റെയ്‌സിയുടെ മരണത്തോടെ അയത്തുള്ളയുടെ പിൻഗാമി ആരെന്ന ചോദ്യം; ഇറാനിയൻ ഇസ്ലാമിക വിപ്ലവത്തിൽ ഇനി മക്കൾ വാഴ്ച്ചയോ

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ അപ്രതീക്ഷിത വിയോഗത്തോടെ ഇറാനിയൻ ഇസ്ലാമിക വിപ്ലവത്തിൻ്റെ പരമോന്ന സ്ഥാനത്ത് -അയത്തൊള്ള- പിൻഗാമിയാര് എന്ന ചോദ്യവും ബലപ്പെട്ടു. ഇറാനിൽ പ്രസിഡൻ്റ് പദവിക്ക് മുകളിലാണ് പരമോന്നത പദവി അയത്തൊള്ള. നിലവിലെ അയത്തൊള്ള അലി ഖമേനിയുടെ കാലശേഷം ഈ പരമോന്നത പദവിയിൽ എത്തുമെന്ന് ജനം ഒന്നടങ്കം കരുതിയിരുന്ന നേതാവായിരുന്നു ഇബ്രാഹിം റെയ്‌സി. എന്നാൽ ഹെലികോപ്റ്റർ അപകടത്തിൽ റെയ്‌സി കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ അയത്തൊള്ളയുടെ മകൻ ഈ പരമോന്നത പദവിയിലെത്തുമോയെന്ന ചോദ്യം ശക്തമായി. അങ്ങനെ വന്നാൽ ഇറാനിയൻ ഇസ്ലാമിക വിപ്ലവം കുടുംബ വാഴ്ചയിലേക്ക് ചുവടുമാറ്റുന്ന നടപടി കൂടിയാവും അത്. രാജ്യത്ത് അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യമാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്.
അയത്തൊള്ള സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ പ്രധാനിയാണ് അലി ഖമേനിയുടെ മകൻ മൊജ്‌തബ ഖമേനി. 54 വയസ് മാത്രം പ്രായമുള്ള ഇദ്ദേഹം ഏറെക്കാലമായി അയത്തൊള്ള ഓഫീസിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ്റെ ഭരണ ചക്രം അണിയറയിൽ നിന്ന് നിയന്ത്രിക്കുന്നു. രാഷ്ട്രീയ നേതാവെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചില്ലെങ്കിലും അച്ഛൻ്റെ ആശയങ്ങൾ പിന്തുടരുന്നതിലും യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്നതിലും കണിശക്കാരനാണ്. ഇദ്ദേഹത്തേക്കാൾ കൂടുതൽ ഇറാനിൽ അറിയപ്പെടുന്ന നേതാവായിരുന്നു ഇബ്രാഹിം റെയ്‌സി. 1980 ൽ തടവുകാരെ കൂട്ടക്കൊല ചെയ്തതിൻ്റെ പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപണം നിലനിൽക്കുമ്പോഴും ഭരണരംഗത്ത് വൻ പരിഷ്കാരങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം 2022 ലെ മഹ്‌സ അമിനി പ്രതിഷേധങ്ങളെ അടിച്ചമർത്തിയ നേതാവെന്ന നിലയിലും ഖ്യാതി നേടി. എന്നാൽ അണിയറയിൽ നിന്ന് തീവ്ര രാഷ്ട്രീയ നിലപാടുകളുയർത്തി ഭരണചക്രം തിരിച്ചത് മൊജ്‌താബയായിരുന്നു എന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത്.
പതിനേഴാം വയസിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിൽ അംഗമായ ഇദ്ദേഹം ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. 27ാം മൊഹമ്മദ് റസൂലള്ളാ ഡിവിഷൻ എന്നറിയപ്പെട്ട കുപ്രസിദ്ധ ആദർശ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. തീവ്ര യാഥാസ്ഥിക – വലത് ഇസ്ലാമിസ്റ്റ് നയം സ്വീകരിച്ച ഹബീബ് ബറ്റാലിയനിൽ ചേർന്ന് അദ്ദേഹം യുദ്ധം ചെയ്തു. ഈ സംഘർഷത്തിന് ശേഷം 1999 ൽ ഖോം ഷിയ സെമിനാരിയിൽ ചേർന്ന് അദ്ദേഹം പഠിച്ചു. അന്ന് ഇതിന് മേൽനോട്ടം വഹിച്ചത് അയത്തൊള്ള അൽ ഖമേനിയുടെ വിശ്വസ്തനായ മൊഹമ്മദ് തഖി മിസ്ബാഹ്-യസ്‌ദി ആയിരുന്നു. ഇയാളാണ് 2002 ൽ പാശ്ചാത്യ വാദികളെയും വിവാഹ പൂർവ ബന്ധത്തിൽ ഏർപ്പെടുന്നവരെ വധിക്കാൻ കെർമാൻ പ്രവിശ്യയിൽ ആഹ്വാനം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി പേരാണ് ഇവിടെ കൊലചെയ്യപ്പെട്ടത്.
Read Also: ഇറാൻ പ്രസിഡൻ്റിൻ്റെ അപകട മരണം: ഉറ്റ സുഹൃത്തിൻ്റെ വിയോഗ വാർത്തയിൽ ദുഃഖഭാരവുമായി ഇന്ത്യ
പിന്നീട് ടെഹ്റാനിൽ തിരിച്ചെത്തിയ മൊജ്‌തബ, അയത്തൊള്ളയുടെ ഓഫീസിൽ നിർണായക ചുമതല വഹിച്ചു. അന്ന് തൊട്ട് പിതാവിൻ്റെ പൂർണ പിന്തുണയിൽ ഇറാനിലെ എല്ലാ സുപ്രധാന തീരുമാനങ്ങളുടെയും പിന്നിൽ മൊജ്‌താബ ഇടപെട്ടു. എന്നാൽ മൊജ്തബയുടെ കൂട്ടുകെട്ടുകളെല്ലാം തീവ്ര യാഥാസ്ഥിക നിലപാട് സ്വീകരിക്കുന്നവരുമായിട്ടായിരുന്നു. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുൻ തലവൻ്റെ സഹോദരൻ മെഹ്ദി തയിബ്, ഐആർജിസിയുടെ പ്രബോധന പരിപാടിയുടെ ചുമതല വഹിക്കുന്ന അലിരെസ പനഹിയൻ, ഇസ്ലാമിക് പ്രൊപഗണ്ട ഓർഗനൈസേഷൻ തലവൻ മൊഹമ്മദ് ഖോമി എന്നിവരാണ് അദ്ദേഹത്തിൻ്റെ അടുപ്പക്കാർ. മൊജ്‌തബ അയത്തൊള്ള സ്ഥാനത്തേക്ക് വന്നാൽ അടുപ്പക്കാരായ തീവ്ര നിലപാടുകാർക്കെല്ലാം നിർണായക സ്ഥാനങ്ങൾ ലഭിക്കുകയും അതിലൂടെ ഇറാൻ കൂടുതൽ യാഥാസ്ഥിക നിലപാടിലേക്ക് പോവുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
2009 ൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ജനകീയ പ്രതിഷേധത്തെയും ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇറാനിൽ അലയടിച്ച മഹ്സ അമിനി പ്രതിഷേധങ്ങളെയും അടിച്ചമർത്തിയ സൈനിക നടപടിക്ക് പിന്നിൽ മൊജ്‍തബയ്ക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു. പിതാവ് അൽ ഖമേനിയെ പോലെ തന്നെ മൊജ്‌തബയുടെ യാഥാസ്ഥിക ഷിയ ഇസ്ലാമിസ്റ്റ് അനുയായിയാണ്. രാജ്യത്തിന് അകത്തും വിദേശത്തും ഇസ്ലാമിക വ്തകരണമെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇവർ മുന്നോട്ട് പോകുന്നത്.
Story Highlights : After Raisi’s Death, Speculation Over Succession Turns to Ayatollah’s Son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here