Advertisement

അതിതീവ്ര മഴ; മലയോരമേഖലയിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം; മുഖ്യമന്ത്രിയുടെ ജാഗ്രതാനിര്‍ദേശം

May 18, 2024
Google News 2 minutes Read
Pinarayi viajyan about rain alert

സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായേക്കും. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. സുരക്ഷ കണക്കിലെടുത്ത് മലയോര പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും ആവശ്യമെങ്കില്‍ ക്യാമ്പിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശത്തില്‍ പറയുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടുമുണ്ട്.(Pinarayi viajyan about rain alert)

‘ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

Read Also: മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

വൈദ്യതി ലൈനുകള്‍ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.’മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Story Highlights : Pinarayi viajyan about rain alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here