Advertisement

വോട്ടെടുപ്പില്ലാതെ സൂറത്തിൽ താമര വിരിഞ്ഞു; ബാക്കി സ്ഥാനാർത്ഥികൾ എല്ലാം കോമഡി

April 25, 2024
Google News 2 minutes Read

രാജ്യത്തെ 73 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഗുജറാത്തിലെ സൂറത്ത് ലോക്‌സഭ സീറ്റിലേക്ക് ഇത്തവണ വോട്ടെടുപ്പ് നടക്കില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതും സ്വതന്ത്രർ അടക്കം എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ വോട്ടെടുപ്പിന് മുൻപേ തന്നെ മണ്ഡലത്തിൽ തീരുമാനം ആയി. മുകേഷ് ദലാലിലൂടെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം നേടുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 21നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുമ്പാനിയുടെയും ഡമ്മി സ്ഥാനാർത്ഥി സുരേഷ് പൽസദയുടെയും പത്രികകളിൽ പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്ന് കാരണം ചൂണ്ടിക്കാട്ടി തള്ളിയതിന് പിന്നാലെയാണ് മുകേഷിനെ വിജയിയായി പ്രഖ്യാപിച്ചത്.

നിലേഷ് കുമ്പാനിയുടെ പത്രികയിൽ ഉണ്ടായിരുന്ന ഒപ്പുകളിൽ ആദ്യത്തേത് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ ജഗദീഷ് സവാലിയയുടെ ആയിരുന്നു. രണ്ടാമത്തെ ഒപ്പ് അദ്ദേഹത്തിന്റെ മരുമകൻ ധ്രുവ് ധമേലിയ, മൂന്നാമത്തെ ഒപ്പ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ രമേഷ് പൊലോറയുടെയും ആയിരുന്നു. സുരേഷ് പൽസദയുടെ പത്രികയിൽ ഒപ്പിട്ട അദ്ദേഹത്തിന്റെ മരുമകൻ ഭൗതിക് കൊലഡിയയും തന്റെ ഒപ്പ് വ്യാജമാണെന്ന് സത്യവാങ്മൂലം നൽകിയതാണ് പത്രിക തള്ളാൻ കാരണം.

Read Also: രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

സൂറത്തിൽ കഥ ഇവിടംകൊണ്ടും അവസാനിച്ചില്ല. രണ്ടു കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയപ്പോൾ മത്സര രംഗത്ത് അവശേഷിച്ചിരുന്നത് ബിജെപി സ്ഥാനാർത്ഥി അടക്കം 9 പേരായിരുന്നു. ഇതിൽ നാലുപേർ സ്വതന്ത്രരും ഒരാൾ ബിഎസ്‌പി സ്ഥാനാർത്ഥിയും മറ്റു മൂന്ന് പ്രാദേശിക കക്ഷി സ്ഥാനാർത്ഥികളും പിന്നെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു ഉണ്ടായിരുന്നത്. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ ഒഴികെ മറ്റ് 8 സ്ഥാനാർഥികളും ഏപ്രിൽ 22ന് തങ്ങളുടെ പത്രികകൾ പിൻവലിക്കുകയായിരുന്നു.

അമ്മയെ നോക്കണം, വിഷാദ രോഗം, ട്രാഫിക് – പത്രിക പിൻവലിക്കാൻ ഓരോരോ കാരണങ്ങൾ

പത്രികകൾ പിൻവലിക്കാൻ സ്ഥാനാർത്ഥികൾ പറയുന്ന കാരണങ്ങൾ വളരെ വിചിത്രമെന്ന് തോന്നാവുന്ന തരത്തിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ കിഷോർ ദയാനി എന്ന സ്റ്റോക് ബ്രോക്കർ, ഏപ്രിൽ 21ന് തന്നെ വന്നു കണ്ട ബിജെപിയുമായി ബന്ധമുള്ള ഒരാൾ പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വെളിപ്പെടുത്തിയത്. സൂറത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് താൻ മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ തിങ്കളാഴ്ച തന്നെ വന്നു കണ്ട ബിജെപി ബന്ധമുള്ള പ്രശസ്തനായ വ്യക്തി ഗതാഗത കുരുക്ക് പരിഹരിക്കാൻ ബിജെപിയുടെ പക്കൽ മെട്രോ പോലെ കൃത്യമായ പദ്ധതിയുണ്ടെന്ന് പറയുകയും മത്സരിക്കേണ്ടതില്ലെന്ന് അറിയിക്കുകയുമായിരുന്നു. കോൺഗ്രസ് നേതാവായ മറ്റൊരാൾ വന്ന് തന്നോട് മത്സരിക്കണം, പത്രിക പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് വിശദമായി ആലോചിച്ച ശേഷമാണ് താൻ പത്രിക പിൻവലിക്കാൻ തീരുമാനിച്ചതെന്നും കിഷോർ ദയാനി വാർത്താമാധ്യമമായ സ്ക്രോൾ-നോട് പറഞ്ഞിട്ടുണ്ട്. തന്നെ വന്നു കണ്ട നേതാക്കളുടെ പേരുകൾ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായാണ് ജയേഷ് മേവദ പത്രിക നൽകിയത്. കോൺഗ്രസ് മത്സര രംഗത്ത് ഇല്ലാത്തതിനാലാണ് താൻ പത്രിക പിൻവലിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ ദയനീയ സ്ഥിതി മാറ്റണമെന്നായിരുന്നു തന്റെ ആഗ്രഹം. കോൺഗ്രസ് പോലും മത്സരിക്കുന്നില്ലെങ്കിൽ പിന്നെ അതിന് വേണ്ടി താൻ എന്തിന് മത്സരിക്കണം? പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ രാജ്യത്തെ മാറ്റിയെടുക്കാൻ അനുവദിക്കുന്നതാണ് ഉചിതം എന്ന് എനിക്ക് തോന്നി – ഇതായിരുന്നു സ്ക്രോൾ-നോട് ജയേഷിന്റെ പ്രതികരണം.

Read Also: അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി

മണ്ഡലത്തിൽ പത്രിക നൽകിയ മറ്റൊരാൾ, അജിത് സിൻഹ് ഉമത്, താൻ അഖില ഭാരതീയ ഹിന്ദുമഹാസഭയുമായി ബന്ധമുള്ളയാളാണ് എന്നാണ് പരിചയപ്പെടുത്തുന്നത്. പത്രിക പിൻവലിക്കാനുള്ള തന്റെ തീരുമാനത്തിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ആശയത്തിനെതിരായിട്ടായിരുന്നു തന്റെ മത്സരം എന്നും അവർ മത്സര രംഗത്ത് ഇല്ല എന്ന് അറിഞ്ഞതുകൊണ്ടാണ് താൻ പത്രിക പിൻവലിച്ചത് എന്നുമാണ് ഇതേക്കുറിച്ച് അദ്ദേഹം പറയുന്നത്.

ഭാരത് പ്രജാപതിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ മറ്റൊരാൾ. താൻ വിഷാദ രോഗിയായി മാറിയെന്നും അതിനാലാണ് പത്രിക പിൻവലിച്ചത് എന്നുമാണ് ഇദ്ദഹത്തിന്റെ മറുപടി. സൂറത്തിൽ വസ്ത്ര വ്യാപാരിയായ രമേഷ് ബരയ്യ സ്വതന്ത്ര സ്ഥാനാർഥിയായി നൽകിയ പത്രിക പിൻവലിച്ചത് തന്റെ 90 വയസ്സ് പ്രായമുള്ള അമ്മ വീണ് പരിക്കേറ്റതിനാലാണ് എന്ന് പറയുന്നു. അമ്മയെ പരിചരിക്കാനായി താൻ ഗ്രാമത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

അലഹബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോഗ് പാർട്ടിക്ക് മണ്ഡലത്തിലുണ്ടായിരുന്ന സ്ഥാനാർത്ഥിയായിരുന്നു സോഹൽ ഷേക്ക്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർദാർ വല്ലഭായി പട്ടേൽ പാർട്ടിയുടെ അബ്ദുൽ ഹമീദ് ഖാനും പത്രിക നൽകിയിരുന്നു. എന്നാൽ ഇവർ രണ്ട് പേരും തങ്ങളുടെ പത്രികകൾ പിൻവലിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചിട്ടില്ല. മുൻ ഐഎഎസ് ഓഫീസറായ വിജയ് ശങ്കർ പാണ്ഡെയാണ് ലോഗ് പാർട്ടിയുടെ സ്ഥാപകൻ. പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ ടിക്കറ്റ് നൽകിയെങ്കിലും സോഹൽ ഷെയ്ക്കിന് ഇക്കാര്യത്തിൽ വലിയ ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് വിജയ് ശങ്കർ പാണ്ഡെ പറയുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രികകൾ തള്ളിയപ്പോൾ തന്നെ മികച്ച ഒരു അവസരമാണ് കൈവന്നിരിക്കുന്നത് എന്ന് മനസ്സിലാക്കി താൻ സോഹൽ ഷേക്കിനെ ബന്ധപ്പെട്ടിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സൂറത്തിൽ ഉണ്ടായിരുന്ന പാർട്ടി അഭിഭാഷകനും അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷെ നടന്നില്ല. സ്ഥാനാർത്ഥി പത്രിക പിൻവലിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല. അവസരവാദ രാഷ്ട്രീയമാണ് ഇതെന്നും തങ്ങളെ ആകെ ഇരുട്ടിൽ നിർത്തുകയാണ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിലൂടെ ചെയ്തതെന്നും രാജ്യത്തെ രാഷ്ട്രീയ രംഗത്തിൻ്റെ പരിതാപകരമായ സ്ഥിതിയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നിട്ട് കുമ്പാനി എവിടെ പോയി? ഗോവയ്ക്ക് പോയി!

ഇത്തരത്തിൽ ഫോൺ സ്വിച്ച് ഓഫ് ആക്കപ്പെട്ട മറ്റൊരാളും കൂട്ടത്തിലുണ്ടായിരുന്നു, സാക്ഷാൽ നിലേഷ് കുമ്പാനി. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്ന കുബേർ പബ്ലിസിറ്റി എന്ന സ്ഥാപനത്തിലെ ആളുകൾ പോലും നിലേഷ് കുമ്പാനിയെ മൂന്ന് ദിവസമായി ബന്ധപ്പെടാനായില്ലെന്ന് പറഞ്ഞു. എന്നാൽ കുമ്പാനി മാത്രമല്ല, അദ്ദേഹത്തിൻ്റെ പത്രികയിലുള്ളത് തൻ്റെ വ്യാജ ഒപ്പാണെന്ന് പരാതി ഉന്നയിച്ച കുമ്പാനിയുടെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ രമേഷ് പൊലോറയും സംഭവത്തിന് പിന്നാലെ അപ്രത്യക്ഷനായി. രമേഷ് എവിടെയാണെന്ന് വീട്ടുകാർക്ക് പോലും കൃത്യമായി അറിയില്ല. കുമ്പാനിയുമായി വളരെ കാലത്തെ ബന്ധമാണ് രമേഷിന് ഉള്ളതെന്നും എന്നാൽ അദ്ദേഹം എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ തങ്ങൾക്ക് അറിയില്ലെന്നുമാണ് രമേഷിന്റെ ബന്ധു ധർമേഷ് പൊലോറ പ്രതികരിച്ചത്.

Read Also: ബിഹാറിൽ JDU നേതാവ് വെടിയേറ്റ് മരിച്ചു

സ്ഥാനാർത്ഥി ഇല്ലാതായി ബിജെപി ജയമുറപ്പിക്കുന്ന സ്ഥിതിയായപ്പോൾ നിലേഷ് കുമ്പാനിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർ കൂട്ടമായി എത്തി പ്രതിഷേധിച്ചിരുന്നു. ബിജെപിയിലേക്ക് പോകാനുള്ള ശ്രമമാണ് പത്രിക പ്രശ്നമെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. കുമ്പാനി ഗോവയിലാണെന്ന് സൂറത്തിലെ മുനിസിപ്പൽ കോർപ്പറേഷനിൽ മുൻ കോൺഗ്രസ് നേതാവായിരുന്ന പ്രൊഫുൽ തൊഗാഡിയയെ ഉദ്ധരിച്ചത് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപിയുമായി ഒത്തുതീർപ്പിൽ എത്തിയ ശേഷം മാത്രമേ കുമ്പാനി മടങ്ങിവരൂ എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ മുൻ അംഗമായ കുമ്പാനി, 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ സൂറത്ത് ലോക്സഭ മണ്ഡലത്തിന് കീഴിൽ വരുന്ന കമ്രേജ് നിയമസഭാ സീറ്റിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെയില്ലാത്ത പുതിയ അധ്യായമാണ് സൂറത്ത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എഴുതി വയ്ക്കുന്നത്. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളിക്കപ്പെടുന്ന കാലമെന്ന് പ്രതിപക്ഷം മുറവിളി കൂടുമ്പോഴാണ് സ്വന്തം പാളയത്തിൽ തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.

Story Highlights : operation black lotus no election in surat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here