Advertisement

ഇറാൻ പ്രസിഡൻ്റിൻ്റെ അപകട മരണം: ഉറ്റ സുഹൃത്തിൻ്റെ വിയോഗ വാർത്തയിൽ ദുഃഖഭാരവുമായി ഇന്ത്യ

May 20, 2024
Google News 2 minutes Read
Life of Ebrahim Raisi who Died In Helicopter Crash

ഇറാൻ പ്രസിഡന്‍റ് ഡോ സയ്യിദ് ഇബ്രാഹിം റെയ്‌സിയുടെ അപകട മരണത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത് ഉറ്റ സുഹൃത്തിനെ. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ആളായിരുന്നു ഇബ്രാഹിം റെയ്‌സിയെന്ന് ഓർമ്മിച്ചുകൊണ്ടാണ് മരണത്തിലെ നടുക്കവും അനുശോചനവും പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖപ്പെടുത്തിയത്.

പ്രസിഡൻ്റിൻ്റെ മരണത്തിൽ ഇന്ത്യ ഇറാനിലെ വേദനിക്കുന്ന മനുഷ്യർക്കൊപ്പമാണെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിൻ്റെ പ്രതികരണം. ഇതേ അപകടത്തിൽ കൊല്ലപ്പെട്ട ഹുസൈൻ അമിർ-അബ്ദൊല്ലഹിയൻ്റെ മരണത്തിലും ജയ്‌ശങ്കർ അനുശോചനം രേഖപ്പെടുത്തി.

2021 ൽ ഹസ്സൻ റൂഹാനിയെ പരാജയപ്പെടുത്തി ഇറാനിൽ അധികാരം പിടിച്ച ഇബ്രാഹിം റെയ്സി ഇന്ത്യയുമായുള്ള സൗഹൃദത്തിന് ഉയർന്ന മൂല്യം കൽപ്പിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ നിലപാടുകളാണ് മധ്യേഷ്യ വഴി റഷ്യയുമായി ബന്ധപ്പെടാൻ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് വെച്ച ചബഹാർ തുറമുഖത്തിൻ്റെ വികസനത്തിലേക്ക് നയിച്ചത്. പാക്കിസ്ഥാനിലെ ചൈനയുടെ ചെലവിൽ നിർമ്മിച്ച ഗ്വാദർ തുറമുഖത്ത് നിന്ന് 200 കിലോമീറ്റർ മാത്രം ദൂരത്തിലുള്ള ചബഹാർ തുറമുഖത്ത് വൻ വികസന സാധ്യതകളാണ് ഇന്ത്യ തുറന്നുവച്ചിരിക്കുന്നത്. അതിനെ കൈയ്യയട്ട് ഇബ്രാഹിം റെയ്‌സി പിന്തുണക്കുകയും ചെയ്തു.

Read Also: ഏറ്റവും ധനികൻ, 3,400 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ത് രാജാവിന്റെ മുഖം പുനര്‍നിര്‍മിച്ച് ശാസ്ത്രജ്ഞര്‍

ബ്രിക്സ് രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ ഉൾപ്പെടുത്തിയതിൽ നിർണായക ഇടപെടൽ നടത്തിയത് ഇന്ത്യയാണ്. 2023 സെപ്തംബറിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലായിരുന്നു ഈ നീക്കം. ഗ്ലോബൽ സൗത്ത് ഉച്ചകോടികളിൽ ഇന്ത്യക്ക് കരുത്തും പിന്തുണയും എല്ലാം നൽകി ഒപ്പം നിന്ന രാജ്യമായിരുന്നു ഇറാൻ. ആണവ ശക്തിയാകാനുള്ള ഇറാൻ്റെ നീക്കം തടയാൻ അമേരിക്ക 1995 മുതലേ വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2021 ഓഗസ്റ്റിനും 2024 ഏപ്രിൽ 25 നും മധ്യേ മാത്രം 65 ഉപരോധ ഉത്തരവുകൾ അമേരിക്ക ഇറക്കി. ഇതൊന്നും വകവെക്കാതെയാണ് ഇറാനുമായി തോളോട് തോൾ ചേർന്ന് ഇന്ത്യയുടെ പ്രവർത്തനം.

പാക്കിസ്ഥാൻ രൂപീകരണത്തിന് മുൻപുവരെ ഇന്ത്യയും ഇറാനും അതിർത്തി പങ്കിട്ടിരുന്നു. 1950 മാർച്ച് 15 നാണ് പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷം ഇന്ത്യയും ഇറാനും തമ്മിൽ ഉഭയകക്ഷി സൗഹൃദം ഔദ്യോഗികമായി ആരംഭിച്ചത്. സൗഹൃദത്തിനും സമാധാനത്തിനും വേണ്ടി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഈ കൂട്ടുകെട്ട് ഒപ്പിട്ട ആദ്യ കരാറുകളിലൊന്ന്.

Read Also: ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

എന്നാൽ ശീതയുദ്ധ കാലത്തെ നിലപാടുകളും 1954 ലെ ബാഗ്ദാദ് ഉടമ്പടിയും ഇന്ത്യയെയും ഇറാനെയും തമ്മിൽ അകറ്റി. പിന്നീട് 1990 കളിലാണ് സൗഹൃദം ശക്തിപ്പെട്ടത്. 1979 ലെ ഇസ്ലാമിക് വിപ്ലവം, അമേരിക്കൻ നയതന്ത്ര പ്രതിനിധികളെ ബന്ദികളാക്കിയത്, ഇറാൻ – ഇറാഖ് യുദ്ധം, ഹിസ്ബൊള്ള, ഹമാസ് എന്നിവർക്ക് ടെഹ്റാൻ സഹായം നൽകിയതും ആഗോള തലത്തിൽ ഇറാനെ ഒറ്റപ്പെടുത്തി. ഈ ഘട്ടത്തിലാണ് ഇന്ത്യ ഇറാന് സൗഹൃദത്തിൻ്റെ കരം വീണ്ടും നീട്ടിയത്. പാക്കിസ്ഥാനും – അഫ്ഗാനിസ്ഥാനും മധ്യേ മധ്യേഷ്യയിൽ ഊർജ്ജം, വ്യാപാരം, സുരക്ഷ തുടങ്ങി വിവിധോദ്ദേശ്യങ്ങളോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഡൽഹി ഡിക്ലറേഷനും ടെഹ്റാൻ ഡിക്ലറേഷനും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-പ്രതിരോധ രംഗങ്ങളിലെ സഹകരണത്തിന് കൃത്യമായ ദിശാബോധം നൽകി.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഇന്ധനം വിതരണം ചെയ്യുന്ന രാജ്യമാണ് ഇറാൻ. 1990 മുതലുള്ള നയതന്ത്ര രംഗത്തെ ഉറ്റസുഹൃത്താണ്. പാക്കിസ്ഥാൻ ചൈനീസ് പങ്കാളിത്തത്തോടെ ഉയർത്തുന്ന വെല്ലുവിളി പ്രതിരോധിക്കാൻ ഇറാൻ സൗഹൃദം വലിയ നേട്ടമാണ്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയ്ക്ക് സ്വാധീനം വളരെ കുറവാണെന്നതും ഇറാൻ സൗഹൃദത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ലോകത്തെ മുസ്ലിം രാജ്യങ്ങൾക്കിടയിൽ നിർണായക സ്വാധീനമുള്ള ഇറാനുമായുള്ള സൗഹൃദം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കരുത്തും വലുതാണ്.

അതേസമയം അമേരിക്കയുടെയടക്കം ഭാഗത്ത് നിന്ന് ഉപരോധം വന്ന് ഒറ്റപ്പെട്ടുപോയ ഇറാന് ഇന്ത്യ നീട്ടിയ സൗഹൃദത്തിൻ്റെ കരം വലിയ ആശ്വാസമായിരുന്നു. റഷ്യയുടെ കൂടെ സഹകരണത്തോടെ ഇന്ത്യ നടപ്പാക്കുന്ന ഇൻ്റർനാഷണൽ നോർത്ത് – സൗത്ത് ട്രാൻസ്പോർട് കോറിഡോർ വ്യാപാര രംഗത്ത് അമേരിക്കൻ ഉപരോധങ്ങളേൽപ്പിക്കുന്ന ആഘാതം മറികടക്കാൻ സഹായകരവുമാണ്. ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് കരാർ ഇന്ത്യയ്ക്ക് നൽകിയത് ഈ കോറിഡോർ മുന്നോട്ട് വെക്കുന്ന വ്യാപാര-വാണിജ്യ സാധ്യതകൾ മുൻനിർത്തിയാണ്. ഇതിനെല്ലാം കരുത്തേകിയ ഇബ്രാഹിം റെയ്‌സിയുടെ മരണം ഇന്ത്യക്ക് നയതന്ത്ര ലോകത്തും വലിയ തിരിച്ചടിയാണ്.

Story Highlights : India Iran ties in Ebrahim Raisi years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here