Advertisement

വര്‍ഗീയ ധ്രുവീകരണം, വ്യാജ പ്രചാരണം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യങ്ങളിൽ നിയന്ത്രണമില്ല; പണം വാരി മെറ്റ പ്ലാറ്റ്‌ഫോമുകൾ

May 13, 2024
Google News 2 minutes Read
Lok Sabha election phase 3; Meta is flooded with communal political ads

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഇരുപതോളം പരസ്യ ദാതാക്കളിൽ നിന്നായി ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും കിട്ടിയത് 17 കോടി രൂപ. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപത്തെ കണക്കുകളാണിത്. ഇതിൽ 30 ഓളം പരസ്യങ്ങളും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതും ന്യൂനപക്ഷ വിഭാഗങ്ങളെ വിമര്‍ശിക്കുന്നതുമാണ്. ഇതിനെല്ലാം പുറകിൽ പ്രഖ്യാപിത രാഷ്ട്രീയപ്പാര്‍ട്ടികളെ അനുകൂലിക്കുന്ന പകരക്കാരായ പരസ്യദാതാക്കളാണെന്നാണ് വിവരം.

ഏപ്രിൽ 23 മുതൽ മെയ് ആറ് വരെ മെറ്റ പ്ലാറ്റ്‌ഫോമുകൾക്ക് പണം നൽകിയ ആദ്യ 20 പരസ്യദാതാക്കളിൽ അഞ്ചെണ്ണം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടേത്. മറ്റ് 15 അക്കൗണ്ടുകളും അറിയപ്പെടാത്ത പരസ്യദാതാക്കളാണ്. മെയ് ഏഴിനെ വോട്ടെടുപ്പിന് മുൻപ് മെറ്റ പ്ലാറ്റ്ഫോമുകൾക്ക് ഏറ്റവും കൂടുതൽ പരസ്യം നൽകിയത് ബിജെപിയായിരുന്നു. 5.63 കോടി രൂപ. കോൺഗ്രസ് 4.81 കോടിയും ബിജു ജനതാ ദൾ അനുകൂല അമ ചിന സംഘ ചിന എന്ന പേജ് 2.15 കോടിയും ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍, മനമോദി (രണ്ടും ബിജെപി അനുകൂല പരസ്യദാതാക്കൾ) പേജുകൾ യഥാക്രമം 57.64 ലക്ഷവും 42.17 ലക്ഷവും പരസ്യം നൽകാനായി ചെലവാക്കി. തെലുഗു ദേശം പാര്‍ടി (32.16 ലക്ഷം) തൃണമൂൽ കോൺഗ്രസ് (23.84 ലക്ഷം) എന്നിവരൊക്കെ ചെലവഴിച്ചതിലും കൂടുതൽ തുകയാണ് കോൺഗ്രസ്, ബിജെപി, ബിജെഡി അനുകൂല പേജുകൾ പരസ്യത്തിനായി ചെലവാക്കിയത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മെറ്റയുടെ നയം അനുസരിച്ച് രാഷ്ട്രീയ പരസ്യം നൽകുന്ന പേജുകൾ തങ്ങളുടെ പേജിൽ ഫോൺ നമ്പര്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പരസ്യദാതാക്കളുടെ പേജിൽ കൊടുത്ത നമ്പറുകളെല്ലാം സ്വിച്ച്ഡ് ഓഫ് ആണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഇതുവരെ പ്രതികരിച്ചില്ല. പരസ്യങ്ങളിൽ തങ്ങൾക്ക് കൃത്യമായ നയമുണ്ടെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടെന്നുമാണ് മെറ്റയുടെ വിശദീകരണം. ഈ പരസ്യങ്ങളെല്ലാം നിയമം പാലിക്കുന്നവയാണെന്ന് ഉറപ്പാക്കാൻ മെറ്റ നിര്‍ബന്ധിക്കാറുണ്ടെന്നും അവര്‍ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ കക്ഷികൾ മെറ്റ പ്ലാറ്റ്ഫോമുകളിൽ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പരസ്യം നൽകാറില്ല. എന്നാൽ ഈ ജോലി കൂടെയാണ് പകരക്കാരായ പേജുകൾ ചെയ്യുന്നത്. കര്‍ണാടക ബിജെപി ഘടകത്തിൻ്റെ എക്സ് ഹാൻ്റിലിൽ പ്രത്യക്ഷപ്പെട്ട മുസ്ലിം വിഭാഗത്തിനും എസ്‌സി-എസ്‌ടി വിഭാഗങ്ങളെയും ഒബിസി വിഭാഗങ്ങളെയും ബന്ധിപ്പിച്ചുള്ള വിവാദ വീഡിയോ ആദ്യം പൊളിറ്റിക്കൽ എക്‌സ്‌‌റേ എന്ന പേജ് വഴി മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രസിദ്ധീകരിച്ചതാണ്. മെയ് ഏഴിന് ഈ വീഡിയോ പിൻവലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശം ൽകിയിരുന്നു. സമൂഹ മാധ്യമമായ എക്സിൽ നിന്ന് തൊട്ടടുത്ത ദിവസം വീഡിയോ പിൻവലിച്ചിരുന്നു. എന്നാൽ ഇതേ വീഡിയോ മെയ് 2 മുതൽ 5 വരെ ഫെയ്സ്ബുക്കിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. പൊളിറ്റിക്കൽ എക്‌സ്‌റേ മാത്രം മെറ്റ പ്ലാറ്റ്‌ഫോമുകളിൽ 27.6 ലക്ഷം രൂപയാണ് പരസ്യത്തിനായി ചെലവാക്കിയത്.

ബിജെപി അനുകൂല സിദ്ധ ചഷ്‌മ എന്ന മറ്റൊരു പേജും ഈയടുത്ത് സമാനമായ നിലയിൽ പരസ്യം നൽകിയിരുന്നു. കോൺഗ്രസ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ലംഘിച്ച് സഹായം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പരസ്യം. ഏപ്രിൽ 24-27 തീയതികളിൽ ഈ പരസ്യം വലിയ തോതിൽ പ്രചാരം നേടി. പത്ത് ലക്ഷത്തിലേറെ പേര്‍ ഈ പരസ്യങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഈ പരസ്യത്തിന് മാത്രമായി സിദ്ധ ചഷ്‌മ 16 ലക്ഷം രൂപയാണ് മെറ്റ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയത്. മുദ്ദെ കി ബാത്ത് എന്ന മറ്റൊരു പേജും ഇതേ വീഡിയോകൾ പരസ്യമായി നൽകിയിട്ടുണ്ട്. ഈ പണ്ട് പേജുകളിൽ നിന്നുമായി യഥാക്രമം 31.64 ലക്ഷം രൂപയും 21.4 ലക്ഷം രൂപയുമാണ് മെറ്റ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിച്ചത്.

അമേരിക്കയിൽ 2018 ൽ വൻ വിവാദമായതാണ് മെറ്റയുടെ പരസ്യ നയം. വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പരസ്യ നയം പിന്നീട് മെറ്റ മാറ്റി. ഇതിന് ശേഷം പരസ്യദാതാക്കാൾ തങ്ങളുടെ വിവരങ്ങളും മെറ്റയ്ക്ക് കൈമാറണമെന്നാണ് നിബന്ധന. സുതാര്യത ഉറപ്പാക്കലായിരുന്നു ലക്ഷ്യമെങ്കിലും രാഷ്ട്രീയ ആഭിമുഖ്യമുള്ള ഇതര പേജുകളുടെ കാര്യത്തിൽ ഈ നിബന്ധനകളൊന്നും കാര്യമായ ഫലം ചെയ്തില്ല. കഴിഞ്ഞ മാസം മെറ്റയ്ക്ക് എതിരെ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് – പരസ്യങ്ങളുടെ കാര്യത്തിലടക്കമുള്ള മേൽനോട്ട കുറവ് – യൂറോപ്യൻ യൂണിയൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് മെറ്റ പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യതയെ കൂടി ബാധിക്കുന്നതാണ്.

എന്നാൽ പരസ്യങ്ങൾക്ക് പുറമെ വേറെയും വെല്ലുവിളികൾ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് പിന്നിലുണ്ട്. ഇതിലൊന്നാണ് അമിത് ഷായുടെ പഴയ പ്രസംഗം. തെലങ്കാനയിലും ആന്ധ്രപ്രദേശിലും വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ട അമിത് ഷായുടെ പ്രസംഗ വീഡിയോയിൽ മുസ്ലിങ്ങൾക്കുള്ള 4% സംവരണം എടുക്കുകളയുമെന്നും എസ്‌‌സി-എസ്‌ടി വിഭാഗങ്ങളുടെ സംവരണം നീക്കുമെന്നും പറയുന്നു. വര്‍ഷങ്ങൾക്ക് മുൻപുള്ള ഈ പ്രസംഗ വീഡിയോ പുതിയതെന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ യാതൊരു നടപടിയും മെറ്റ പ്ലാറ്റ്ഫോമുകൾക്ക് സ്വീകരിക്കാൻ സാധിച്ചിട്ടില്ല. ഈ വീഡിയോ തെലങ്കാനയിലെ ഐപി അഡ്രസിൽ നിന്നാണ് ആദ്യം അപ്‌ലോഡ് ചെയ്തത്. സംഭവത്തിൽ തെലങ്കാന പൊലീസ് അഞ്ച് കോൺഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തെലങ്കാന ഹൈക്കോടതി ഇവര്‍ക്കെതിരെ നടപടികൾ വിലക്കിക്കൊണ്ട് ഉത്തരവിട്ടു.

കഴിഞ്ഞ മാസമാണ് ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാൻ, രൺവീര്‍ സിങ് എന്നിവരുമായി ബന്ധപ്പെട്ട ഡീപ് ഫേക് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നുതും കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്നതുമായിരുന്നു വീഡിയോ. എന്നാൽ രണ്ട് വീഡിയോകളും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും പിന്നീട് തെളിഞ്ഞു. ഈ രണ്ട് വീഡിയോകളും നീതിക്കായി വോട്ട് ചെയ്യൂ, കോൺഗ്രസിന് വോട്ട് ചെയ്യൂ എന്ന ആഹ്വാനത്തോടെയാണ് അവസാനിച്ചിരുന്നത്. അമിത് ഷായുടെയും ബോളിവുഡ് താരങ്ങളുടെയും പേരിൽ പ്രചരിക്കുന്ന വീഡിയോകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

Story Highlights : Lok Sabha election phase 3; Meta is flooded with communal political ads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here