പലസ്തീനികളെ കൊന്ന് വളർന്ന ഹമാസ് നേതാവ്, ഇസ്രായേലിന്റെ ദുഃസ്വപ്നം

ഇനിയും നിര്‍ത്താറായില്ലേ ഈ യുദ്ധമെന്ന ചോദ്യം അവര്‍ത്തിക്കപ്പെടുന്ന ഓരോ നിമിഷവും എന്തിനും പോന്ന സേനയെന്ന പെരുമയിൽ അഹങ്കരിക്കുന്ന ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍. ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം. എന്നാൽ അയാൾ എവിടെയെന്ന് കൃത്യമായി അറിയാവുന്നവര്‍ ചുരുക്കം. സാങ്കേതികമായി ഹമാസിന്റെ തലപ്പത്തെ ആരുമല്ല യെഹിയ സിൻവര്‍. എന്നാലോ, സിൻവറെന്ന കുശാഗ്ര ബുദ്ധിക്കാരൻ്റെ കാതുകളെ കബളിപ്പിച്ച് ഒരു നീക്കവും ഹമാസിന് നടത്താനാവില്ല. അല്ലെങ്കിൽ സിൻവര്‍ അറിയാതെ, സിൻവറിന്റെ സമ്മതമില്ലാതെ ഹമാസ് ഒന്നും ചെയ്യില്ലെന്ന് സാരം.
ഒക്ടോബറിൽ ഹമാസിൻ്റെ ആക്രമണം കണ്ട് ലോകം നടുങ്ങിയ ആ ദിവസം മുതൽ ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത് അയാളെയാണ്, യെഹിയ സിൻവറിനെ. ഇസ്രയേലിനെ സംബന്ധിച്ച് ഒക്ടോബറിലെ ഹമാസ് ആക്രമണത്തിനെതിരായ പ്രത്യാക്രമണം ഇപ്പോഴും പരാജയമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാന കാരണവും യെഹിയ സിൻവര്‍ ജീവനോടെയുണ്ട് എന്നത് തന്നെ. ഇസ്രയേലിൻ്റെ പ്രത്യാക്രമണത്തിൽ ഗസയിൽ നിരവധി സാധാരണക്കാര്‍ മരിച്ചുവീണപ്പോഴും ഹമാസിന്റെ ഉന്നതരെയാരെയും കണ്ടെത്താനോ വധിക്കാനോ ഇസ്രയേലിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ബന്ദികളാക്കപ്പെട്ടവരെ പൂര്‍ണമായും മോചിപ്പിക്കാനും അവര്‍ക്ക് സാധിച്ചിട്ടില്ല.
സിൻവറിന്റെ മരണമാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെങ്കിലും ബന്ദികളെ മോചിപ്പിക്കാൻ അയാളോട് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തേണ്ട ദുരവസ്ഥയിലാണ് ഇസ്രയേൽ ഭരണകൂടം. വെറുമൊരു കമാൻഡര്‍ എന്നതിലുപരി ഹമാസിനെ സംബന്ധിച്ച് ഇസ്രയേലിനെയും അമേരിക്കയെയും വട്ടമേശയുടെ രണ്ട് വശങ്ങളിലിരുത്തി പ്രശ്നം ചര്‍ച്ച ചെയ്യാൻ നിര്‍ബന്ധിച്ചിടത്താണ് കരുത്തരിൽ കരുത്തനായുള്ള സിൻവറിൻ്റെ വളര്‍ച്ച.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഈജിപ്തിലും ഖത്തറിലുമാണ് ഇസ്രയേൽ-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം നടക്കുന്നത്. എന്നാൽ സിൻവറാകട്ടെ, ഗസയിൽ തന്നെ ഏതോ തുരങ്ക ശൃംഖലയ്ക്ക് അകത്ത് കഴിയുന്നതായാണ് സംശയം. ഇയാളുടെ അനുമതിയില്ലാതെ ഹമാസിലാര്‍ക്കും ഒത്തുതീര്‍പ്പ് ചര്‍ച്ചകളിൽ തീരുമാനമെടുക്കാനാവില്ല. ഹമാസിനെ സംബന്ധിച്ച് അവസാന വാക്കല്ല സിൻവര്‍. എന്നാൽ ഗസയിൽ അയാളുടെ നേതൃത്വവും ഹമാസിൻ്റെ പ്രവര്‍ത്തനത്തിനും മേലേക്ക് വളര്‍ന്ന മനക്കരുത്തും മറ്റുള്ളവരിൽ നിന്നെല്ലാം സിൻവറിനെ വ്യത്യസ്തനാക്കുന്നു.
1990-2000 കാലത്ത് ഇസ്രയേലിൽ തടവിലായിരുന്നു സിൻവര്‍. അക്കാലത്ത് സിൻവറിനൊപ്പം തടവിലായിരുന്നു സലാ-അൽ-ദിൻ അൽ-അവദേഹ്. സിൻവര്‍ ഹമാസിൻ്റെ മാനേജറോ ഡയറക്ടറോ അല്ലെന്നും അയാളൊരു നേതാവാണെന്നുമാണ് അവദേഹ് പറയുന്നത്.
ഹമാസ് പൂര്‍ണ വെടിനിര്‍ത്തലിലേക്ക് എത്തിയതിന് പിന്നിലും സിൻവറാണെന്ന് അമേരിക്കൻ-ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ഇരുപക്ഷവും തമ്മിലുള്ള സമവായ ചര്‍ച്ചകൾ പലപ്പോഴും മന്ദഗതിയിലാകുന്നതിന് കാരണം ഹമാസ് വിഭാഗം സിൻവറിൻ്റെ അനുമതി കാക്കുന്നതാണ്. ചിലപ്പോഴൊക്കെ സിൻവറിലേക്ക് സന്ദേശമെത്താനും തിരിച്ചെത്താനുമായി 2 ദിവസത്തോളം സമയമെടുക്കാറുണ്ട്. കെയ്റോയിൽ ഇക്കഴിഞ്ഞ ആഴ്ച വീണ്ടും ചര്‍ച്ചകൾ സ്തംഭിച്ചിരുന്നു. അതിന് പിന്നിലും സിൻവറായിരുന്നു എന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥരും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും കരുതുന്നത്. ഇവരെ സംബന്ധിച്ച് എന്തും ചെയ്യാൻ മടിക്കാത്ത അതിക്രൂരനായ എതിരാളിയും ആരും കാണാത്ത കരുനീക്കം നടത്തുന്ന രാഷ്ട്രീയ ബുദ്ധികേന്ദ്രവുമാണ് അയാൾ.
ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തിൻ്റെ ബുദ്ധികേന്ദ്രമായിരുന്നു യെഹിയ സിൻവര്‍. ഇസ്രയേൽ തിരിച്ചടിക്കുമെന്നും പലസ്തീനിലെ നിരവധി സാധാരണക്കാര്‍ ഈ ആക്രമണത്തിൽ കൊല്ലപ്പെടുമെന്നും ഹമാസ് നേരത്തെ മനസിലാക്കിയിരുന്നു. എന്നാൽ ഈ മരണങ്ങൾ അവര്‍ക്ക് ഇസ്രയേൽ ആക്രമണത്തിൻ്റെ ചെലവ് മാത്രമായിരുന്നു.
സിൻവറിൻ്റെ ഈ പോരാട്ട ജീവിതത്തിൻ്റെ ലക്ഷ്യമെന്തെന്നാണ് ഇസ്രയേലിലെയും അമേരിക്കയിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പഠിക്കാൻ ശ്രമിച്ചത്. ഇസ്രയേലിനെ തകര്‍ക്കലും പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശത്തോട് പകരം വീട്ടലുമാണ് അയാളുടെ പ്രാഥമിക ലക്ഷ്യമെന്ന് അവര്‍ മനസിലാക്കി. പലസ്തീൻ ജനതയുടെ ക്ഷേമവും പലസ്തീൻ എന്ന സ്വതന്ത്ര രാജ്യവും അയാളുടെ ലക്ഷ്യങ്ങളിൽ രണ്ടാമതാണെന്നും അവര്‍ തിരിച്ചറിഞ്ഞു.
1962 ൽ ഗസയിലാണ് സിൻവര്‍ ജനിച്ചത്. അക്കാലത്ത് ഇസ്രയേൽ രാജ്യത്തിൻ്റെ സ്ഥാപനത്തിന് വേണ്ടി നടന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി ഗസയിൽ നിന്ന് പലായം ചെയ്ത നൂറ് കണക്കിന് കുടുംബങ്ങളിൽ ഒന്നായിരുന്നു സിൻവറിൻ്റേതും. 1980 ൽ തന്റെ 18ാമത്തെ വയസിൽ സിൻവര്‍ ഹമാസിൽ ചേര്‍ന്നു. 1989 ൽ ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിച്ച പലസ്തീനികളെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി അയാളെ ഇസ്രയേൽ കോടതി ജയിലിലടച്ചു. പിന്നീടുള്ള 20 വര്‍ഷക്കാലം ഇസ്രയേലിലെ തടവറയിലായിരുന്നു അയാളുടെ ജീവിതം. 2011 ൽ ആയിരം പലസ്തീനികളെ ജയിൽ മോചിതരാക്കിയപ്പോൾ അതിലൊരാൾ സിൻവറായിരുന്നു. അന്ന് ഹമാസ് തടവിലാക്കിയ ഒരു സൈനികനെ ജീവനോടെ വിട്ടുകിട്ടാനായിരുന്നു അത്. എന്നാൽ അവിടെ നിന്നങ്ങോട്ട് സിൻവര്‍ വളര്‍ന്നു. ഗസയിൽ ഹമാസിന്റെ നേതൃസ്ഥാനം അയാളെ തേടിയെത്തി.
നീണ്ട 22 വര്‍ഷം ഇസ്രയേലി തടവറയിൽ സിൻവര്‍ വെറുതെയിരിക്കുകയായിരുന്നില്ല. അയാൾ ഹിബ്രു ഭാഷ പഠിക്കുകയും ഇസ്രയേലി സംസ്കാരവും സമൂഹത്തെയും അടുത്തറിയാനും ശ്രമിച്ചു. അയാൾക്ക് വേണ്ടതെല്ലാം തടവറയിൽ ഒപ്പമുണ്ടായിരുന്നവരും ജയിലിലെ ജീവനക്കാരും അയാൾക്ക് പറഞ്ഞുകൊടുത്തു. എന്നാൽ ഇന്ന് സിൻവറിന്റെ വജ്രായുധവും അത് തന്നെയാണ്. ഇസ്രയേലി സമൂഹത്തെ ഭിന്നിപ്പിക്കാനും ബെഞ്ചമിൻ നെതന്യാഹുവിനെ സമ്മര്‍ദ്ദത്തിലാക്കാനും അയാൾ ജയിലിൽ നിന്ന് മനപ്പാഠമാക്കിയതെല്ലാം ആയുധമാക്കി പ്രയോഗിക്കുകയാണെന്നാണ് ഇപ്പോൾ ഇസ്രയേലി-യുഎസ് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നത്.
കൃത്യമായ ഇടവേളകളിൽ ഇസ്രയേലികളായ ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിടുന്നതിന് പിന്നിൽ സിൻവറിന്റെ ബുദ്ധിയാണെന്ന് അവര്‍ കരുതുന്നു. ഇതിലൂടെ നെതന്യാഹു സര്‍ക്കാരിനെ അനുനയ ചര്‍ച്ചകളിൽ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കുകയാണ് സിൻവര്‍. ഇസ്രയേലിൽ തന്നെ ഒരു വിഭാഗം ഹമാസ് ആവശ്യപ്പെടുന്നതെല്ലാം – സിൻവറിനെ അധികാരത്തിലേറെ പൂര്‍ണ സമാധാനം ആണെങ്കിൽ കൂടി – നൽകാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ നെതന്യാഹു അതിന് തയ്യാറല്ല. ഹമാസിനെ തകര്‍ക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ പിന്തുണ പിൻവലിക്കുമെന്ന തീവ്ര വലതുപക്ഷ നിലപാടുള്ള സഖ്യ കക്ഷികളിൽ നിന്നുള്ള സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുകയാണ് അദ്ദേഹം.
ഇനി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി നെതന്യാഹു യുദ്ധത്തെ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നാൽ പോലും അവിടെ അദ്ദേഹത്തിന്റെ പ്രതിനാകനായി ഇന്ന് സിൻവര്‍ മാറിക്കഴിഞ്ഞു. യുദ്ധം പരമാവധി കാലം നീണ്ടുപോകുന്നതും അമേരിക്ക-ഇസ്രയേൽ തകരുന്നതുമാണ് സിൻവര്‍ ആഗ്രഹിക്കുന്നതെന്നാണ് നയതന്ത്ര വിലയിരുത്തൽ. റാഫായിൽ ആക്രമണത്തിന് മുതിര്‍ന്ന ഇസ്രയേലിനെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത് അമേരിക്കയായിരുന്നു. എന്നാൽ ഹമാസ് ആകട്ടെ കഴിഞ്ഞ ഞായറാഴ്ച റഫായിൽ നിന്ന് അതിര്‍ത്തിയിലേക്ക് മിസൈലുകൾ തൊടുത്ത് നാല് ഇസ്രയേലി സൈനികരുടെ ജീവനെടുത്തു.
റഫാ അതിര്‍ത്തി മേഖലയിൽ സൈനിക നീക്കവുമായി മുന്നോട്ട് പോവുകയാണ് ഇസ്രയേൽ. എന്നാൽ അമേരിക്ക ഇതിന് എതിരാണ്. റഫയിലേക്ക് ആക്രമണം നടത്തിയാൽ ഇസ്രയേലിന് പിന്നീട് ആയുധം നൽകുന്നത് നിര്‍ത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഖാൻ യൂനിസ് നഗരത്തിന് താഴെയുള്ള തുരങ്കത്തിലെവിടെയോ സിൻവര്‍ ഉണ്ടെന്നാണ് അമേരിക്ക കരുതുന്നത്.
Story Highlights : Citing Yehia Sinwar’s role in the October strike, Israel has framed Sinwar’s death as a key purpose of its devastating counter attack.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here