കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി

രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് പരസ്യമാക്കി ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനി. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഘാനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാനിലെ ബിക്കാനീറിലെ ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റായിരുന്നു ഉസ്മാന്‍ ഘാനി. പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് വിശദീകരിച്ചാണ് അദ്ദേഹത്തെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. (BJP Minority Morcha leader criticises PM’s remarks on muslims)
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് ഉസ്മാന്‍ ഘാനി തുറന്നടിച്ചത്. മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ ഈ പരാമര്‍ശം മൂലം രാജസ്ഥാനില്‍ ചില സീറ്റുകള്‍ ബിജെപിയ്ക്ക് നഷ്ടമാകുമെന്ന് ഒരു ന്യൂസ് ചാനലിനോട് ഘാനി പറഞ്ഞു. ഒരു മുസ്ലീമെന്ന നിലയില്‍ മോദിയുടെ വാക്കുകള്‍ തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ബിജെപിയ്ക്ക് വേണ്ടി താന്‍ വോട്ടുചോദിക്കാനായി മുസ്ലീങ്ങള്‍ക്കരികില്‍ പോകുമ്പോള്‍ ഈ പ്രസ്താവന ചൂണ്ടിക്കാട്ടി അവര്‍ വിമര്‍ശനമുയര്‍ത്തുമെന്നും ചാനല്‍ അഭിമുഖത്തില്‍ ഘാനി പറഞ്ഞിരുന്നു.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ബിജെപിയെ താറടിച്ച് കാണിക്കാനാണ് ഘാനി ശ്രമിച്ചതെന്ന് രാജസ്ഥാന്‍ ബിജെപി പറഞ്ഞു. ഇതിനാലാണ് അച്ചടക്ക നടപടിയെന്ന നിലയില്‍ ഘാനിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്നും രാജസ്ഥാന്‍ ബിജെപി നേതാവ് ഓങ്കാര്‍ സിംഗ് ലഖാവത്ത് പറഞ്ഞു. ആറ് വര്‍ഷത്തേക്കാണ് ഘാനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Story Highlights : BJP Minority Morcha leader criticises PM’s remarks on muslims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here