Advertisement

മാമോനും ദൈവത്തിനും ഇടയിലൂടെ കെ പി യോഹന്നാന്റെ സംഘർഷയാത്ര

May 10, 2024
1 minute Read

കേരളത്തിൽ മറ്റെവിടെയും ജനിച്ച മറ്റൊരു ആത്മീയ നേതാവിനും സാധിക്കാത്ത വളര്‍ച്ചയാണ് അദ്ഭുത സമാനമെന്ന് വിശേഷിപ്പിക്കാവുന്ന കെപി യോഹന്നാൻ എന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതം. സുവിശേഷത്തിൻ്റെ പാതയിൽ ആത്മീയ യാത്രയിലൂടെ ബിലീവേ‌ഴ്‌സ് ചര്‍ച്ചിലേക്ക് വളര്‍ന്ന് ലോകമാകെ പരന്നുകിടക്കുന്ന ക്രിസ്തീയ വിശ്വാസ ശൃംഖല തന്നെ അദ്ദേഹം സ്ഥാപിച്ചു. പിന്നീടത് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ചായി മാറി. ലോകമാകെ ഭൂമിയും സ്ഥാപനങ്ങളുമുള്ള ബൃഹത്തായ സഭയാണ് ഇന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച്. എന്നാൽ സാമ്പത്തിക ക്രമക്കേട് മുതൽ സ്ഥലമിടപാടിൽ സർക്കാരുമായുള്ള നിയമപോരാട്ടം വരെ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെയും അദ്ദേഹം സ്ഥാപിച്ച സഭയുടെയും വളര്‍ച്ചയുടെ നിറംകെടുത്തി. ആത്മീയതുയുടെയും വിവാദത്തിൻ്റെയും ജീവിതത്തിന് കൂടിയാണ് ഇതോടെ തിരശ്ശീല വീണത്.

അപ്പർ കുട്ടനാട്ടിലെ നിരണത്തെ സാധാരണ കര്‍ഷക കുടുംബത്തിൽ നിന്ന് ആയിരക്കണക്കിന് ഏക്കര്‍ ഭൂസ്വത്തും കോടിക്കണക്കിന് രൂപയുടെ വിദേശ സ്വദേശ സമ്പാദ്യങ്ങളുടെ അധിപനുമായി കെപി യോഹന്നാനിൽ നിന്ന് മാർ അത്തനേഷ്യസ് യോഹാനായി അദ്ദേഹം വളര്‍ന്നു. ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി തുടങ്ങിയതായിരുന്നു കെപി യോഹന്നാൻ്റെ സുവിശേഷ യാത്ര. ഇതിന്റെ ഗതി മാറുന്നത് അദ്ദേഹത്തിൻ്റെ 24ാം വയസിൽ അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോകാനുള്ള തീരുമാനത്തിലൂടെയാണ്. ഇവിടെ വച്ചാണ് അദ്ദേഹം ജര്‍മ്മൻ പൗരയായ ഗിസല്ലയുമായി സൗഹൃദത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്. ഈ ദാമ്പത്യ ബന്ധം ആത്മീയതയുടെ പാതയിൽ പുതിയ കാഴ്ചപ്പാടുകളുമായാണ് മുന്നോട്ട് പോയത്. അതിന്റെ ആദ്യത്തെ ഫലമായിരുന്നു ഗോസ്പൽ ഏഷ്യ എന്ന സംഘടന. 1983 ലായിരുന്നു ഇതിന്റെ പിറവി. അമേരിക്കയിൽ നിന്ന് നേടിയ പാഠങ്ങളുടെ കരുത്തിൽ ആത്മീയ യാത്രയെന്ന റേഡിയോ സുവിശേഷ പ്രഭാഷണത്തിലേക്ക് 1986 ൽ കെപി യോഹന്നാൻ കടന്നു. ഈ നീക്കം വലിയ തോതിൽ കേരളത്തിലെ വിശ്വാസി സമൂഹത്തിന് പ്രിയപ്പെട്ടതായി മാറി. പ്രാര്‍ത്ഥനാ സഹായം തേടി ആത്മീയ യാത്രയിലേക്ക് എഴുത്തുകളുടെ പ്രവാഹമായിരുന്നു പിന്നീട്.

ഇതോടെയാണ് യോഹന്നാൻ തൻ്റെ സുവിശേഷ യാത്രയുടെ ഗതി മാറ്റി സ്വന്തമായി ഒരു ക്രൈസ്തവ സഭയെന്ന ആശയത്തിന് തുടക്കം കുറിച്ചത്. അങ്ങനെ 1990 ൽ കെപി യോഹന്നാൻ ബിലീവേഴ്സ് സഭ രൂപീകരിച്ചു. ക്രൈസ്തവ വിശ്വാസികൾക്ക് നിരവധി സഭകളുള്ള നാട്ടിൽ ഇനിയും എന്തിനാണ് ഒരു സഭ എന്ന് ഈ നീക്കത്തോട് പലരും മുഖം ചുളിച്ച് ചോദിച്ചു. വിശ്വാസികൾ സമൂഹമായി വികസിക്കുമ്പോൾ അതിന് സ്വത്വം വേണമെന്നായിരുന്നു ഇതിനുള്ള മറുപടിയിൽ മെത്രാപ്പൊലീത്ത വ്യക്തമാക്കിയത്. ക്രിസ്തീയ ജീവിതം പ്രായോഗിക രീതിയിൽ എന്നതായിരുന്നു ബിലീവേഴ്സ് ചർച്ച് മുന്നോട്ട് വച്ച കാഴ്ചപ്പാട്. പിന്നീട് 2003 ൽ സഭയുടെ പ്രഥമ മെത്രാപ്പൊലീത്തയായി അദ്ദേഹം മാറി. സിഎസ്ഐ മോഡറേറ്ററായിരുന്ന ഡോ.കെ.ജെ.സാമുവലാണ് ആ കാലത്ത് കെപി യോഹന്നാനെ ബിഷപ്പായി വാഴിച്ചത്. അതിനെതിരെ പരാതികളും അന്ന് ഉയർന്നിരുന്നു.

വിശ്വാസം മാത്രമായിരുന്നില്ല കെപി യോഹന്നാൻ്റെ മേഖല. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ മുതൽ അമേരിക്കയിലും കാനഡയിലും അടക്കം പടർന്നു പന്തലിച്ചു കിടക്കുന്ന സമ്പാദ്യങ്ങളും ഈ ആത്മീയാചാര്യന് സ്വന്തമാണ്. ഈ നിലയിൽ ബിലീവേഴ്സ് ചർച്ചും കെപി യോഹന്നാനും വളർച്ചയുടെ ഓരോ പടവുകൾ ചവുട്ടിയപ്പോഴും വിവാദങ്ങളും ഒപ്പം വന്നു. സഭയുടെ ഏറ്റവും വലിയ സംരംഭമാണ് മികച്ച ചികിത്സ ഉറപ്പാക്കുന്ന തിരുവല്ലയിലെ ബിലീവേ‌ഴ്സ് ചർച്ച സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജ്. എന്നാൽ ഈ സ്ഥാപനം ഭൂനിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഉയര്‍ന്ന പരാതികൾ ആ കാലത്ത് വൻ വിവാദമായി മാറി. എന്നാൽ അവിടെയൊന്നും പതറാതെ ബിലീവേഴ്സ് ചര്‍ച്ച് മുന്നോട്ട് തന്നെ പോയി.

തിരുവല്ലയിലും തൃശ്ശൂരിലും റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ച സഭ, കാർമൽ ട്രസ്റ്റിന് കീഴിൽ പെരുനാട് പ്രവർത്തിക്കുന്ന എഞ്ചിനീയറിങ് കോളേജ് വിലക്ക് വാങ്ങുകയും ചെയ്തു. സുവിശേഷത്തിനൊപ്പം സാമൂഹ്യ പ്രവർത്തനത്തിലേക്കും സഭ ശ്രദ്ധ പതിപ്പിച്ചു. ഇന്ത്യ, മ്യാന്മർ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, റുവാൻഡ, അമേരിക്ക, കാനഡ തുടങ്ങിയ 20 ഓളം രാജ്യങ്ങളിൽ സഭ ചുവടുറപ്പിച്ചു. 2017 ൽ സഭയുടെ പേര് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്നാക്കി മാറ്റിയതൊഴിച്ചാൽ സഭയുടെ സാമൂഹിക നയങ്ങൾക്കൊന്നും കാര്യമായ മാറ്റമുണ്ടായിട്ടില്ല.

എന്നാൽ വിവാദങ്ങളുടെയും അന്വേഷണങ്ങളുടെയും കാലമായിരുന്നു ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ചിനെ പിന്നീട് വലച്ചത്. പാവങ്ങളെ സഹായിക്കാനായി അമേരിക്കയിൽ നിന്ന് സ്വരൂപിച്ച പണം വിനിയോഗിച്ചതിൽ ക്രമക്കേട് ആരോപിച്ച് അമേരിക്കയിൽ ബിലീവേഴ്‌സ് ചര്‍ച്ചിന് നേരെ അന്വേഷണം നടന്നു. സഭയുടെ കുറഞ്ഞ കാലയളവിലെ വലിയ വളർച്ചയ്ക്ക് ഒപ്പം വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഏക്കർ സ്ഥലം ബിലീവേഴ്സ് ചർച്ച് വാങ്ങിയത് എങ്ങനെയെന്ന് പല കോണുകളിൽ നിന്ന് ചോദ്യങ്ങളുയര്‍ന്നു. ബിലീവേഴ്സിനും ഗോസ്പൽ ഏഷ്യയ്ക്കും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. എരുമേലിക്കടുത്ത് ഹാരിസൺ മലയാളത്തിൽ നിന്നും സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ് എന്ന 2263 ഏക്കർ ഭൂമിയെച്ചൊല്ലി സർക്കാരുമായി നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. ഈ സ്ഥലമാണ് നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ആദായ നികുതി വകുപ്പിൻ്റേതടക്കം നിരവധി പരിശോധനകളാണ് ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ നടന്നത്. അതിനിടെ കെപി യോഹന്നാൻ പ്രധാനമന്ത്രിയെ നേരിൽ സന്ദർശിച്ചതും പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് ഒരു കോടി രൂപ സഹായം നൽകിയതും കേരളത്തിൽ വലിയ വിവാദമായി. എങ്കിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപ് ബിലീവേഴ്സ് ചർച്ചിൻ്റെ തിരുവല്ലയിലെ അടക്കം സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു. വിദേശ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം നടന്നത്. ഇതിന് പിന്നാലെ സഭയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്കും കേന്ദ്ര ഏജൻസികൾ കടന്നു.

ഗോസ്പൽ ഫോർ ഏഷ്യയെ ചാരിറ്റബിൾ സൊസൈറ്റിയാക്കി മാറ്റിയ ശേഷം ഇതിൻ്റെ ഭാഗമായി ഡോറ എന്ന മൈക്രോഫിനാൻസ് കമ്പനി സഭ സ്ഥാപിച്ചു. സമ്പാദ്യ ശീലവും സംരഭകത്വവും വിശ്വാസികൾക്കിടയിൽ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. പണം പലിശയ്ക്ക് നൽകിയതിനൊപ്പം ചെറു തവണകളായി തിരിച്ചടച്ചാൽ മതിയെന്ന് വ്യക്തമാക്കിയത് കേരളത്തിനകത്തും പുറത്തും നിരവധി പേർക്കാണ് ആശ്വാസമായി. കേരളത്തിൽ 5000 രൂപ മുതൽ 35000 രൂപ വരെ ഇങ്ങനെ വായ്പയായി നൽകി തവണക്കളായി തിരിച്ചടക്കാനുള്ള വ്യവസ്ഥ ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ഈ മൈക്രോ ഫിനാൻസ് സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. 70000 കുടുംബങ്ങൾ നിലവിൽ ഇതിന്റെ ഭാഗമാണ്.

ആതുര സേവന രംഗത്തും ബിലീവേഴ്സ് ചര്‍ച്ച് വലിയ ഇടപെടൽ നടത്തി. ചികിത്സാ സൗകര്യം എത്താത്ത വിദൂര ഗ്രാമങ്ങളിലേക്ക് ടെലി മെഡിസിൻ സൗകര്യത്തിലൂടെ ചികിത്സാ സഹായമെത്തിച്ചു. നിർധന കുട്ടികൾക്ക് പോഷകാഹാരം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ നൽകുന്ന ബ്രിഡ്ജ് ഓഫ് ഹോപ് ആണ് സഭയുടെ മറ്റൊരു പദ്ധതി. തെരുവിൽ അലയുന്ന കുട്ടികളെ പുനരധിവസിപ്പിക്കാനും മാതാപിതാക്കളെ കണ്ടെത്താനുമായി ചിൽഡ്രൻസ് ഹോമുകളും സഭ പലയിടത്തും സ്ഥാപിച്ചു. ലോകത്താകമാനമായി 52 ബൈബിൾ കോളേജുകളും നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്കുണ്ടെന്നാണ് കണക്ക്. തിരുവല്ലയിലടക്കം ആയിരക്കണക്കിന് ഏക്കർ സ്ഥലവും കെട്ടിടങ്ങളും സ്ഥാപനങ്ങളും സഭ വാങ്ങിക്കൂട്ടി. ആത്മീയ ജീവിതത്തിൻ്റെ വെളിച്ചം പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങളായി തലമുറകളിലേക്ക് പകർന്നാണ് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത വിടവാങ്ങുന്നത്. എന്നാൽ സാമ്പത്തിക ക്രമക്കേടുകളും കേസുകളും വിവാദങ്ങളും കെപി യോഹന്നാൻ്റെ പേരിനൊപ്പം ചേർത്ത് എക്കാലവും ഓർമ്മിക്കപ്പെടും.

Story Highlights : Controversial journey of KP Yohannan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top