പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങള്‍. സൂര്യാഘാതമേറ്റ് കുത്തന്നൂര്‍ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിര്‍ജലീകരണം മൂലം അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരണപ്പെട്ടതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. (2 death reported in Palakkad amid extreme high temperature)
പാലക്കാട് കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകീട്ട് വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാര്‍ മടങ്ങിയെത്തുമ്പോള്‍ ഹരിദാസനെ വീടിനുപുറത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ഈ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂര്‍. ഹരിദാസന്റെ ശരീരത്തില്‍ സൂര്യാഘാതമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു.
Story Highlights : 2 death reported in Palakkad amid extreme high temperature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here