വീണ്ടും പാക് ഹണിട്രാപ്പ്; മിലിറ്ററി ഡ്രോൺ വിവരങ്ങൾ ചോർത്തി നൽകി യുവാവ്

പാക് ഹണിട്രാപ്പിൽ കുടുങ്ങി ഗുജറാത്ത് സ്വദേശി. ബറൂച്ചിലെ അങ്ക്‌ലേശ്വർ സ്വദേശിയായ പ്രവീൺ മിശ്രയാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. ഇന്ത്യൻ സൈന്യത്തേയും പ്രതിരോധ ഗവേഷണ കേന്ദ്രത്തേയും സംബന്ധിച്ച രഹസ്യങ്ങൾ ശേഖരിച്ച് പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് നൽകിയെന്നാണ് ആരോപണം. ( Pak spy posed as IBM employee got Gujarat man to leak military drone data )
സൊനാൽ ഗാർഗ് എന്ന സ്ത്രീ നാമത്തിൽ പ്രവീൺ മിശ്രയെ ഹണിട്രാപ്പിൽ കുടുക്കിയത് മറ്റൊരു ഐഎസ്‌ഐ ഏജന്റാണ്. ഐബിഎം ചണ്ഡീഗഡിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രവീൺ മിശ്രയുമായി ബന്ധം സ്ഥാപിച്ചത്.
ഇന്ത്യൻ വാട്ട്‌സാപ്പ് നമ്പറും സൊനാൽ ഗാർഗ് എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയും ഉപയോഗിച്ചായിരുന്നു പാക് ഏജന്റ് വലവിരിച്ചത്. ഡിആർഡിഒയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി ജോലി നോക്കുന്ന വ്യക്തിയാണ് പ്രവീൺ മിശ്ര. മിശ്ര നിർണായകമായ ചില വിവരങ്ങൾ ചോർത്തി നൽകിയെന്ന് സിഐഡി എഡിജിപി രാജ്കുമാർ പാണ്ഡ്യൻ വ്യക്തമാക്കി. ഡിആർഡിഒ നിർമിക്കുന്ന ഡ്രോണുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് മിശ്ര ചോർത്തി നൽകിയത്. മിശ്രയുടെ ഓഫിസ് സർവറിൽ മാൽവെയർ കടത്തി വിടാനും ഐഎസ്‌ഐ ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉദ്ധംപൂരിലെ മിലിറ്ററി ഇന്റലിജൻസ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യൻ സൈന്യം, ഡിആർഡിഒ, ഹിന്ദുസ്ഥാൻ എയറണോട്ടിക്‌സ് ലിമിറ്റഡ്, എന്നിങ്ങനെ മിസൈൽ സിസ്റ്റം ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട് നിലവിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയോ, വിരമിച്ച ജീവനക്കാരേയോ ലക്ഷ്യമിട്ട് ഹണിട്രാപ്പ് നടക്കുമെന്നായിരുന്നു വിവരം. പ്രവീൺ മിശ്രയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Story Highlights : Pak spy posed as IBM employee got Gujarat man to leak military drone data
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here