Advertisement

‘മമതയും, പിണറായി വിജയനും ജയിലിനകത്താകും; AAPയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു’; അരവിന്ദ് കെജ്‌രിവാൾ

May 11, 2024
Google News 2 minutes Read

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് പ്രവർത്തകരെ അരവിന്ദ് കെജ്‌രിവാൾ അഭിസംബോധന ചെയ്തത്. ഭാരത് മാതാ കി വിളിച്ചുകൊണ്ടായിരുന്നു പ്രസം​ഗം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രസം​ഗം.

നേതാക്കന്മാരെ ജയിൽ അടച്ച് ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പാർട്ടിയുടെ 4 നേതാക്കളെ ജയിലിൽ അടച്ചു. എത്ര ഇല്ലാതാക്കാൻ ശ്രമിക്കുന്നോ അത്രയും വളരുന്ന പാർട്ടിയാണ് ആം ആദ്മിയെന്ന് കെജ്‌രിവാൾ പറ‍ഞ്ഞു. 10 വർഷം പഴക്കമുള്ള പാർട്ടിയെ ഇല്ലാതാക്കാനുള്ള ഒരു അവസരവും മോദി പാഴാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. വരുംകാലത്ത് ആം ആദ്മി പാർട്ടി ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് അവർക്കറിയാമെന്ന് കെജ്‌രിവാൾ പറഞ്ഞു.

അഴിമതിക്കെതിരെയാണ് പോരാട്ടം എന്നാണ് പ്രധാനമന്ത്രി പറയുന്നത്, എന്നാൽ എല്ലാ അഴിമതിക്കാരും ബിജെപിയിലാണെന്ന് കെജ്‌രിവാൾ പരിഹസിച്ചു. തന്നെ ജയിലിൽ അടച്ച് മോദി ഒരു സന്ദേശം നൽകുന്നു. കെജ്രിവാളിനെ ജയിലിൽ അടച്ചതിലൂടെ ആരെ വേണമെങ്കിലും ജയിലിൽ അടയ്ക്കാം എന്ന സന്ദേശമാണ് മോദി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയമെന്നും എല്ലാ നേതാക്കന്മാരെയും ഇല്ലാതാക്കാൻ ആണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ്. മമതയും, തേജസിയും പിണറായി വിജയനും ഉദ്ദവ് താക്കറയും എല്ലാം ജയിലിനകത്താകുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മനോഹർലാൽ ഘട്ടറിന്റങെ അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയം മോദി അവസാനിപ്പിച്ചു. അടുത്ത ലക്ഷ്യം യോഗി ആദിത്യനാഥ്. കുറച്ചു ദിവസങ്ങൾക്കകം യോഗി ആദിത്യനാഥിനെ മാറ്റും. മോദി വീണ്ടും ജയിച്ചാൽ രണ്ടുമാസത്തിനകം ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ മാറ്റുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

Story Highlights : Arvind Kejriwal against PM Narendra Modi after Jail release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here