Advertisement

64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

May 21, 2024
Google News 1 minute Read

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയുമായി മലയാളത്തിന്റെ ഹൃദയത്തിൽ ചേക്കേറിയ പ്രതിഭ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം.

തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു.സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ. വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ ചെയ്ത രണ്ടായിരങ്ങൾ.. പിന്നീടുള്ള പരീക്ഷണ കാലം. നിശബ്‌ദാഭിനയം കൊണ്ട് പോലും ഹൃദയം കവർന്ന കഥാപാത്രങ്ങൾ..

തുടർ പരാജയങ്ങൾ കൊണ്ട് മുറിവേൽപ്പിക്കാൻ പറ്റാത്ത ആത്മവീര്യമുള്ള മോഹൻ ലാൽ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ നേടിയത് 2010 നു ശേഷമായിരുന്നു. സങ്കീർണ്ണമായ ഭാവപ്രകടനങ്ങൾ പോലും അനായാസേന ആ മുഖത്ത് മിന്നി മറഞ്ഞു. ദൃശ്യവും പുലിമുരുഗനുമെല്ലാം അതിനുദാഹരണങ്ങൾ.

കലയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയുടെ തിരക്കുകൾക്കിടയിലും നാടകത്തിലെത്താനും മോഹൻലാലിനെ പ്രേരിപ്പിച്ചു.ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.

ഓരോ തവണ പരാജയ ചിത്രങ്ങളുണ്ടാകുമോഴും സ്വയം സ്ഫുടം ചെയ്തെടുത്ത് നവ ഭാവത്തിൽ നമ്മെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

Story Highlights : Actor Mohanlal turns 64

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here