കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയിൽ കോടതി ഇടപെടൽ; മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുളള വാക്കുതർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കൻ്റോൺമെൻ്റ് പൊലിസിന്റെ നടപടി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് കേസ്. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ഇതോടെ നാല് കേസുകൾ രജിസ്റ്റര്‍ ചെയ്തു. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാർഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിർദേശ പ്രകാരമുള്ള രണ്ട് കേസുകള്‍.
Story Highlights : Court directs police to register case against Mayor and others on Yadhu’s complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here