മാധ്യമപ്രവര്‍ത്തകന് നേരെ വനംവകുപ്പിന്റെ പ്രതികാര നടപടി; വ്യാജപരാതിയില്‍ ട്വന്റിഫോര്‍ പ്രാദേശിക ലേഖകനെ അറസ്റ്റുചെയ്തു

മാധ്യമപ്രവര്‍ത്തകന് നേരെ പ്രതികാര നടപടിയുമായി പൊലീസ്. വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു അറസ്റ്റ്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വനമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന്‍ ലാല്‍. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.
പന്നി കിടക്കുന്നത് വനഭൂമിയില്‍ ആണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥര്‍ റൂബിന്‍ ലാലിന്റെ ഫോണ്‍ തട്ടിമാറ്റുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ ജാക്‌സന്റെ നേതൃത്വത്തില്‍ ആയിരുന്നു അതിക്രമം. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച വനമന്ത്രി എ കെ ശശീന്ദ്രന്‍ സിസിഎഫിന് അന്വേഷണ ചുമതലയും നല്‍കി. ഇതിനുപിന്നാലെ മന്ത്രിയുടെ അന്വേഷണം അട്ടിമറിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിരപ്പിള്ളി പൊലീസിനെ സമീപിച്ചു.
Read Also: കെഎസ്‌യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയെന്ന് പഴിച്ച് അന്വേഷണ റിപ്പോര്‍ട്ട്
കൃത്യനിര്‍വാഹണം തടസ്സപ്പെടുത്തിയെന്നും ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം റൂബിന്‍ ലാലിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് വ്യാജ പരാതിയിലെ ആവശ്യം. മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട മണിക്കൂറുകള്‍ക്ക് ശേഷം 12 മണിക്ക് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് പരാതി നല്‍കിയതും രാത്രിയോടെ അറസ്റ്റുണ്ടായതും. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നത് ഉള്‍പ്പെടെ വനം വകുപ്പിന്റെ വീഴ്ചകള്‍ റൂബിന്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായി നേരത്തെയും റൂബിന്‍ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞിരുന്നു.
Story Highlights : Twentyfour local correspondent arrested on fake complaint by forest officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here