Advertisement

‘സോളാർ കേസ് ഒത്തുതീർക്കാൻ ക്ലിഫ് ഹൗസിലേക്ക് നേരിട്ട് സിപിഐഎം നേതാക്കൾ എത്തി’ : ജോൺ മുണ്ടക്കയം ട്വന്റിഫോറിനോട്

May 17, 2024
Google News 4 minutes Read
cpim leaders reached cliff house to discuss about solar case reveals john mundakkayam

സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സിപിഐഎം നേതൃത്വത്തിന്റെ നിർദേശപ്രകാരം മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് ഒത്തുതീർപ്പിനായി തന്നെ വിളിച്ചുവെന്ന് ജോൺ മുണ്ടക്കയം ‘സോളാർ ഇരുണ്ടപ്പോൾ’ എന്ന ലേഖനത്തിൽ വെളിപ്പെടുത്തി. ( cpim leaders reached cliff house to discuss about solar case reveals john mundakkayam )

‘സോളാർ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന്റെ മുന്നിൽ സമരം കത്തിക്കയറി നിന്ന സമയത്ത്, ആ സമരം മുന്നോട്ട് കൊണ്ടുപോകാൻ സിപിഐഎമ്മിന് ബുദ്ധിമുട്ടുണ്ടായി. ആ സമയത്ത് ബ്രിട്ടാസ് എന്നെ വിളിച്ച് സമരം അവസാനിപ്പിക്കണ്ടേയെന്ന് ചോദിച്ചു. ഞാൻ ചോദിച്ചു അതെന്താ ഇപ്പോൾ അങ്ങനെ തോന്നാൻ എന്ന്. കാരണമൊന്നും പറഞ്ഞില്ല. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് ഉമ്മൻ ചാണ്ടിയെ അറിയിച്ചേക്കാമോയെന്ന് ബ്രിട്ടാസ് ചോദിച്ചു. അങ്ങനെ ഇക്കാര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചു. അങ്ങനെയാണ് ആ സമരം അന്ന് തീർന്നത്’- ജോൺ മുണ്ടക്കയം ട്വന്റിഫോറിനോട് പറഞ്ഞു.

പിണറായി വിജയന്റെ പേരൊന്നും ബ്രിട്ടാസ് പറഞ്ഞില്ലെന്നും പൊതുവായ തീരുമാനമെന്ന നിലയിലാണ് പറഞ്ഞതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയേയും വിളിച്ച് ബ്രിട്ടാസ് വിളിച്ച കാര്യം പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയോട് ബ്രിട്ടാസിനെ വിളിക്കണമെന്ന് പറഞ്ഞിരുന്നു, അദ്ദേഹം വിളിക്കുകയും ചെയ്തുവെന്ന് ജോൺ മുണ്ടക്കയം പറഞ്ഞു. ജനങ്ങളെ മുഴുവൻ ബുദ്ധിമുട്ടിക്കുന്ന വലിയ സമരം സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടക്കുമ്പോൾ ആ സമരം തീരുന്നുവെങ്കിൽ തീരട്ടെ എന്ന് കരുതിയാണ് താൻ ഇതിൽ ഇടപെട്ടതെന്നും ജോൺ മുണ്ടക്കയം കൂട്ടിച്ചേർത്തു.

ഇക്കാര്യം സംസാരിക്കാൻ ക്ലിഫ് ഹൗസിലേക്ക് നേരിട്ട് സിപിഐഎം നേതാക്കൾ എത്തിയെന്നാണ് കരുതുന്നതെന്ന് ജോൺ മുണ്ടക്കയം ട്വന്റിഫോറിനോട് പറഞ്ഞു. ഇങ്ങനെയൊരു ചർച്ച നടന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും, രണ്ടാം നിര നേതാക്കളാണ് ക്ലിഫ് ഹൗസിലെത്തിയതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

Story Highlights : cpim leaders reached cliff house to discuss about solar case reveals john mundakkayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here