Advertisement

വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ അധികമാരും കാണാത്ത ‘ഇന്ദുലേഖ’ കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തി

April 30, 2024
Google News 2 minutes Read

വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ‘ഇന്ദുലേഖ’ കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ചന്ദു മേനോന്റെ ക്ലാസിക് നോവലായ ഇന്ദുലേഖയെ ആസ്പദമാക്കി രവി വർമ്മ വരച്ച ചിത്രത്തിന്റെ പകർപ്പാണ് അദ്ദേഹത്തിന്റെ 176-ാം ജന്മദിനമായ ഇന്നലെ കൊട്ടാരത്തിലെ ചിത്രശാലയിലെത്തിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയുടെ സ്വകാര്യ ശേഖരത്തിലുള്ള ഇന്ദുലേഖയെ നിധി പോലെയാണ് അവർ സൂക്ഷിക്കുന്നത്.

രവിവർമ്മ 150 ഓളം ചിത്രങ്ങൾ വരച്ച കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാല. 132 വർഷം മുമ്പ് രവി വർമ വരച്ച്, പിന്നീട് കൈമാറി പോയ ചിത്രമാണ് ഇന്നലെ കൊട്ടാരത്തിലെ ചിത്രശാലയിലേക്ക് തിരിച്ചെത്തിയത്. ഇന്ദുലേഖ മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലായ ഒ ചന്ദുമേനോന്റെ ഇന്ദുലേഖയിലെ നായിക. 1889 ൽ ചന്ദുമേനോൻ ഭാവനയിൽ തീർത്ത ഇന്ദുലേഖ 1892ൽ രവി വർമ്മയുടെ ക്യാൻവാസിൽ പിറവികൊണ്ടത് അധികമാർക്കും അറിയാത്ത ചരിത്രം.

കാമുകനായ മാധവന് പ്രണയലേഖനമെഴുതി, ആലോചനയിൽ മുഴുകിയിരിക്കുന്ന ഇന്ദുലേഖയുടെ ജീവൻ തുടിക്കുന്ന ഛായാചിത്രം. ഈ ചിത്രത്തെ കുറിച്ച് പുറംലോകമറിയുന്നത് രണ്ടുവർഷം മുമ്പാണ്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശശികലയ്ക്ക് പൈതൃക സ്വത്തായി കിട്ടിയതാണ് രവിവർമ്മയുടെ ഇന്ദുലേഖയെ.

ഛായാ ചിത്രത്തിന്റെ പകർപ്പ് രവിവർമ്മയുടെ ജന്മദിനത്തിൽ തന്നെ തിരികെ കിളിമാനൂർ കൊട്ടാരത്തിലേക്ക് എത്തിക്കാൻ താത്പര്യമുണ്ടെന്ന് ശശികലയാണ് കിളിമാനൂർ പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ്മയെ അറിയിക്കുന്നത്. യഥാർത്ഥ ഛായാ ചിത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് കൊട്ടാരത്തിന്റെ ഭാഗമായ ചിത്രശാല ഗാലറിയിൽ ഇനി മുതലുണ്ടാകും.

രവിവർമ്മയും കിളിമാനൂർ കുടുംബാംഗങ്ങളും പലർക്കും സമ്മാനിച്ച ഒട്ടനവധി ചിത്രങ്ങൾ ഇന്നും കാണാമറയത്താണ്. ഇന്ദുലേഖ പോലെ തിരികെ ലഭിക്കുന്ന അത്തരം അപൂർവ ചിത്രങ്ങൾ ചേർത്ത് കൊട്ടാരത്തിൽ തന്നെ വിപുലമായ ഒരു പ്രദർശനം സജ്ജമാക്കാൻ ആലോചനയുണ്ട്. വ്യാജ പതിപ്പുകൾ പടച്ച് രവിവർമ്മ ചിത്രങ്ങളുടെ വിപണിമൂല്യം കവരാമെന്നും കരുതേണ്ട. ചിത്രത്തിന്റെ പ്രായം കണക്കാക്കുന്ന ശാസ്ത്രീയ രേഖകൾ തുടങ്ങി ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന സർക്കാർ രേഖകൾ വരെ ഒറിജിനൽ പതിപ്പുകൾക്കുണ്ട്. മുംബൈ പൂണ്ടോൾ ഗ്യാലറിയിൽ സൂക്ഷിച്ചിരുന്ന രവിവർമ്മയുടെ ‘മോഹിനി’ എന്ന ചിത്രം കഴിഞ്ഞ ദിവസം ലേലത്തിൽ പോയത് 17 കോടി രൂപയ്ക്കാണ്.

Story Highlights : Raja Ravi Varma’s Indulekha painting back at Kilimanoor Palace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here