യുപിയിലെ കേസർഗഞ്ചിലെ സ്ഥാനാർത്ഥിയാകാൻ ബ്രിജ് ഭൂഷൻ ?

ഉത്തർപ്രദേശ് കേസർഗഞ്ചിലെ സ്ഥാനാർത്ഥി ആരാകുമെന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഒഴിയുന്നില്ല. മണ്ഡലത്തിൽ ബ്രിജ് ഭൂഷൻ സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന് 99.9% സാധ്യതയുണ്ടെന്ന് ബ്രിജ് ഭൂഷൻ തന്നെ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ബ്രിജ് ഭൂഷൻ. ( Brij Bhushan may contest from Kaiserganj )
‘നിലവിൽ ഞാൻ സ്ഥാനാർത്ഥിയല്ല. കഴിഞ്ഞ തവണ രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു എന്റെ വിജയം. ഇത്തവണ അഞ്ച് ലക്ഷത്തിലേറെ വോട്ടുകളുടെ വിജയം വേണമെന്ന മുദ്രാവാക്യമാണ് പ്രവർത്തകർ ഉയർത്തുന്നത്. ദൈവഹിതം അതാണെങ്കിൽ ഞാനെന്ത് ചെയ്യാൻ ? ഞാൻ ശക്തനായ മത്സരാർത്ഥിയാണ്. 99.9% വും ഞാൻ തന്നെ മത്സരിക്കും, 0.1% ബാക്കി നിൽക്കുന്നുണ്ട്’ – ബ്രിജ് ഭൂഷൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് വെറും ഒരു മണിക്കൂർ മുൻപ് പോലും പാർട്ടി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാലും ജനങ്ങൾ തനിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് സിറ്റിംഗ് എംപി ബ്രിജ് ഭൂഷൻ പറഞ്ഞു.
പാർട്ടി പറഞ്ഞ 400 സീറ്റുകളിൽ ഒന്നാണ് കേസർഗഞ്ചെന്നും, ഈ സീറ്റിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ചിന്തിക്കുകയേ വേണ്ടെന്നുമുള്ള ആത്മവിശ്വാസം ബ്രിജ് ഭൂഷൻ പങ്കുവച്ചു.
Read Also: ബ്രിജ് ഭൂഷൻ്റെ പിടി അയയുമോ?
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20നാണ് കേസർഗഞ്ചിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന് ലഭിച്ചത് 5,81,358 വോട്ടുകളാണ്. എതിർ സ്ഥാനാർത്ഥികളായ ബിഎസ്പിയുടെ ചന്ദ്രദേവ് രാമ യാദവിന് 3,19,757 വോട്ടും, കോൺഗ്രസിന്റെ വിനയ് കുമാർ പാണ്ഡേയ്ക്ക് 3,713 വോട്ടുകളുമാണ് ലഭിച്ചത്.
2012 മുതൽ 2022 വരെ ഇന്ത്യയിലും വിദേശത്തുമായാണ് ബ്രിജ് ഭൂഷൻ വനിതാ താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. ലൈംഗിക പീഡനത്തിനിരയാക്കിയെന്ന 10 പരാതികൾ ബ്രിജ് ഭൂഷനെതിരെയുണ്ട്. കൂടാതെ ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുവെന്ന പരാതിയിൽ രണ്ട് കേസിലും ഇയാളെ പ്രതിയാക്കിയിട്ടുണ്ട്. ശരിയല്ലാത്ത രീതിയിൽ സ്പർശിക്കുക, പെൺകുട്ടികളുടെ മാറിടം പിടിക്കുക, ശ്വസന ക്രമം പരിശോധിക്കാനെന്ന പേരിൽ വനിതാ താരങ്ങളുടെ മാറിടത്തിലും വയറിലും പിടിക്കുക, തലോടുക, ശരിയല്ലാത്ത സ്വകാര്യ വിവരങ്ങൾ തേടുക, താരങ്ങൾക്ക് ടൂർണമെന്റിന്റെ സമയത്തുണ്ടാകുന്ന മുറിവുകൾക്കുള്ള ചികിത്സക്ക് ഫെഡറേഷൻ നൽകുന്ന സൗകര്യത്തിനും ഡയറ്റീഷ്യനും കോച്ചും അനുവദിക്കാത്ത അറിയപ്പെടാത്ത ഭക്ഷണ പദാർഥങ്ങൾ വാഗ്ദാനം ചെയ്തും ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെടുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നെഞ്ചത്ത് തലോടുക ദേഹത്ത് തലോടുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബ്രിജ് ഭൂഷനെതിരെയുള്ളത്.
Story Highlights : Brij Bhushan may contest from Kaiserganj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here