ഇറ്റാലിയൻ കമ്പനി എറണാകുളത്ത് ഇന്നവേഷൻ ഹബ്ബ് ആരംഭിക്കുന്നു; ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്നതെന്ന് മന്ത്രി പി രാജീവ്

ഇറ്റാലിയൻ കമ്പനിയായ ഡൈനിമേറ്റഡ് എറണാകുളത്ത് ഇന്നവേഷൻ ഹബ്ബ് ആരംഭിക്കുന്നു. എറണാകുളത്തെ ആലങ്ങാട്ടാണ് ഡൈനിമേറ്റഡിൻ്റെ ഇന്നവേഷൻ ഹബ് പണി നടക്കുന്നത്. ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന കമ്പനിയാണ് ഡൈനിമേറ്റഡ് എന്ന് വ്യവസായ മന്ത്രി പി രാജീവ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
പി രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹോളോഗ്രാഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിസൈൻ ആന്റ് ആനിമേഷൻ, സ്പേഷ്യൽ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിലെ വിപുലമായ മാറ്റം സാധ്യമാക്കാൻ ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന ഒരു നൂതന സംരംഭമാണ് കേരളത്തിലേക്ക് പുതുതായി കടന്നുവരുന്ന ഇറ്റലി ആസ്ഥാനമാക്കിയിട്ടുള്ള ഡൈനിമേറ്റഡ്. ഒപ്പം മാനസികോല്ലാസത്തിനായുള്ള നവലോക മാതൃകകൾക്കെല്ലാമുള്ള ഇടം ഒരു കുടക്കീഴിൽ സാധ്യമാക്കുന്നുവെന്ന പ്രത്യേകതയും ഈ കമ്പനിക്കുണ്ട്. കഴിഞ്ഞ ദിവസം ഈ കമ്പനി സന്ദർശിക്കുകയും ഇവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ സിനിമ ഉൾപ്പെടെയുള്ള അതിവേഗം വളരുന്ന നൂതനവ്യവസായ മേഖലകൾക്കെല്ലാം സഹായകമാകും ഈ സംരംഭമെന്ന് അവരുടെ വാക്കുകൾ ഉറപ്പ് നൽകുന്നു.
നിലവിൽ യൂറോപ്പിലും റഷ്യയിലും ചൈനയിലും സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള ഡൈനിമേറ്റഡ് കേരളത്തിലാരംഭിക്കുന്ന പുതിയ ഇന്നവേഷൻ ഹബ്ബ് എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിലാണ് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നാട്ടിൻപുറങ്ങളിലുൾപ്പെടെ നാലാം വ്യവസായവിപ്ലവത്തിന് കീഴിൽ വരുന്ന നൂതനവ്യവസായങ്ങൾ കടന്നുവരുന്നുവെന്നത് നമ്മുടേത് ശരിയായ പാതയെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്.
Story Highlights: dynimated company ernakulam p rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here