Advertisement

ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ

May 17, 2024
Google News 2 minutes Read
Spain

ഇസ്രായേലിലേക്ക് ഇന്ത്യയിൽ നിന്ന് ആയുധവുമായി പുറപ്പെട്ട കപ്പലിന് നങ്കൂരമിടാനുള്ള അനുമതി നൽകാതെ സ്പാനിഷ് സർക്കാർ. 27 ടൺ സ്ഫോടക വസ്തുക്കളുമായി സ്പാനിഷ് തുറമുഖത്ത് മെയ് 21 ന് നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. മരിയൻ ഡനിക എന്ന കപ്പലിനാണ് നങ്കൂരമിടാൻ അനുമതി നിഷേധിച്ചത്. ഇതാദ്യമായാണ് തങ്ങൾ ഇത്തരത്തിൽ തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കിയ സ്പെയിനിലെ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബറെസ് ബ്യൂണോ, ആദ്യമായാണ് ഇസ്രയേലിലേക്ക് ആയുധവുമായി പോകുന്ന കപ്പൽ സ്പെയിനിലെ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടുന്നതെന്നും ബ്രസൽസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സാധാരണ ദീർഘദൂര യാത്ര നടത്തുന്ന ചരക്ക് കപ്പലുകൾ യാത്രാമധ്യേ മറ്റ് തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടാറുണ്ട്. എന്നാൽ ഇനിയും ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകൾക്ക് തങ്ങളുടെ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകില്ലെന്ന് സ്പെയിനിലെ വിദേശകാര്യ മന്ത്രി ഉറച്ച നിലപാടെടുത്തു. മധ്യേഷ്യക്ക് ഇനിയും ആയുധങ്ങൾ വേണ്ടെന്ന നിലപാടാണ് സ്പെയിനിൻ്റേതെന്നും മന്ത്രി പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന നിലപാട് സ്വീകരിക്കുകയും അതിനായി യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ നിരന്തരം വാദിക്കുകയും ചെയ്യുന്ന രാജ്യമാണ് സ്പെയിൻ. ഗസ മുനമ്പിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം ഇസ്രയേലിലേക്കുള്ള ആയുധ വിൽപ്പന സ്പെയിൻ നിർത്തുകയും ചെയ്തിരുന്നു.

Read Also: യെച്ചൂരിയുടെയും ജി.ദേവരാജന്റെയും പ്രസംഗങ്ങളിൽ നിന്ന് ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

ചെന്നൈ തുറമുഖത്ത് നിന്ന് ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്കാണ് 27 ടൺ ആയുധങ്ങളുമായി കപ്പൽ പോയതെന്ന് ഡെന്മാർക്കിൽ നിന്നുള്ള എൽ പൈസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. പതിവായി ഇസ്രയേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്നടക്കം ആയുധങ്ങൾ പരമാവധി വാങ്ങിക്കൂട്ടുകയാണ് ഇസ്രയേലെന്ന് ഇപ്പോഴത്തെ നീക്കങ്ങളിൽ നിന്ന് വ്യക്തം. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഇസ്രയേൽ കമ്പനികൾക്ക് പങ്കാളിത്തമുള്ള ഇന്ത്യയിലെ ആയുധ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്നും അവർ ആയുധങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വെടിയുണ്ടകൾ, ഡ്രോണുകളുടെ ഘടകങ്ങൾ, തുടങ്ങി അനേകം സാധനങ്ങൾ ഇന്ത്യയിലെ രണ്ട് സ്വകാര്യ കമ്പനികളിൽ നിന്ന് ഇസ്രയേൽ വാങ്ങുന്നതായാണ് വിവരം. ഇന്ത്യയാകട്ടെ ആയുധോൽപ്പന്ന നിർമ്മാണം ശക്തിപ്പെടുത്തി ലോകവിപണിയിൽ തന്നെ മുന്നേറാനുള്ള ശ്രമത്തിലാണ്. കയറ്റുമതി രംഗത്തെ സാധ്യതകളെല്ലാം ഇതിനായി പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ ഉന്നതരാരും ഇസ്രയേലിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പക്ഷെ ആയുധോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ നിയമപരമായി യാതൊരു പ്രശ്നവും ഇല്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.

Story Highlights : Spain denies permission for ship carrying arms to Israel from India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here