ജി കൃഷ്ണകുമാറിനെ ആക്രമിച്ച കേസ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൃഷ്ണ കുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. സിപിഐഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. മുളവന ചന്തമുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൃഷ്ണകുമാറിന് കണ്ണിന് പരുക്കേറ്റത്. ( BJP activist arrested in G Krishnakumar attack case)
കുണ്ടറയില്‍ പ്രചാരണം നടന്നപ്പോള്‍ താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് ബോധപൂര്‍വമായ ആക്രമണം നടന്നതെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. തൃശൂര്‍ പൂര വിവാദം പരാമര്‍ശിച്ചാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചത്. ഇതിനാണ് തനിക്കെതിരെ ആക്രമണം നടന്നതെന്നായിരുന്നു ആരോപണങ്ങള്‍.
അപ്രതീക്ഷിതമായി കണ്ണില്‍ പരുക്കേറ്റപ്പോള്‍ ഉടനടി കണ്ണ് വേദനിയ്ക്കുകയും കണ്ണ് തുറക്കാനാകാതെ വരികയും ചെയ്തുവെന്നും ആരുടെയോ കൈ അബദ്ധത്തില്‍ കൊണ്ടെന്നാണ് കരുതിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ ട്വന്റിഫോറിലൂടെ പറഞ്ഞിരുന്നു.
Story Highlights : BJP activist arrested in G Krishnakumar attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here