാങ്ങിവെച്ചിരുന്നു. താമസ സ്ഥലത്ത് നിന്ന് പുറത്തുപോകാൻ അനുവാദമുണ്ടെങ്കിലും ഇവിടെ നിന്ന് രക്ഷപെടാൻ ഒരു മാർഗവും ഇല്ലായിരുന്നെന്നും അഭിലാഷ് പറയുന്നു. ആളുകളെ പറ്റിച്ച് പണം തട്ടാൻ ശ്രമിച്ചില്ലെങ്കിൽ മാനസികമായി പീഡിപ്പിച്ച് ജീവനക്കാരെ മാറ്റിയെടുക്കാൻ അവർക്ക് (കംബോഡിയ സംഘം) സാധിക്കുമായിരുന്നു. ജോലിയിൽ തുടരാൻ താൽപര്യമില്ലെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോകണമെന്നും പറഞ്ഞപ്പോൾ പണം നൽകിയാൽ നാട്ടിലേക്ക് മടക്കി അയക്കാമെന്നായിരുന്നു മറുപടിയെന്നും അഭിലാഷ് പറഞ്ഞു.
“ചൈനാക്കാരാണ് കമ്പനിക്ക് പിന്നിൽ. നമുക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത് ഇംഗ്ലീഷ് അറിയാവുന്ന മലേഷ്യക്കാരായിരിക്കും. എനിക്കൊപ്പം ഇന്തൊനേഷ്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. ജോലിയിൽ തീരെ തുടരാൻ കഴിയില്ല എന്നറിയിച്ചപ്പോൾ രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നതായിരുന്നു ആവശ്യം. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി പോയ എനിക്ക് രണ്ടരലക്ഷം രൂപ ചിന്തിക്കാൻ പോലുമാകാത്ത തുകയായിരുന്നു. എങ്ങനേലും ജോലിചെയ്ത് ആ പണം അവർക്ക് തിരികെ നൽകി നാട്ടിലേക്ക് മടങ്ങാമെന്ന തീരുമാനത്തിൽ ഞാനെത്തി. എന്നാൽ ഇംഗ്ലീഷ് അറിയാവുന്ന എന്നെ നാട്ടിലേക്ക് വിടാൻ അവർക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. അതിന് വേണ്ടി എൻ്റെ ശമ്പളം പിന്നെയും വെട്ടിക്കുറച്ചു. ഇതോടെ രണ്ട് വർഷം ജോലി ചെയ്താലും എനിക്ക് രണ്ടരലക്ഷം കമ്പനിക്ക് മടക്കിനൽകാൻ സാധിക്കാത്ത നിലയായി. മാനസികമായി തകർന്ന് എൻ്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് നാട്ടിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടത്. അവിടെ എനിക്ക് നേരിടേണ്ടി വന്ന മെൻ്റൽ ടോർചറിങ് ഓർക്കാൻ പോലും പേടിയാണ്”– അഭിലാഷ് പറഞ്ഞു.
“വെറും കസ്റ്റമർ സർവ്വീസ് മാത്രമായിരുന്നെങ്കിൽ എങ്ങനെയും ജോലിയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുമായിരുന്നു. എൻ്റെ അനുഭവങ്ങളും മനസാക്ഷിയും ചതിക്ക് കൂട്ടുനിൽക്കാൻ എന്നെ അനുവദിക്കുന്നതല്ല. അതിനാലാണ് തിരിച്ച് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന തീരുമാനത്തിൽ എത്തിയത്.” – അഭിലാഷ് തുടർന്നു.
ജേണലിസത്തിൽ പിജി ഡിപ്ലോമയെടുത്ത അഭിലാഷിന് കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല. സുഹൃത്തുക്കൾക്ക് താൻ കംബോഡിയയിൽ കുടുങ്ങിയിരിക്കുകയാണെന്ന് മെസഞ്ചർ വഴി സന്ദേശം അയച്ചു. ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇത് കണ്ട് കേരള മീഡിയ അക്കാദമി അധ്യാപിക ഹേമലത മേനോൻ പ്രവാസി പഠനകേന്ദ്രം ഡയറക്ടർ റഫീക് റാവുത്തറുമായി ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം പെട്ടെന്നു തന്ന കംബോഡിയയിലുള്ള ലീഗൽ സപ്പോർട്ട് ഫോർ ചൈൽഡ് ആൻഡ് വുമൺ എന്ന സംഘടനയുമായി ബന്ധപ്പെട്ടു. കോർഡിനേറ്റർ റ്റോല ചെയ് ഒരു വക്കീൽ മുഖാന്തരം കമ്പനി സ്ഥിതി ചെയ്യുന്ന അതിർത്തി പ്രദേശത്ത് എത്തി ചർച്ചകൾ നടത്തി. ഇതാണ് അഭിലാഷിനെ നാട്ടിൽ എത്താനുള്ള വഴിയൊരുക്കിയത്. കിട്ടാനുള്ള ശമ്പളം പോലും വാങ്ങാതെ ജീവനും കൈയ്യിൽ പിടിച്ച് 2023 സെപ്റ്റംബറിൽ അഭിലാഷ് നാട്ടിലെത്തി.
മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളുെ ശമ്പളവും ഇവിടെ ലഭിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു റാക്കറ്റിൽ താൻ പെട്ടുപോകില്ലായിരുന്നു എന്നാണ് അഭിലാഷിൻ്റെ പക്ഷം. “ജീവിക്കാൻ വേണ്ടി ചെയ്യാത്ത ജോലികളില്ല. എത്ര വരുമാനമുണ്ടെങ്കിലും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ഡിഗ്രിയും പിജിയുമുണ്ട്. എന്നാൽ അതനുസരിച്ചുള്ള ജോലിയോ വരുമാനമോ ഇല്ല. എന്നെപ്പോലെ എത്രയോപേർ ഇങ്ങനെ തൊഴിൽ രംഗത്ത് ചതിക്കപ്പെടുന്നുണ്ട്. ഇത്ര പ്രശ്നങ്ങളുണ്ടായിട്ടും എന്നെ റിക്രൂട്ട് ചെയ്ത കമ്പനി നൗക്കറി വഴി ഇപ്പോഴും ആളെ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനാദ്യം നടപടിയെടുക്കണം.”– അഭിലാഷ് പറഞ്ഞു.
റിക്രൂട്ട്മെൻ്റ് തുടർന്ന് കമ്പനി
അഭിലാഷിൻ്റെ അപ്പോയ്മെൻ്റ് ലെറ്ററിൽ നിന്ന് ലഭിച്ച കമ്പനിയുടെ പേര് ഉപയോഗിച്ച് നൗക്കറി വെബ്സൈറ്റിൽ ഞങ്ങൾ നടത്തിയ തിരച്ചിലിൽ നിന്ന് പ്രസ്തുത കമ്പനി ഇപ്പോഴും റിക്രൂട്ട്മെൻ്റ് നടത്തുന്നതായി വ്യക്തമായി. കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്മാക്സ് എന്ന കമ്പനിയാണ് അഭിലാഷിനെ ജോലിക്കെടുത്തത്. ഒൻപത് ദിവസം മുമ്പാണ് പരസ്യം നൽകിയിരിക്കുന്നത്. 10 വേക്കൻസിയുള്ളതായും പരസ്യത്തിൽ കൊടുത്തിട്ടുണ്ട്. കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് ജോലിക്ക് 54000 മുതൽ 75000 വരെയാണ് ശമ്പളം പറഞ്ഞിരിക്കുന്നത്. ഇതുവരെ 135 പേർ ജോലിക്ക് അപേക്ഷിച്ചതായും നൗക്കറി വെബ്സൈറ്റിൽ കാണാം.

തൊഴിൽത്തട്ടിപ്പിനെകുറിച്ച് ആളുകൾ ബോധവാന്മാരാവുകയാണ് വേണ്ടതെന്ന് പ്രവാസി പഠനകേന്ദ്രം ഡയറക്ടർ റഫീക് റാവുത്തർ ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചു. പോസ്റ്റ് കൊവിഡ് സമയത്ത് ഓൺലൈൻ ഗെയിം സൈറ്റുകൾ സജീവമായി, ഒപ്പം മാഫിയയും. വിശ്വസനീയമായ രീതിയിൽ തൊഴിൽ സാധ്യതകളെക്കുറിച്ച് ഇവർ അവതരിപ്പിക്കുമ്പോൾ ആളുകൾ വീണുപോവുകയാണ്. കംബോഡിയ, മലേഷ്യ, തായ്‌ലൻഡ് രാജ്യങ്ങളിലേക്ക് പലവിധ ജോലി വാഗ്ദാനങ്ങൾ നൽകി കൊണ്ടുപോകുന്നതിലധികവും മാഫിയ സംഘങ്ങളാണ്. ഓൺലൈൻ തട്ടിപ്പുകളുടെ പിന്നിൽ ചൈനീസ് മാഫിയകളാണ്. സർക്കാർ സംവിധാനങ്ങൾക്കു പോലും അപ്രാപ്യമായ സ്ഥലങ്ങളിലാണ് ഇവർ പ്രവർത്തിക്കുന്നത്. അഭിലാഷിനെ നമ്മൾ വളരെ ബുദ്ധിമുട്ടിയാണ് രക്ഷപെടുത്തിയത്. എന്നാൽ അദ്ദേഹത്തെ ചതിക്കുഴിയിൽപ്പെടുത്തിയ പരസ്യം ഇപ്പോഴും നൗക്കറിയിലുണ്ട്, അവർ റിക്രൂട്ട്മെൻ്റ് നടത്തുന്നുമുണ്ട്. ശരിക്കും പറഞ്ഞാൽ ഇത്തരമൊരു പ്രശ്നമുണ്ടായാൽ നമ്മൾ ആളെ റെസ്ക്യൂ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ തട്ടിപ്പ് നടത്തുന്ന ആളുടെ പുറകെ ആരു പോവുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പ് തുടരുക തന്നെ ചെയ്യും. വിദേശത്തേക്കുള്ള ജോലി സ്വീകരിക്കുമ്പോൾ വ്യക്തികൾ ബോധവാന്മാരാവുക, ശരിയായ അന്വേഷണം നടത്തുക, സംശയം തോന്നിയാൽ പോവാതിരിക്കുക തുടങ്ങിയ മുൻകരുതലുകളെടുത്താൽ ഒരു പരിധിവരെ ചതിക്കുഴികളിൽ വീഴാതിരിക്കാം-റഫീഖ് റാവുത്തര്‍ ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
ആടുജീവിതത്തിലെ നജീബിൻ്റെ ജീവിതം വായിച്ചും കണ്ടും പ്രവാസജീവിതത്തിലെ ഭീകരത അനുഭവിച്ചറിഞ്ഞവരാണ് മലയാളികൾ. എന്നാൽ കാലാകാലങ്ങളായി വിവിധ രൂപങ്ങളിൽ തൊഴിൽത്തട്ടിപ്പ് രൂക്ഷമാണ്. സൈബർ തട്ടിപ്പ് മുതൽ യുദ്ധഭൂമിയിലെ കൂലിപ്പട്ടാളം ആകാൻ വരെ ഇന്ത്യയിൽ നിന്നും ആളുകളെ ഏജൻ്റുമാർ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വലിയ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്കുപോലും വലിയ ശമ്പളമാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. അതിനാൽ തന്നെ പെട്ടെന്നു തന്നെ ഇക്കൂട്ടരുടെ വലയിൽ കുടുങ്ങിപ്പോകും. പിന്നീട് ഊരിപ്പോകാൻ ശ്രമിക്കുമ്പോൾ മാത്രമാണ് ചതിയുടെ ആഴം വ്യക്തമാകുന്നത്.
വിദേശങ്ങളിൽ തൊഴിൽത്തട്ടിപ്പിന് ഇരയായി കുടുങ്ങിപ്പോകുന്നവരെ സർക്കാരും സന്നദ്ധ സംഘടനകളുമിടപെട്ട് രക്ഷിച്ച് തിരിച്ചെത്തിക്കാറുണ്ട്. എന്നാൽ തട്ടിപ്പ് നടത്തുന്ന ഏജൻസികളെയോ വ്യക്തികളെയോ കണ്ടെത്തി മതിയായ ശിക്ഷ നൽകുന്നതിന് ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അർമേനിയ സ്വപ്നം നെയ്തു കൊടുത്ത ഏജൻ്റ് തട്ടിയത് 4 ലക്ഷം, കിട്ടുന്ന പണി ഒന്നും പോരാതെ മലയാളി (തുടരും)
Story Highlights : Keralite cyber slave in Cambodia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here