Advertisement

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, ഇനി ഗർഭിണി എന്ന് പറയില്ല: സുപ്രീം കോടതി

May 8, 2024
2 minutes Read
pregnancy danger signs

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നതെന്നും അതിനാൽ ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം പ്രഗ്നൻ്റ് വുമൺ നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥം വരുന്ന പ്രഗ്നൻ്റ് പേർസൺ എന്ന പദം ഉപയോഗിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. നോൺ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷന്‍മാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. 14 വയസ് പ്രായം വരുന്ന പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തിൽ മാത്രം പ്രഗ്നൻ്റ് പേർസൺ എന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചത്.

പതിനാല് വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുവദിച്ച് സുപ്രീം കോടതി തന്നെ വിധിച്ച ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതിജീവിതയായ 14 കാരിക്ക് ഗർഭം അലസിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് രക്ഷിതാക്കളാണ് ഹർജി സമർപ്പിച്ചത്. ജെബി പർദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ഡിവിഷൻ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Read Also: കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക

ഏപ്രിൽ 22 ന് ഇതേ കേസിൽ വാദം കേട്ട കോടതി, അത്യപൂർവമായ സംഭവമെന്ന് വിലയിരുത്തിക്കൊണ്ടാണ് അതിജീവിതയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ച് ഗർഭം അലസിപ്പിക്കാൻ ഉത്തരവിട്ടത്. മുംബൈയിലെ ലോകമാന്യ തിരക് മുനിസിപ്പൽ ജനറൽ ആശുപത്രിയിലെ ഡീനിൻ്റെ വൈദ്യ പരിശോധനാ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായ ഗർഭം തുടരുന്നത് പെൺകുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി ഗർഭം അലസിപ്പിക്കാൻ ഉത്തരവിട്ടത്.

എന്നാൽ പിന്നീട് ആശുപത്രി അധികൃതരാണ് ഉത്തരവിൽ വ്യക്തത തേടി സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്. അതിജീവിതയുടെ അമ്മയുടെ മനസ് മാറിയെന്നും 31 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നത് അതിജീവിതയ്ക്കുണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽ അമ്മ വ്യാകുലപ്പെട്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ഡിവിഷൻ ബെഞ്ച് വീണ്ടും ആശുപത്രി അധികൃതരുമായി വിഷയത്തിൽ സംസാരിക്കുകയും മുൻ ഉത്തരവ് തിരുത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇതൊടൊപ്പം മുംബൈ സിയോൺ ആശുപത്രിയോട് മുൻകാല പ്രാബല്യത്തോടെ അതിജീവിതയുടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ ചിലവും വഹിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രസവത്തിന് ശേഷം കുട്ടിയെ ദത്ത് നൽകാൻ കുടുംബം ഉദ്ദേശിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ അതിനാവശ്യമായ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കുട്ടിയുടെ ഗർഭം അലസിപ്പിക്കണമെന്ന അമ്മയുടെ ആവശ്യം മുംബൈ ഹൈക്കോടതി നിരാകരിച്ചതോടെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.

Story Highlights : Supreme court decides to use pregnant person instead of Pregnant Woman.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top