Advertisement

മരുഭൂമി മുതല്‍ യുദ്ധഭൂമി വരെ

April 16, 2024
Google News 3 minutes Read

ജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കാനാണ് നാടും വീടും വീട്ടുകാരെയും വിട്ട് അന്യനാടുകളിലേക്ക് ഓരോ വ്യക്തിയും ചേക്കേറുന്നത്. ആദ്യമൊക്കെ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു അതിജീവനത്തിൻ്റെ പച്ചപ്പ് തേടി ആളുകൾ പോയിരുന്നത്. എങ്ങനെയെങ്കിലും അക്കരെ കടക്കണമെന്നാഗ്രഹിച്ച നൂറ് കണക്കിന് ആളുകളാണ് തൊഴിൽ തട്ടിപ്പിന് ഇരയായി മരുഭൂമിയിൽ അലഞ്ഞത്. ആടുജീവിതത്തിലെ നജീബിനെ പോലെ എത്രയോ പേർ തൊഴിൽവഞ്ചനയ്ക്ക് ഇരയായിരിക്കുന്നു. നജീബിന് നേരെ നീണ്ട അദൃശ്യകരങ്ങളുടെ സഹായം ലഭിക്കാതെ എത്രയോ ജീവിതങ്ങൾ മരുഭൂമിയിൽ പൊലിഞ്ഞിരിക്കുന്നു. ഇന്ന് ഈ തൊഴിൽ തട്ടിപ്പിൻ്റെ മറ്റൊരു വശമാണ് നമുക്ക് കാണാൻ കഴിയുന്നത്. ദരിദ്രമായ മൂന്നാം ലോക രാജ്യങ്ങളിൽ പോലും പോയി ജോലി ചെയ്യാൻ തയ്യാറായ ഒരു സമൂഹമാണ് ഇന്ത്യയിലുള്ളത്. (Employment fraud: From the desert to the battlefield)

ഇന്ന് തൊഴിൽത്തട്ടിപ്പ് പലരൂപത്തിലാണ് നടക്കുന്നത്. ഡാറ്റാ എൻട്രി ജോലി മുതൽ യുദ്ധമുഖത്തേക്കുള്ള കൂലിപ്പട്ടാളമായി വരെ ഇന്ത്യയിൽ നിന്ന് ആളുകളെ വിവിധ കമ്പനികളും ഏജൻ്റുമാരും കടത്തിക്കൊണ്ടുപോകുന്നു. ഉന്നത ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്താണ് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ചെറുപ്പക്കാരെ മലേഷ്യ, റഷ്യ, കംബോഡിയ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത്. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ റഷ്യൻ സൈനികർക്കൊപ്പം ചേരാൻ നൂറുകണക്കിന് ആളുകളെയാണ് വിവിധ റിക്രൂട്ടിങ് ഏജൻസികൾ വ്യാജവാഗ്ദാനങ്ങൾ നൽകി കൊണ്ടുപോയത്. ഇതിൽ രണ്ട് ഇന്ത്യക്കാർ ഈയടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് സ്വദേശിയായ ഹെമിൽ അശ്വിൻഭായ് മംഗുക്ക്യ റഷ്യൻ സൈന്യത്തിലെ അസിസ്റ്റൻ്റായി ജോലി ലഭിച്ചതിനേത്തുടർന്ന് 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്. ഓൺലൈൻ പരസ്യം കണ്ടാണ് ഹെമിൽ അപേക്ഷിച്ചത്. എന്നാൽ റഷ്യയിൽ എത്തിയതിന് ശേഷമാണ് ചതിക്കപ്പെട്ട വിവരം ഈ 23 വയസ്സുകാരൻ മനസ്സിലാക്കിയത്. തുടർന്ന് റഷ്യൻ-ഉക്രൈൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഫെബ്രുവരിയിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഹെമിലിൻ്റെ ആദ്യ ശമ്പളം അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. സെക്യൂരിറ്റി ഹെൽപ്പർ എന്ന ലേബലിൽ ഹെമിൽ ഉൾപ്പടെ 12 യുവാക്കളാണ് റഷ്യയിലെത്തിയത്. ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ്, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അധികവും. ഇവരെ റിക്രൂട്ട് ചെയ്തതിൽ ഇന്ത്യൻ ഏജൻസികൾക്കും പങ്കുണ്ട്.

റഷ്യയിൽ കുടുങ്ങിയവരിൽ മലയാളികളും

തൊഴിൽത്തട്ടിപ്പിന് ഇരയായി 32 മലയാളികളാണ് റഷ്യയിൽ യുദ്ധമുഖത്ത് കുടുങ്ങിയത്. തുമ്പ സ്വദേശിയായ റഷ്യൻ പൗരൻ സന്തോഷ് അലക്സാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തത്. സെക്യൂരിറ്റി ജോലി, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ കൺസ്ട്രക്ഷൻ രംഗത്തെ ജോലി എന്ന വ്യാജേനയാണ് ഇവരെ റഷ്യയിൽ എത്തിച്ചത്. റഷ്യയിൽ എത്തുന്നതോടെ അവിടുത്തെ ഭാഷയിലുള്ള കരാറിൽ ഇവരെക്കൊണ്ട് ഒപ്പിടീപ്പിക്കും. കരാറിൽ ഒപ്പിടുന്നതോടെ വിവിധ യുദ്ധക്യാമ്പുകളിലേക്ക് ഇവരെ മാറ്റുകയും ചെയ്യും. ഇങ്ങനെപോയതിൽ 30 പേരെ ഇതുവരെ തിരിച്ചത്തിക്കാൻ സാധിച്ചു. ഡേവിഡ് മുത്തപ്പൻ, പ്രിൻസ് എന്നിവർക്ക് യുദഅധത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. സന്തോഷ് അലക്സ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും റഷ്യൻ പട്ടാളത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാവരെയും കണ്ടെത്തി രക്ഷിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഗൾഫ് നാടുകളിലും തൊഴിൽത്തട്ടിപ്പ് സംഘം

മലയാളികൾ ഏറെയുള്ള, കേരളം പോലെ തന്നെ പരിചിതമായ ഗൾഫ് നാടുകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെയും പുരുഷൻമാരെയും കെണിയിൽപ്പെടുത്തുന്നവർ ഇന്നുമുണ്ട്. ആകർഷകമായ പരസ്യങ്ങളിലൂടെയും മറ്റുമാണ് ഇരകളെ വലയിലാക്കുന്നത്. ഈയടുത്ത് ഹോം നഴ്സ്, നഴ്സ് ജോലികൾ വാഗ്ദാനം ചെയ്ത് കുവൈറ്റിൽ മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വിൽക്കുന്നതായി പരാതിയുയർന്നിരുന്നു. കാസർഗോഡ് സ്വദേശിയാണ് സെക്സ് റാക്കറ്റിൻ്റെ പിടിയിലായത്. മമലപ്പുറം സ്വദേശിനിയുടെ സഹായത്തോടെ എറണാകുളം സ്വദേശി ഷാഹുലാണ് റിക്രൂട്ട്മെൻ്റ് നടത്തിയത്. ഇയാൾക്കൊപ്പം തട്ടിപ്പിന് കോഴിക്കോട്, തൃശൂർ ജില്ലക്കാരായ രണ്ടുപേരുമുണ്ട്. ഹോം നഴ്സ്, നഴ്സിങ് തസ്തികയിലേക്ക് യുവതികളെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് യുവതി സംഘവുമായി ബന്ധപ്പെട്ടത്. എന്നാൽ കുവൈറ്റിലെത്തിയതോടെയാണ് ചതിക്കപ്പെട്ട വിവരം യുവതിക്ക് മനസ്സിലായത്. ലൈംഗികവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചപ്പോൾ ചൂടുവെള്ളത്തിൽ കൈമുക്കിയതായും യുവതി പറഞ്ഞു. ഒട്ടേറെ സ്ത്രീകൾ ഇവരുടെ വലയിൽ കുടുങ്ങിയതായി യുവതി വെളിപ്പെടുത്തി. തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട യുവതികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവതി കാസറഗോഡ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി. സംഭവത്തിൽ പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ധാരാളം പേരാണ് വിവിധ തട്ടിപ്പുകളിൽ കുടുങ്ങുന്നത്. എന്നാൽ പലരും ഈ വിവരങ്ങൾ പുറത്തുപറയാറില്ല എന്നതാണ് വാസ്തവം. അതിനാൽത്തന്നെ തട്ടിപ്പുസംഘം അടുത്ത ഇരകളെകാത്ത് വലവിരിക്കുകയും ചെയ്യും.

ഇസ്രായേലിലെ മലയാളികൾ

തട്ടിപ്പിനിരയായിട്ടാണ് പലപ്പോഴും പ്രശ്നബാധിത രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ എത്തിപ്പെടുന്നത്. എന്നാൽ ഇസ്രായേൽ ജോലി ചെയ്യുന്ന മലയാളികളുടെ കാര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്. യുദ്ധവും സംഘർഷങ്ങളും നിത്യസംഭവമായ ഇസ്രായേലിലേക്ക് ഇതേക്കുറിച്ചുള്ള പൂർണ്ണ ബോധ്യത്തിലാണ് മലയാളികൾ എത്തിപ്പെടുന്നത്. ശരിയായ മാർഗ്ഗത്തിലും നിയമവിരുദ്ധമായും അവിടേയ്ക്ക് ആളുകൾ എത്തുന്നുണ്ട്. ഇസ്രായേൽ-പലസ്തീൻ വിഷയങ്ങളെക്കുറിച്ച് അറിഞ്ഞുതന്നെയാണ് പലരും ഇങ്ങോട്ടേക്ക് എത്തുന്നത്. ഇസ്രയേലിലെ വടക്കന്‍ ഗ്രാമമായ മാര്‍ഗലിയോട്ടില്‍ 2024 മാർച്ചിൽ ഹിസ്ബൊല്ല നടത്തിയ ഷെല്ലാക്രമണത്തിൽ ഓർക്കിഡ് കൃഷിയിലേര്‍പ്പെട്ടിരുന്ന കൊല്ലം സ്വദേശി നിബിൻ മാക്സ്വെൽ കൊല്ലപ്പെട്ടിരുന്നു. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നീ മലയാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

2023 ഒക്ടോബറിൽ വീണ്ടും ആക്രമണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേലിൽ പലസ്തീൻ, അറബ് കുടിയേറ്റക്കാരായിരുന്നു തൊഴിൽമേഖലയിലുണ്ടായിരുന്നത്. എന്നാൽ അക്രമസംഭവങ്ങൾക്ക് ശേഷം പലസ്തീനിയൻ തൊഴിലാളികളുടെ വിസ റദ്ദാക്കി. മറ്റ് രാജ്യങ്ങളിലെ പൗരന്മാരാകട്ടെ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്തു. തുടർന്ന് നിർമ്മാണ, കാർഷിക മേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഡിസംബറിൽ മാത്രം വർക്ക് വിസയിൽ 800 ഇന്ത്യക്കാരാണ് ഇസ്രായേലിൽ എത്തിയത്. കേരള, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇസ്രായേലിലേക്ക് പോയതിലധികവും. കെയർഗിവർ ജോലിയിൽ മാത്രം കഴിഞ്ഞ ഒക്ടോബർ വരെ 14000 പേർ ജോലിചെയ്തിരുന്നതായാണ് കണക്കുകൾ. മറ്റ് ജോലികളെ അപേക്ഷിച്ച് മികച്ച ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷയും ഈ ജോലിക്ക് ലഭിക്കും. എന്നാൽ കാർഷിക ജോലിയിൽ ഉൾപ്പെട്ടിരിക്കുന്നവർ ആകട്ടെ മിക്കവാറും അതിർത്തി പ്രദേശങ്ങളിലായിരിക്കും ജോലി ചെയ്യുന്നത്. ഇവിടം പ്രശ്നബാധിത മേഖലയുമാണ്.

ഇന്ത്യയിൽ നിന്ന് 6000 തൊഴിലാളിൾ മെയ് മാസത്തോടെ ഇസ്രായേലിലെത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഗവൺമെൻ്റ്-ടു-ഗവൺമെൻ്റ് (ജി 2 ജി) ഉടമ്പടി പ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുന്നത്. തൊഴിൽ ക്ഷാമം നേരിടാൻ ഇസ്രായേലിലെ നിർമ്മാണ മേഖലയിലേക്കാണ് ഇന്ത്യക്കാരെത്തുന്നത്. നിരന്തരം സംഘർഷങ്ങൾ നടക്കുന്ന രാജ്യമാണെന്ന അറിവോടെ തന്നെയാണ് മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ഇസ്രായേലിലേക്ക് പോകുന്നത്.

സർക്കാരിന് തലവേദനയായി കംബോഡിയ

കംബോഡിയയിൽ സൈബർ മാഫിയകളുടെ കീഴിൽ 5000 ഇന്ത്യക്കാർ സൈബർ അടിമകളായി ജോലിചെയ്യുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. 250 ഇന്ത്യക്കാരെ കംബോഡിയയിൽ നിന്നും രക്ഷിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിക്കുകയും ചെയ്തു. വലിയ വിദ്യാഭ്യാസമില്ലാത്തയാളുകളെയാണ് കംബോഡിയൻ മാഫിയ നോട്ടമിടുന്നത്. ഡാറ്റാ എൻട്രി ജോലികൾക്ക് 50000 മുതൽ 75000 വരെ ശമ്പളം വാഗ്ദാനം ചെയ്താണ് കംബോഡിയയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ കംബോഡിയയിലെത്തുന്ന തൊഴിലാളികളെ നിർബന്ധിത സൈബർ കുറ്റകൃത്യങ്ങൾക്ക് വിധേയരാക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. സംഘടിത കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കംബോഡിയ കേന്ദ്രീകരിച്ച് വൻ മാഫിയ ഇന്ത്യാക്കാരുടെ പണം തട്ടുന്നതായി വ്യക്തമായത്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ഇന്ത്യാക്കാർക്ക് ഇത്തരത്തിൽ 500 കോടി രൂപ നഷ്ടമായി.

ഡാറ്റ എൻട്രി ജോലി വാഗ്ദാനം വിശ്വസിച്ച് ദക്ഷിണേന്ത്യയിൽ നിന്ന് കുടിയേറിയവരാണ് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നതെന്നാണ് വിവരം. ഇവരെ ഉപയോഗിച്ച് കംബോഡിയയിലെ സംഘങ്ങൾ ഇന്ത്യയിലെ ആളുകളുടെ പണം ഓൺലൈൻ സംവിധാനങ്ങൾ വഴി തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. പാർസലിൽ സംശയകരമായ വസ്തുക്കൾ കണ്ടെന്ന പേരിൽ ഇന്ത്യാക്കാരുടെ പക്കൽ നിന്ന് ഇത്തരം സംഘങ്ങൾ പൊലീസാണെന്ന പേരിലും പണം തട്ടുന്നതായി വ്യക്തമായിട്ടുണ്ട്. 2023 ഡിസംബർ 30 ന് ഒഡിഷയിലെ റൂർക്കല പൊലീസ് എട്ട് പേരെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ വെളിച്ചത്ത് വന്നത്. കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് 70 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഇതിലേക്ക് നയിച്ചത്. സംഭവത്തിൽ 16 പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പിന്നാലെ കംബോഡിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ രണ്ട് പേരെ വിമാനത്താവളത്തിൽ വച്ച് പിടികൂടുകയും ചെയ്തു.

കംബോഡിയയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയവർക്ക് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്. തൊഴിൽ വാഗ്ദാനം വിശ്വസിച്ച തങ്ങളെ ടൂറിസ്റ്റ് വിസയിലാണ് കംബോഡിയയിൽ എത്തിച്ചതെന്നും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഒരു ഓഫീസിലേക്ക് കൊണ്ടുപോയെന്നുമാണ് ബംഗളൂരു സ്വദേശി സ്റ്റീഫൻ പറയുന്നത്. അവിടെ വച്ച് അഭിമുഖം നടത്തി, ടൈപ്പ് ചെയ്യുന്ന വേഗത പരിശോധിച്ചു. എന്നാൽ പിന്നീടാണ് തങ്ങൾ തട്ടിപ്പ് നടത്താൻ നിയോഗിക്കപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞത്. ഫെയ്സ്ബുക്കിലെ അക്കൗണ്ടുകൾ പരിശോധിച്ച് ഇരകളെ കണ്ടെത്തുകയായിരുന്നു ജോലി. ചൈനീസ് സംഘത്തിലായിരുന്നു താനെന്നും ഇംഗ്ലീഷിൽ വിവർത്തനം ചെയ്യാൻ മലേഷ്യൻ പൗരൻ കൂടെയുണ്ടായിരുന്നുവെന്നും സ്റ്റീഫൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിശ്ചിത ടാർജറ്റുകൾ നൽകിയിരുന്നുവെന്നും അത് നേടിയില്ലെങ്കിൽ ഭക്ഷണവും മുറിയിലേക്ക് പ്രവേശനവും നിഷേധിക്കപ്പെട്ടിരുന്നുവെന്നും സ്റ്റീഫൻ പറയുന്നു. ഒരു മാസത്തിന് ശേഷം വീട്ടുകാരെ ബന്ധപ്പെടാനായപ്പോൾ താൻ വിവരം മുഴുവൻ പറഞ്ഞുവെന്നും അവർ പൊലീസിനെയും രാഷ്ട്രീയക്കാരെയും ബന്ധപ്പെട്ടതോടെയാണ് തനിക്ക് നാട്ടിൽ തിരിച്ചെത്താനായതെന്നുമാണ് സ്റ്റീഫൻ്റെ മൊഴി.

തട്ടിപ്പിന് എഐ സഹായവും

കംബോഡിയയിൽ നിന്ന് രക്ഷപെട്ടെത്തിയവർ നൽകിയ വിവരങ്ങളനുസരിച്ച് ഉത്തരേന്ത്യക്കാരിൽ നിന്ന് പണം തട്ടാൻ ദക്ഷിണേന്ത്യക്കാരായ സ്ത്രീകളുടെ ചിത്രം ഉപയോഗിച്ച് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് തയ്യാറാക്കും. ട്രേഡിങ് പ്ലാറ്റ്ഫോമിലേക്ക് വലിയ തുക നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിക്കണം. എന്നാൽ പണം നിക്ഷേപിക്കാൻ ഇരകൾ തയ്യാറാകാതെയിരുന്നാൽ വീഡിയോ സെക്സ് ഉൾപ്പടെയുള്ള രീതികളിലൂടെ പണം നിക്ഷേപിക്കാൻ നിർബന്ധിതരാക്കും. പച്ച സ്ക്രീനുകളും എഐ വിദഗ്ധരും, അഭിനേതാക്കളും സംഘത്തിലുണ്ട്. എങ്ങനെയാണ് കാര്യങ്ങൾ നടപ്പിലാക്കേണ്ടതെന്നതിന് സ്ക്രിപ്റ്റുമുണ്ട്. സുന്ദരികളായ സ്ത്രീകളുടെയും മോഡലുകളുടെയും, സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങിളിൽ നിന്ന് കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങളിൽ ട്രെയിനിങ് നൽകും. 12 മണിക്കൂറാണ് ഷിഫ്റ്റ്. ഈ സമയമത്രയും വലിയ സ്പീക്കറിലൂടെ ചൈനീസ് മ്യൂസിക് പ്ലേ ചെയ്തുകൊണ്ടിരിക്കും. പാസ്പോർട്ട് മാഫിയാസംഘത്തിൻ്റെ കയ്യിലായതിനാൽ ഒരു വിധത്തിലും ഇവർക്ക് രക്ഷപെടാനാവില്ല.

കംബോഡിയയിൽ സൈബർ അടിമയായി മലയാളിയും ?
ഇന്ത്യയിൽ നിന്നും ജോലിക്കായി കംബോഡിയയിൽ എത്തിയ സംഘത്തിൽ ഒരു മലയാളിയുമുണ്ടായിരുന്നു.
(ആടുജീവിതങ്ങള്‍, അക്കരെ കുടുങ്ങുന്ന മലയാളി പരമ്പര തുടരും)

Story Highlights : Employment fraud: From the desert to the battlefield

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here