ആയത്തൊള്ള അല്‍ ഖൊമേനിയുടെ വിശ്വസ്തന്‍, പിന്‍ഗാമി പട്ടികയിലെ സാധ്യതാപേര്;ഇബ്രാഹിം റെയ്‌സി

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അല്‍ ഖൊമേനിയുടെ വിശ്വസ്തന്‍. ഖൊമേനിയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ടായിരുന്ന നേതാവ് കൂടിയാണ് കൊല്ലപ്പെട്ട 63കാരനായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യം നേരിടുമ്പോഴും ഇസ്രയേലുമായുള്ള പോരാട്ടത്തിലും റെയ്‌സി ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ എന്നും ആഭ്യന്തര രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകപ്പെട്ടിരുന്നു. 2021ലാണ് റെയ്‌സി ഇറാന്‍ പ്രസിഡന്റായി ചുമതലയേറ്റത്. പ്രതിസന്ധിയും സംഘര്‍ഷവും അടയാളപ്പെടുത്തിയ കാലത്തെ ഇറാന്‍ ഭരണാധികാരിയായാണ് റെയ്‌സി വിടവാങ്ങുന്നത്.(Life of Ebrahim Raisi who Died In Helicopter Crash)
പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിന് എതിരെ ഏറ്റവും ശക്തമായ നിലപാട് കൈക്കൊണ്ട നേതാവായിരുന്നു റെയ്‌സി. സിറിയയിലെ ഇറാന്‍ എംബസി ആക്രമിക്കപ്പെട്ടതിനുള്ള പ്രതികാരമെന്നോണം ഇസ്രയേലിനെതിരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ വത്സലപുത്രനും യാഥാസ്ഥിതിക ഷിയ സമൂഹത്തിനിടയില്‍ ഏറെ സ്വാധീനം ചെലുത്തുന്ന നേതാവുമായ റെയ്സി 1960ലാണ് ജനിച്ചത്. നേരത്തെ ഇറാന്റെ നീതിന്യായ സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലുമായിരുന്നശേഷമാണ് 2021 ജൂണിലാണ് പ്രസിഡന്റായത്. 2017-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നുവെങ്കിലും മിതവാദിയായ ഹസ്സന്‍ റൗഹാനിയോട് പരാജയപ്പെടുകയായിരുന്നു അദ്ദേഹം. എന്നാല്‍ 2021ല്‍ ഇറാന്റെ വെറ്റിങ് സംവിധാനത്തിലൂടെ പ്രധാന എതിരാളികളെയെല്ലാം മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്നാണ് റെയ്സി തെരഞ്ഞെടുക്കപ്പെട്ടത്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ടു നേടിയാണ് റെയ്സി പ്രസിഡന്റായത്.
Read Also: ഹമാസിനെ വിമർശിക്കുന്ന പലസ്തീനികളുടെ പേടിസ്വപ്നം; ക്രൂരൻ, കൂർമ്മ ബുദ്ധിക്കാരൻ യഹിയ സിൻവർ
85കാരനായ അലി ഖെമേനിയുടെ മേല്‍നോട്ടത്തിലാണ് ഇറാന്റെ ഭരണമെങ്കിലും പ്രസിഡന്റ് എന്ന നിലയില്‍ ആണവായുധ നിര്‍മ്മാണത്തിനുതകുംവിധം യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് റെയ്സി സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര ആണവ പരിശോധനകളെ തടയാനുള്ള റെയ്സിയുടെ ശ്രമങ്ങള്‍ പാശ്ചാത്യരാഷ്ട്രങ്ങളുമായി സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. സിറിയയിലെ ദമാസ്‌ക്കസിലെ ഇറാന്‍ എംബസി ഇസ്രയേല്‍ ആക്രമിക്കുകയും ഇറാന്റെ ജനറലുമാരെ വധിക്കുകയും ചെയ്തതിനുള്ള പ്രതികാരമായി ഇസ്രയേലിലേക്ക് മൂന്നുറോളം ഡ്രോണുകളും മിസൈലുകളുമയച്ച് കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ കനത്ത ആക്രമണം നടത്തിയിരുന്നു.
ഇറാനിലെ സദാചാര പൊലീസിങ്ങിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു റെയ്‌സിയുടെ കാലം. തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം ഇറാനിയന്‍ സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്ന ഹിജാബ് നിയമം വലിയ പ്രതിഷേധങ്ങള്‍ക്കാണ് തിരികൊളുത്തിയത്. സ്ത്രീകളുടെ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്റ്റംബറില്‍ അറസ്റ്റിലായ ഇറാനിയന്‍-കുര്‍ദിഷ് വനിത മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധങ്ങളുടെ ഒരു തരംഗമുണ്ടായി. അഞ്ഞൂറിലേറെപ്പേര്‍ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെടുകയും 22,000ത്തിലധികം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. ഇറാന്‍- ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് 1988ല്‍ അയ്യായിരം തടവുകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ റെയ്സിയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും മറ്റു രാഷ്ട്രങ്ങളില്‍ നിന്നും ഉപരോധം നേരിടുന്ന വ്യക്തി കൂടിയായിരുന്നു റെയ്സി.
Read Also: പലസ്തീനികളെ കൊന്ന് വളർന്ന ഹമാസ് നേതാവ്, ഇസ്രായേലിന്റെ ദുഃസ്വപ്നം
കൊടുമ്പിരി കൊണ്ട ഗസ ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനികള്‍ക്കുള്ള പിന്തുണ ഊന്നിപ്പറഞ്ഞിരുന്നു ഇബ്രാഹിം റെയ്‌സി. ‘മുസ്ലിം ലോകത്തിന്റെ പ്രഥമപ്രശ്‌നം പലസ്തീനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഇറാനിലെയും അസര്‍ബൈജാനിലെയും ജനങ്ങള്‍ പലസ്തീനിലെയും ഗാസയിലെയും ജനങ്ങളെ പിന്തുണയ്ക്കുമ്പോള്‍ സയണിസ്റ്റ് ഭരണകൂടത്തെ വെറുക്കുന്നുവെന്നും റെയ്സി പറഞ്ഞു. ടെഹ്റാനെതിരെയുള്ള ആണവ കരാറിന്റെ പേരില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് റെയ്‌സി അധികാരത്തിലെത്തിയത്. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് ഇറാനെ യുഎസ് ഉപരോധപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
Story Highlights : Life of Ebrahim Raisi who Died In Helicopter Crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here