Advertisement

ഇനി മത്സരം നേരിട്ട്: അംബാനിക്ക് സ്വാധീനമുള്ള ബിസിനസിൽ ആദ്യമായി ചുവടുവെക്കാൻ അദാനി; 17000 കോടി വായ്പാ സഹായം

May 7, 2024
Google News 3 minutes Read
Ambani and Adani

രാജ്യത്ത് പെട്രോകെമിക്കൽ ബിസിനസ് രംഗത്തെ അതികായരായ റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്പുകോർക്കാൻ അദാനി ഗ്രൂപ്പും. ഗുജറാത്തിലെ മുന്ദ്ര തീരത്ത് പെട്രോകെമിക്കൽ പ്ലാൻ്റ് സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് വായ്പാ സഹായം തേടിയതിൽ അനുകൂല തീരുമാനവുമായി മുന്നോട്ട് പോവുകയാണ് എസ്ബിഐ. ഇതാദ്യമായാണ് പെട്രോകെമിക്കൽ രംഗത്തേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നത്. 17000 കോടി രൂപയാണ് പ്ലാൻ്റ് നിർമ്മാണത്തിൻ്റെ ചെലവായി എസ്ബിഐ നേതൃത്വം നൽകുന്ന കൺസോർഷ്യം കൈമാറുകയെന്നാണ് വിവരം. പ്ലാൻ്റിന് ആകെ ചെലവാകുന്ന തുകയുടെ 60-70% ആണ് വായ്പയായി വാങ്ങുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ പിവിസി നിർമ്മാണ പ്ലാൻ്റാണ് മുന്ദ്ര തീരത്ത് ഒരുക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ പദ്ധതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരുന്നു. ഹിൻഡൻബർഗ് വാർത്തകൾക്ക് പിന്നാലെയായിരുന്നു പോളി വിനൈൽ ക്ലോറൈഡ് പ്ലാന്റ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. പിന്നീട് ജൂലൈ മാസത്തിലാണ് പ്രവർത്തനം പുനരാരംഭിച്ചത്. ആകെ 25000-27000 കോടി രൂപ പ്ലാൻ്റിനായി ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

Read Also: മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടിയെങ്കിലും ലഭിച്ചില്ല; ഗുരുതര ആരോപണവുമായി കോൺഗ്രസിൽ നിന്ന് രാജിവച്ച രാധിക ഖേര

അതേസമയം പ്ലാൻ്റിന് വേണ്ട ഫണ്ടിൻ്റെ മുഴുവനും ഒറ്റയ്ക്ക് വഹിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കമല്ല. ഈ തുക സഹകരിക്കുന്ന മറ്റ് ബാങ്കുകളിൽ നിന്ന് കൂടിയായി വീതിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ആകെ 17000 കോടി രൂപ വായ്പയിൽ ഏറ്റവും വലിയ വിഹിതം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ നൽകുമെന്ന് കരുതപ്പെടുന്നു. എന്നാൽ കൺസോർഷ്യം അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല. അദാനി പെട്രോകെമിക്കൽ പ്ലാൻ്റിൻ്റെ ഒന്നാം ഘട്ടം 2026 ൽ പൂർത്തിയാക്കപ്പെടുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

കൽക്കരി ഉപയോഗിച്ചാണ് പ്ലാൻ്റിൽ പ്രധാനമായും പോളി വിനൈൽ ഉൽപ്പാദനം ലക്ഷ്യമിടുന്നത്. ഇത് ചെലവ് കുറഞ്ഞ രീതിയാണ്. കെട്ടിട നിർമ്മാണം, ആരോഗ്യരംഗം, ഇലക്ട്രോണിക്സ്, വാഹന നിർമ്മാണം എന്നിവിടങ്ങളിൽ പിവിസി ഉപയോഗിക്കുന്നുണ്ട്. ഉൽപ്പാദനത്തിന് ആവശ്യമാകുന്ന കൽക്കരി പ്രധാനമായും ഇറക്കുമതി ചെയ്യും. ഓസ്ട്രേലിയയിലെ ഖനികളിൽ നിന്ന് അദാനി ഗ്രൂപ്പ് കൽക്കരി ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. ഇതിന് പുറമെ ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ആലോചനയിലുണ്ട്.

പെട്രോകെമിക്കൽ ബിസിനസ് രംഗത്ത് ഇപ്പോൾ തന്നെ മികച്ച സ്വാധീനമുള്ള ബിസിനസ് ഗ്രൂപ്പാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻറസ്ട്രീസ്. ഇവരുടെ ഏറ്റവും പുതിയ വിലയിരുത്തൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് പോളി വിനൈൽ ഡിമാൻ്റ് 9% ഉയർന്നിട്ടുണ്ട്. കൃഷി, അടിസ്ഥാന സൗകര്യ മേഖലകളിലും സർക്കാർ പദ്ധതികളിലും പോളി വിനൈൽ ക്ലോറൈഡിൻ്റെ ഡിമാൻ്റ് കൂടിയതാണ് ഇതിന് കാരണം. റിലയൻസ് ഇൻ്റസ്ട്രീസിൻ്റെ ഓയിൽ-കെമിക്കൽ ബിസിനസ് 1.42 ലക്ഷം കോടി രൂപയാണ് 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ വരുമാനം നേടിയത്. ഇന്ത്യൻ ഓയിൽ, ഹൽദിയ പെട്രോകെമിക്കൽസ് എന്നിവയും പെട്രോകെമിക്കൽ രംഗത്ത് പ്രധാനികളാണ്. പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയും പെട്രോകെമിക്കൽ ബിസിനസിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Story Highlights : Adani petrochemical plant in Mundra to get a Rs 17000 crore loan from SBI led consortium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here