ഓസ്ട്രേലിയക്ക് പോകാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട്ടി ഇരുട്ടടി

വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ ബാങ്ക് സേവിങ്സ് പരിധി ഉയർത്തുമെന്ന് ഓസ്ട്രേലിയ. ഇതോടൊപ്പം രാജ്യത്ത് നിരവധി കോളേജുകൾ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഓസ്ട്രേലിയ സർക്കാർ നൽകി.
വെള്ളിയാഴ്ച മുതൽ ഓസ്ട്രേലിയയിൽ വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവർ 29710 ഓസ്ട്രേലിയൻ ഡോളർ തങ്ങളുടെ സേവിങ്സായി കാണിക്കണം. 19576 അമേരിക്കൻ ഡോളറും 16.34 ലക്ഷം ഇന്ത്യൻ രൂപയ്ക്കും തുല്യമായ തുകയാണിത്. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയ സ്റ്റുഡൻ്റ് വിസയുമായി ബന്ധപ്പെട്ട ബാങ്ക് സേവിങ്സ് പരിധി ഉയർത്തിയത്. ഒക്ടോബറിൽ 21041 ഓസ്ട്രേലിയൻ ഡോലറിൽ നിന്ന് 24505 ഡോളറായി സേവിങ്സ് പരിധി ഉയർത്തിയിരുന്നു.
രാജ്യത്തേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. 2022 ൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയ ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധന, വാടക വിപണിക്ക് മേലെ വലിയ സമ്മർദ്ദമായി മാറിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് ഓസ്ട്രേലിയ സർക്കാർ സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി ഉയർത്തിയത്.
Read Also: ഇസ്രയേലിൽ പണിയെടുക്കാൻ ആളില്ല; വാഗ്‌ദത്ത ഭൂമി തേടിപ്പോയ ഇന്ത്യാക്കാർക്കും ദുരിതം
സ്റ്റുഡൻ്റ് വിസയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ മാർച്ച് മാസത്തിൽ ഓസ്ട്രേലിയൻ സർക്കാർ ഉയർത്തിയിരുന്നു. ഇതിന് പുറമെ വിദേശ വിദ്യാർത്ഥികൾ നീണ്ട കാലം ഓസ്ട്രേലിയയിൽ തന്നെ തങ്ങുന്നത് അവസാനിപ്പിക്കാനുള്ള നിയന്ത്രണങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് വ്യാജ റിക്രൂട്ട്മെൻ്റുകളും നിർബാധം തുടരുന്നുണ്ട്. ഇത്തരത്തിലുള്ള 34 സ്ഥാപനങ്ങൾക്ക് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ കുട്ടികളെ ചതിച്ച് റിക്രൂട്ട് ചെയ്തതാണെന്ന് തെളിഞ്ഞാൽ ജയിൽ ശിക്ഷയും സമ്പൂർണ വിലക്കും നേരിടേണ്ടി വരും.
വിദ്യാഭ്യാസ രംഗമാണ് ഓസ്ട്രേലിയയുടെ വരുമാനത്തിൻ്റെ വലിയ ഭാഗം. 36.4 ബില്യൺ ഓസ്ട്രേലിയൻ ഡോളറാണ് വിദ്യാഭ്യാസ കയറ്റുമതിയിലൂടെ 2022-23 കാലത്ത് ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ നേടിയത്. എന്നാൽ കുടിയേറ്റം ക്രമാതീതമായി കൂടുന്നത് സർക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. കുടിയേറ്റത്തിൽ 2023 സെപ്തംബർ 30 ലെ കണക്ക് പ്രകാരം 60% വർധനയുണ്ടായി. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിലൂടെ കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാവുമെന്നാണ് ഓസ്ട്രേലിയൻ സർക്കാർ കണക്കുകൂട്ടുന്നത്.
Story Highlights : Australia raises minimum savings for international student visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here