Advertisement

മോദിയെ കാണാൻ തീരെ സമയമില്ല, ചൈനയിൽ പോകാനുണ്ട്; മസ്‌ക് ഇന്ത്യയെ ചതിച്ചതോ? വിമർശനം കടുക്കുന്നു

May 4, 2024
Google News 2 minutes Read

ഇന്ത്യയിലേക്കുള്ള ക്ഷണം നിരസിച്ച് മസ്ക് ചൈനയിലെത്തിയപ്പോൾ ടെ‌സ്‌ല കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ പ്ലാൻ്റുമായി ബന്ധപ്പെട്ട് വമ്പൻ ഓഫറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മസ്ക് ഇന്ത്യയെ അവഹേളിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. 2020 ലെ അതിർത്തി സംഘർഷത്തെ തുടർന്ന് വഷളായ ഇന്ത്യ – ചൈന വാണിജ്യ-നയതന്ത്ര ബന്ധത്തെ കൂടി സ്വാധീനിക്കുന്നതാണ് മസ്കിൻ്റെ തീരുമാനം.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷത്തിലാണ് മസ്ക് റദ്ദാക്കിയത്. ഇന്ത്യയിലേക്ക് 3 ബില്യൺ ഡോളറിന്റെ (25000 കോടി രൂപ) നിക്ഷേപം ടെസ്‌ല വഴി മസ്‌ക് എത്തിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇതാണ് അസ്ഥാനത്തായത്. ടെസ്‌ലയുമായി ബന്ധപ്പെട്ട് വളരെ വലിയ ജോലികൾ ചെയ്യാനുണ്ടെന്ന് കാരണം പറഞ്ഞാണ് മസ്‌ക് ഇന്ത്യ സന്ദർശനം നീട്ടിവച്ചത്. എന്നാൽ അപ്പോഴേക്കും മസ്‌ക് പങ്കെടുക്കുന്ന സ്റ്റാർട്ട് അപ്പ് പരിപാടിക്ക് കേന്ദ്രസർക്കാർ ക്ഷണക്കത്തുകൾ അയച്ചിരുന്നു.

Read Also: കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

എന്നാൽ ഇന്ത്യ സന്ദർശനം മാറ്റിവച്ച മസ്ക് ഞായറാഴ്ച ചൈനയിലെത്തി. ചൈനീസ് പ്രീമിയർ ലി കയാങുമായി കൂടിക്കാഴ്ച നടത്തി. ലോക വാഹന വിപണിയിലേക്ക് തങ്ങളുടെ അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യൻ മാധ്യമങ്ങൾ പ്രതികരിച്ചത്. ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം മസ്കിൻ്റെ നീക്കങ്ങളെ വിമർശിച്ച് രംഗത്ത് വന്നു. മിറർ നൗ, ന്യൂസ് 9 തുടങ്ങിയ മാധ്യമങ്ങൾ മസ്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

എന്നാൽ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയായി ഈ നീക്കം മാറി. രാജ്യത്ത് മൂന്നാം തവണ അധികാരത്തിലെത്താൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് തന്റെ വ്യക്തിപ്രഭാവം വളർത്താനുള്ള ആയുധം കൂടിയായിരുന്നു മസ്‌കിൻ്റെ ഇന്ത്യ സന്ദർശനം. 25000 കോടി രൂപയുടെ നിക്ഷേപം എത്തുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന നേരിട്ടും അല്ലാതെയുമുള്ള തൊഴിൽ, ബിസിനസ് സൗഹൃദ അന്തരീക്ഷം, അതിനെല്ലാം ശ്രമം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും, എൻഡിഎ പ്രചാരണത്തിൻ്റെ കേന്ദ്ര ബിന്ദു ആകേണ്ടതായിരുന്നു. എന്നാൽ ഒന്നും നടന്നില്ല.

ടെസ്‌ലയോ പ്രധാനമന്ത്രിയുടെ ഓഫീസോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈ വർഷം തന്നെ ഇന്ത്യയിലേക്ക് വരുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. അമേരിക്ക-ചൈന അഭിപ്രായ ഭിന്നതകളെ തുടർന്ന് ചൈന വിട്ടുപോകുന്ന ബഹുരാഷ്ട്ര കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള ശ്രമം ഏറെ നാളായി ഇന്ത്യ നടത്തുന്നുണ്ട്. ഇതിൽ തന്നെ ഏറ്റവും പ്രധാനമായിരുന്നു മസ്കിൻ്റെ സന്ദർശനം. എന്നാൽ മസ്കിൻ്റെ പിന്മാറ്റം ആയുധമാക്കിയിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷം.

മോദി സർക്കാരിൻ്റെ നയങ്ങൾക്ക് മുകളിലെ അവിശ്വാസമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടതെന്ന് കോൺഗ്രസ് ദേശീയ വക്താവായ ഷമ മുഹമ്മദ് വിമർശിച്ചു. വൻകിട ബിസിനസുകൾ ഇന്ത്യ ഉപേക്ഷിച്ച് ചൈനയിലേക്ക് പോവുകയാണെന്നും അവർ കുറ്റപ്പെടുത്തി. ദി പാട്രിയോട് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യകാരൻ അഭിലാഷ് ബാനർജിയും ഈ വിഷയത്തിലൂന്നി നിന്നാണ് നിലപാട് പറഞ്ഞത്. മോദിയെ കാണാൻ തീരെ സമയമില്ലാതിരുന്ന മസ്ക് എങ്ങനെ ചൈനയിലേക്ക് പോയെന്നായിരുന്നു ചോദ്യം. മോദി മസ്കിന് ഹൃദയത്തിൽ നിന്ന് മാപ്പ് നൽകുമോയെന്നായിരുന്നു അഭിഷേക് ചോദ്യം. 19 മണിക്കൂറിൽ 2.68 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

Story Highlights : Elon Musk’s surprise visit to China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here