‘കോൺഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്ലിങ്ങൾക്ക് നൽകും’; ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിദ്വേഷം തുപ്പി ബിജെപി

തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിലും മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം തുപ്പി ബിജെപി. കോൺഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്ലിങ്ങൾക്ക് നൽകും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉൾപ്പെടുത്തിയാണ് ബിജെപിയുടെ പ്രചാരണ വിഡിയോ. പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് ഈ പ്രസ്താവന പ്രധാന പ്രചാരണായുധമായി ഉയർത്തിപ്പിടിച്ച് ബിജെപി രാജ്യത്തെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്. (bjp congress hate muslim)
ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച ഒരു അനിമേറ്റഡ് വിഡിയോയിലാണ് ഈ പ്രസ്താവനയുള്ളത്. കോൺഗ്രസിൻ്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്ലിങ്ങളാണെന്ന് ഈ വിഡിയോയിൽ പറയുന്നു. കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പുറംചട്ടയിൽ മുസ്ലിം ലീഗിൻ്റെ പതാക. രാഹുൽ ഗാന്ധിയാണ് ഈ പ്രകടനപത്രിക ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
Read Also: മുസ്‌ലിങ്ങൾക്ക് മാത്രമാണോ മക്കളുള്ളത് എനിക്ക് അഞ്ച് മക്കളുണ്ട് മോദിയെ പരിഹസിച്ച് ഖാർഗെ
കഴിഞ്ഞ മാസം 21ന് രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമർശം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.
പ്രസ്താവന വിവാദമായതോടെ വ്യാപക വിമർശനങ്ങളുയർന്നു. തുടർന്ന് പ്രധാനമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയാണ് വിശദീകരണം നൽകിയത്. ഇതോടെ, മോദിയുടെ പേര് പരാമർശിക്കാതെ സ്റ്റാർ ക്യാമ്പയിനർ കുറച്ചുകൂടി നിയന്ത്രിതമായി സംസാരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മോദി വീണ്ടും വിവാദ പരാമർശം ആവർത്തിച്ചു.
കോൺഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങൾ, താലിമാല എന്നിവയുടെ എക്സ് റേ എടുക്കും. അവർ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടർമാർക്ക് പുനർവിതരണം ചെയ്യുകയും ചെയ്യും. മോദി ജീവനോടെ ഉണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ല. ആ സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോൺഗ്രസിൻറെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: bjp campaign video congress hate speech muslim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here