Advertisement

‘സ്വതന്ത്ര മാധ്യമപ്രവർത്തനം തടസപ്പെടുത്താൻ അനുവദിക്കരുത്’; ട്വന്റിഫോർ റിപ്പോർട്ടർക്കെതിരായ അതിക്രമത്തിൽ കർശന നടപടി വേണമെന്ന് ആർ.ശ്രീകണ്ഠൻ നായർ

May 11, 2024
2 minutes Read

ട്വന്റിഫോർ ന്യൂസ് കൊല്ലം റിപ്പോർട്ടർ ആർ അരുൺരാജിന് നേരെയുണ്ടായ അതിക്രമത്തിൽ കർശന നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ. സാമൂഹ്യ വിരുദ്ധരെ അഴിഞ്ഞാടാൻ പൊലീസ് അനുവദിക്കരുതെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനം തടസപ്പെടുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു അക്രമി കൊല്ലുമെന്ന് പറഞ്ഞാൽ വാലും ചുരുട്ടി വീട്ടിൽ കയറുന്നവരല്ല ട്വന്റിഫോറിന്റെ റിപ്പോർട്ടർമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ട്വന്റി ഫോർ ന്യൂസ് കൊല്ലം റിപ്പോർട്ടർ അരുൺരാജിന് നേരെ ഉണ്ടായ അതിക്രമത്തിൽ പുളിക്കട കോളനി സ്വദേശി ജോണിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 294 ബി ,341,477,506 എന്നി വകുപ്പുകൾ ചുമത്തിയാണ് കേസ്. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഐഎഫ് ആർ. കൊല്ലം ഈസ്റ്റ് പൊലീസ് നേരത്തെ പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

ഇന്നലെ വൈകിട്ടാണ് ട്വന്റി ഫോർ റിപ്പോർട്ടർ അരുൺ രാജിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. ചിന്നക്കടയിലെ 24 ഓഫീസിന് സമീപത്ത് ലൈവ് ചെയ്യുന്നതിനിടയിൽ കത്തിയും ബിയർ കുപ്പിയും വീശിയായിരുന്നു ആക്രമണം. ഓഫീസിലും അതിക്രമിച്ചു കയറിയ പ്രതി അരുൺരാജിന് നേരെ വധഭീഷണിയും മുഴക്കി.

ചിന്നക്കടയിലുള്ള 24 ഓഫീസിന് സമീപം ഇന്നലെ വൈകിട്ടാണ് അക്രമം നടന്നത്. ഓഫീസിന് സമീപത്തെ റോഡിൽ വാർത്ത സംബന്ധമായ ലൈവ് നൽകുകയായിരുന്നു അരുൺ രാജും സംഘവും. ഇവർക്കിടയിലേക്ക് പുളിക്കട കോളനി സ്വദേശി ജോണി ഭീഷണിയുമായി എത്തി. അസഭ്യ സംസാരത്തോടെ അതിക്രമത്തിന്റെ തുടക്കം. ക്യാമറ ഇവിടെനിന്ന് മാറ്റണമെന്ന് ജോണിയുടെ ആവശ്യം. 24 സംഘം പൊലീസിൽ വിവരമറിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Story Highlights : R Sreekandan Nair wants strict action against Twentyfour reporter assault

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top